വഡോദര: വികസന വിരുദ്ധരായ സംസ്ഥാനങ്ങള്‍ക്ക് ഇനി മുതല്‍ കേന്ദ്രസഹായമായി ഒന്നും നല്‍കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസനകാര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന സംസ്ഥാനങ്ങള്‍ക്ക് തന്റെ സര്‍ക്കാര്‍ എല്ലാ വിധ സഹായവും നല്‍കാന്‍ തയ്യാറാണ്. അതേ സമയം വികസനത്തിന് എതിര് നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം സഹായം ചെയ്യില്ലെന്നും മോദി പറഞ്ഞു.
പൊതുപണം വികസനത്തിന് മാത്രമേ വിനിയോഗിക്കാവൂ എന്നാണ് സര്‍ക്കാരിന്റെ വിശ്വാസം. രാജ്യത്തിന്റെ സാമ്പത്തികരംഗം ശരിയായ പാതയിലാണ് മുന്നേറുന്നത്. സാമ്പത്തിക അടിത്തറ ശക്തവുമാണെന്നും മോദി പറഞ്ഞു. ഗുജറാത്ത് സന്ദര്‍ശനത്തിന്റെ ഭാഗമായി വഡോദരയില്‍ വിവിധ വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തുടക്കം കുറിച്ചു. എന്തുവന്നാലും സാമ്പത്തിക പരിഷ്‌കാരങ്ങള്‍ തുടരുമെന്ന പ്രഖ്യാപനവും അദ്ദേഹം നടത്തി. ഭാവ്‌നഗറിലെ ഗോഗയ്ക്കും ബറൂച്ചിലെ ദഹേജിനുമിടയിലുള്ള റോ റോ ഫെറി സര്‍വീസ് അദ്ദേഹം ഉദ്ഘാടനം ചെയ്തു.
615 കോടി രൂപ ചിലവില്‍ നിര്‍മ്മിച്ച പദ്ധതി ദക്ഷിണേഷ്യയിലെത്തന്നെ ഏറ്റവും വലിയ കടത്തു സര്‍വീസാണ്. ഗോഗയില്‍നിന്നു ദഹേജിലേക്കുള്ള റോഡ് ദൂരം 360 കിലോമീറ്ററാണ്. യാത്രയ്ക്കു ഏഴു മുതല്‍ എട്ടുവരെ മണിക്കൂര്‍ വേണം. റോ റോ യാഥാര്‍ഥ്യമാകുന്നതോടെ കടലിലൂടെ ദൂരം 30 കിലോമീറ്ററായി കുറയും. യാത്രാസമയം ഒരു മണിക്കൂറാകുകയും ചെയ്യും. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ശരിയായ പാതയിലാണെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല അതിന്റെ അടിത്തറ ശക്തമാണെന്നും കൂട്ടിച്ചേര്‍ത്തു.
Post Your Comments