കൊച്ചി: പിഞ്ചുകുഞ്ഞുമായി പോയ ആംബുലന്‍സിന് വഴിതടസം സൃഷ്ടിച്ച് കിലോമീറ്ററുകളോളം കാര്‍ ഓടിച്ചയാളെ അറസ്റ്റ് ചെയ്തു. വാഹനം ഓടിച്ച നിര്‍മല്‍ ജോസ് ആണ് പോലീസ് പിടിയിലായത്. നിര്‍മല്‍ ജോസ് ഓടിച്ച കെ.എല്‍.-17എല്‍, 202 എന്ന നമ്പറിലുള്ള കാറ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വാഹനം കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് വ്യക്തമാക്കി. കാറിന്റെ ഉടമയ്ക്കെതിരെ നടപടിയെടുക്കുമെന്ന് മോട്ടോര്‍വാഹന വകുപ്പ് അറിയിച്ചു.
ശ്വാസ തടസ്സം മൂലം അപകടത്തിലായ നവജാതശിശുവുമായി പെരുമ്പാവൂർ താലൂക്ക് ആശുപത്രിയില്‍നിന്ന് കളമശേരി മെഡിക്കല്‍ കോളജിലേക്കു പോകവെയാണ് ആംബുലന്‍സിന് വഴിമാറാതെ കാര്‍ തടസ്സം സൃഷ്ടിച്ചത്. ചൊവ്വാഴ്ച വൈകിട്ട് നടന്ന സംഭവത്തെക്കുറിച്ച് ആംബുലന്‍സ് ഡ്രൈവര്‍ മധു അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. കാര്‍ ആംബുലന്‍സ് തടസ്സപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
പെരുമ്പാവൂർ നിന്ന് വരുന്ന വഴി ആലുവ ജിടിഎന്‍ ജങ്ഷനില്‍ വച്ചാണ് എസ്.യു.വി. കാര്‍ ആംബുലന്‍സിന് മുന്നില്‍ കയറിയത്. പിന്നീട് ഹസാര്‍ഡ് ലൈറ്റ് മിന്നിച്ച് വാഹനം വഴി കൊടുക്കാതെ ഓടിക്കുകയായിരുന്നു. ആംബുലന്‍സിന് കടന്നുപോകാനുള്ള സൗകര്യം ഉണ്ടായിട്ടും പലയിടങ്ങളിലും കാര്‍ ഡ്രൈവര്‍ ഒതുക്കിത്തന്നില്ലെന്നും ഇതുമൂലം ആംബുലന്‍സിന് മെഡിക്കല്‍ കോളേജില്‍ എത്താന്‍ 15 മിനിറ്റ് അധികം വേണ്ടിവന്നും എന്നും മധു വ്യക്തമാക്കി.
Post Your Comments