വയനാട്: വീടുകളില്‍ ചോരക്കറ വയനാട് നടവയല്‍ ചിറ്റാലൂര്‍ക്കുന്ന് പ്രദേശത്തെ ജനങ്ങള്‍ ഭീതിയില്‍. സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു . പൊലീസ് അന്വേഷണം തുടങ്ങി. നടവയല്‍ ചിറ്റാലൂര്‍ക്കുന്നിലെ ചില വീടുകളില്‍ രക്തക്കറ കണ്ടെത്തിയതാണ് ജനങ്ങളില്‍ ഭീതിയുണര്‍ത്തുന്നത്. കഴിഞ്ഞ ആഴ്ച്ച ചിറ്റാലൂര്‍ക്കുന്നിലെ ഒരു വീടിന്റെ തിണ്ണയിലും, മുറ്റത്തും, തൊഴുത്തിലും രക്ത തുള്ളികള്‍ കണ്ടെത്തിയിരുന്നു.
ഈ സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കുന്നതിനിടയിലാണ് ഇന്നലെ ആള്‍പാര്‍പ്പില്ലാത്ത മറ്റൊരു വീട്ടിലും രക്തം തളം കെട്ടിയ നിലയില്‍ കണ്ടെത്തിയത്. ഈ വീടിന്റെ ജനല്‍ചില്ലുകളും തകര്‍ത്തിട്ടുണ്ട്. സംഭവത്തില്‍ ദുരൂഹതകള്‍ ഉണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. മനുഷ്യ രക്തമോ, മൃഗങ്ങളുടെ രക്തമാണോ എന്ന സംശയമാണ് നാട്ടുകാര്‍ക്ക് ഉള്ളത്.
വീടിന്റെ ഭിത്തിയിലും, തിണ്ണയിലും, വലിയ തോതിലാണ് രക്തം കണ്ടെത്തിയിരിക്കുന്നത്. കണ്ടെത്തിയ രക്തം രാസ പരിശോധനയ്ക്ക് അയക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ജനങ്ങളില്‍ ഭീതി ജനിപ്പിക്കുന്ന രീതിയില്‍ ചില സംഘങ്ങള്‍ രാത്രി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതായും ലഹരിമരുന്ന് വില്‍പനക്കാരുടെ തന്ത്രങ്ങള്‍ ആവാം എന്ന സംശയവും ജനങ്ങള്‍ക്കുണ്ട്. വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പനമരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments