യു.എ.ഇ. മന്ത്രിസഭയില്‍ സുപ്രധാന അഴിച്ചുപണി. മന്ത്രിസഭ പുനഃസംഘടിപ്പിക്കാന്‍ ചുക്കാന്‍ പിടിച്ചത് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ്. പുനഃസംഘടനയ്ക്കു ശേഷം ഇക്കാര്യം അറിയിച്ചതും ശൈഖ് മുഹമ്മദായിരുന്നു.
യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍, അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേനയുടെ ഉപസര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവരുമായി നടത്തിയ സുപ്രധാന ചര്‍ച്ചകള്‍ക്കു ശേഷമായിരുന്നു മന്ത്രിസഭ പുനഃസംഘടന നടത്തിയത്. വിവരം സാമൂഹിക മാധ്യമത്തിലൂടെയാണ് ശൈഖ് മുഹമ്മദ് അറിയിച്ചത്. യുവത്വത്തിനു പ്രധാന്യം നല്‍കിയാണ് മന്ത്രിസഭ പുനഃസംഘടന.
പുതിയ വകുപ്പായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (കൃത്രിമ ബുദ്ധി) രൂപീകരിച്ചു. ഇതിന്റെ ചുമതല ഒമര്‍ ബിന്‍ സുല്‍ത്താന്‍ അല്‍ ഒലാമയെ ഏല്‍പ്പിച്ചു. 27 കാരനാണ് പുതിയ മന്ത്രിയായ ഒമര്‍. ശാസ്ത്ര ലോകത്തിനു മുന്നില്‍ യുഎഇയുടെ ശക്തി വര്‍ധിപ്പിക്കാനാണ് ഈ തീരുമാനം. ഇതിനു പുറമെ നൂതന ശാസ്ത്രം വകുപ്പും രൂപീകരിച്ചിട്ടുണ്ട്. സാറ അല്‍ അമീറ എന്ന 30 കാരി ഇതിനു നേതൃത്വം നല്‍കും. മറിയം അല്‍ മെഹിരിയാണ് പുതിയ ഭക്ഷ്യസുരക്ഷാ മന്ത്രി. പുതിയ വകുപ്പായി ‘അഡ്വാന്‍സ്ഡ് സ്‌കില്‍സ്’ രൂപീകരിക്കുകയും ഇതിന്റെ ചുമതല ഉന്നതവിദ്യാഭ്യാസമന്ത്രി അഹമ്മദ് അബ്ദുല്ല ഹുമൈദ് ബെല്‍ ഹോള്‍ അല്‍ ഫലസിയെ ഏല്‍പ്പിക്കുകയും ചെയ്തു.
ഹെസ്സ ബിന്‍ത് ഈസ ബു ഹുമൈദി (സാമൂഹിക വികസന മന്ത്രി), നാസ്സര്‍ ബിന്‍ താനി അല്‍ ഹമേലി (മനുഷ്യ വിഭവശേഷി-സ്വദേശിവത്കരണ മന്ത്രി), ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍( സഹിഷ്ണുതാ വകുപ്പ് മന്ത്രി) , നൂറ അല്‍ കഅബി(സാംസ്‌കാരിക-വൈജ്ഞാനിക വികസന മന്ത്രി) എന്നിവരാണ് മറ്റു പുതിയ മന്ത്രിമാര്‍.
സുദീര്‍ഘമായ കാലം യുഎഇയെ നയിക്കുകയും ഇപ്പോള്‍ മന്ത്രിസഭയില്‍നിന്ന് പുറത്തേക്കു പോകുകയും ചെയുന്ന മന്ത്രിമാര്‍ക്ക് ശൈഖ് മുഹമ്മദ് നന്ദി അറിയിച്ചു.
Post Your Comments