ന്യൂഡല്‍ഹി: പാകിസ്ഥാൻ സ്വദേശികൾക്ക് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്‍റെ വക ദീപാവലി സമ്മാനം ഒരുങ്ങി. മെഡിക്കല്‍ വിസയ്ക്ക് അപേക്ഷ നല്‍കി കാത്തിരിക്കുന്നരിൽ അര്‍ഹരായവര്‍ക്കെല്ലാം മെഡിക്കല്‍ വിസ ഉടന്‍ അനുവദിക്കുമെന്ന് ട്വിറ്ററിലൂടെ സുഷമാ അറിയിച്ചു.പാകിസ്ഥാനി സ്വദേശികള്‍ക്കായിരിക്കും ഇതിന്‍റെ ഗുണം കൂടുതല്‍ ലഭിക്കുകയെന്നും സുഷമാ പറഞ്ഞു.
പാകിസ്ഥാനി സ്വദേശിനിയായ അമ്ന ഷമീന്‍റെ അപേക്ഷയാണ് ഇതില്‍ ഏറ്റവും ഒടുവില്‍ പരിഗണിച്ചത്. ഡല്‍ഹിയിലെ ആശുപത്രിയില്‍ കഴിയുന്ന തന്‍റെ അച്ഛനെ കാണാന്‍ അനുവദിക്കണമന്ന് കാണിച്ച് അമ്ന നല്‍കിയ അപേക്ഷയില്‍ അനുകൂലമായ നിലപാടാണ് സുഷമാ സ്വീകരിച്ചത്. പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ സമീപിക്കൂവെന്നും, അവര്‍ നിങ്ങളെ സഹായിക്കുമെന്നുമായിരുന്നു യുവതിക്ക് സുഷമയുടെ നിര്‍ദ്ദേശം.
മകന്‍റെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ഇന്ത്യയില്‍ വരാന്‍ മെഡിക്കല്‍ വിസ അനുവദിക്കണമെന്ന പാകിസ്ഥാന്‍ സ്വദേശി കാഷിഫിന്‍റെ അപേക്ഷയിലും അനുകൂല നിലപാടാണ് സ്വീകരിച്ചതെന്ന് സുഷമയുടെ ഓഫീസ് അറിയിച്ചു.
Post Your Comments