Latest NewsNewsGulf

പ്രവാസികള്‍ക്ക് ആശ്വാസമായി ജി.എസ്.ടി കൗണ്‍സില്‍ തീരുമാനം

റിയാദ്: ചരക്കു സേവന നികുതി നടപ്പിലാക്കിയതോടെ ദുരിതത്തിലായ ഗള്‍ഫ് കാര്‍ഗോ മേഖലക്ക് ആശ്വാസമായി കേന്ദ്ര ജി.എസ്.ടി കൗണ്‍സിലിന്റെ പുതിയ തീരുമാനം. വിദേശത്തുനിന്ന് സമ്മാനമായി അയക്കുന്ന 5,000 രൂപ വരെയുള്ള സാധനങ്ങള്‍ക്ക് നികുതി നല്‍കേണ്ടതില്ല എന്ന ജി.എസ്.ടി കൗണ്‍സില്‍ തീരുമാനമാണ് നൂറുകണക്കിന് പ്രവാസികള്‍ക്കും കാര്‍ഗോ സ്ഥാപനങ്ങള്‍ക്കും തുണയായത്.

കേന്ദ്ര ജി.എസ്.ടി കൗണ്‍സിലിന്റെ പുതിയ തീരുമാനം വന്നതോടെ വര്‍ധിപ്പിച്ച കാര്‍ഗോ നിരക്ക് ഏജന്‍സികള്‍ കുറച്ചു. 20,000 രൂപയുടെ സാധനങ്ങള്‍ നികുതിയൊന്നുമില്ലാതെ നാട്ടിലേക്കയച്ചിരുന്നത് യാതൊരു മുന്നറിയിപ്പുമില്ലാതെ ജൂണില്‍ റദ്ദാക്കിക്കിയിരുന്നു. ഇതുകാരണം നാട്ടിലേക്കയച്ച ടണ്‍കണക്കിന് കാര്‍ഗോ ഉരുപ്പടികളാണ് വിവിധ വിമാനത്താവളങ്ങളില്‍ കെട്ടിക്കിടന്നത്. പിന്നീട് കാര്‍ഗോ കമ്പനികളുടെ കൂട്ടായ്മ നികുതി അടച്ചാണ് ക്ലിയറന്‍സ് സംഘടിപ്പിച്ചത്.
നികുതി അടക്കേണ്ടി വരുന്നതിനാല്‍ പാര്‍സല്‍ ചാര്‍ജ് പിന്നീട് ഏജന്‍സികള്‍ വര്‍ധിപ്പിച്ചു. കിലോക്ക് 11 ദിര്‍ഹം ഈടാക്കിയിരുന്ന സ്ഥാനത്ത് നികുതി കൂടി കണക്കാക്കി 17 ദിര്‍ഹം ചുമത്തി. ഈ തുക വീണ്ടും പഴയപടിയായി കുറച്ചതോടെ സാധാരണകാരായ പ്രവാസികള്‍ക്ക് ഏറെ ആശ്വാസമായി. ഇതോടെ കാര്‍ഗോവഴിയുള്ള ഇടപാടുകള്‍ വീണ്ടും സജീവമായതായി അധികൃതര്‍ അറിയിച്ചു.

നിരക്ക് വര്‍ധിച്ചതോടെ കാര്‍ഗോ മേഖലയില്‍ നേരത്തെ നിരവധിപേര്‍ക്ക് തൊഴില്‍ നഷ്ടമായിരുന്നു. ഇന്ത്യയിലും വിദേശത്തുമായി രണ്ടുലക്ഷത്തോളം പേര്‍ ഈ രംഗത്ത് ജോലി ചെയ്യുന്നുണ്ട്. ഇവരില്‍ 90 ശതമാനവും മലയാളികളാണ്. വിമാനത്തില്‍ യാത്രക്കാരന് സാധാരണ ഗതിയില്‍ 30 കിലോ ബാഗേജ് മാത്രമേ കൊണ്ടുപോകാനാകൂ എന്നതിനാല്‍ പ്രവാസികളിലേറെയും നാട്ടിലേക്കുള്ള പലസാധനങ്ങളും കാര്‍ഗോ വഴിയാണ് അയക്കുന്നത്

 

shortlink

Related Articles

Post Your Comments

Related Articles


Back to top button