Latest NewsCinemaMollywoodKollywood

ഈ അഭിനയ ചാരുത മറഞ്ഞിട്ട് പതിനൊന്നു വർഷങ്ങൾ

അഭിനയമികവുകൊണ്ട് സിനിമാചരിത്രത്തിൽ തന്റെ പേരെഴുതി ചേർത്ത നടിയാണ് ശ്രീവിദ്യ.മലയാളത്തിന് എന്നും പ്രിയപ്പെട്ട നടിയായിരുന്നു വിദ്യാമ്മ.വിദ്യാമ്മയെ സിനിമാലോകത്തിനു നഷ്ടപ്പെട്ടിട്ട് പതിനൊന്നു വർഷങ്ങളായിരിക്കുന്നു എന്നത് ഒരു ഞെട്ടലാണ്.അത്രത്തോളം മലയാളികൾക്ക് പ്രിയപ്പെട്ട മുഖമായിരുന്നു വിദ്യാമ്മയുടേത്.

1953 ജൂലായ് 24നാണ് ശ്രീവിദ്യ ജനിച്ചത്.തമിഴിലെ ഹാസ്യ നടന്‍ കൃഷ്ണമൂര്‍ത്തിയുടെയും പ്രസിദ്ധ സംഗീതജ്ഞ എം.എല്‍.വസന്തകുമാരിയുടെയും മകളായിരുന്നു ശ്രീവിദ്യ.ജന്മം കൊണ്ട് തമിഴ്നാട്ടുകാരിയാണെങ്കിലും കേരളമായിരുന്നു അവർക്കെല്ലാം.

ചെറുപ്പം മുതൽക്കേ സംഗീതത്തിന്റെയും നൃത്തത്തിന്റെയും ലോകത്ത് വളർന്ന ശ്രീവിദ്യ 13-ആം വയസ്സില്‍ ‘തിരുവുള്‍ ചൊല്‍വര്‍’‍ എന്ന തമിഴ് സിനിമയിലെ ചെറിയ ഒരു റോളിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്. മനോഹരമായ കണ്ണുകളുള്ള ഈ പെണ്‍കുട്ടി പെട്ടെന്നു ശ്രദ്ധിക്കപ്പെട്ടു.1969-ല്‍ എന്‍. ശങ്കരന്‍ നായര്‍ സംവിധാനം ചെയ്ത “ചട്ടമ്പിക്കവല”എന്ന ചിത്രത്തില്‍ ആദ്യമായി സത്യന്റെ നായികയായി ശ്രീവിദ്യ മലയാള സിനിമയുടെ മുഖ്യധാരയിലെത്തി. കുസൃതിനിറഞ്ഞ നോട്ടവും നിഷ്കളങ്കമായ ചിരിയുമുള്ള ശ്രീവിദ്യ മലയാളിയുടെ മനസ്സില്‍ ഈ ഒരു ചിത്രത്തിലൂടെ നടന്നുകയറി.

പ്രശസ്തപുണ്യപുരാണചിത്രമായ ‘അംബ അംബിക അംബാലികയിലെ’ വേഷവും ശ്രദ്ധേയമായി.’റൌഡി രാജമ്മ’, ‘ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച’, ‘പഞ്ചവടിപ്പാലം’ തുടങ്ങിയ ചിത്രങ്ങളിലൂടെ സിനിമയില്‍ പുതിയ ഒരു ഭാഷ രചിക്കുകയായിരുന്നു ശ്രീവിദ്യ എന്ന നടി.’സൊല്ലത്താന്‍ നിനക്കിറേന്‍’, ‘അപൂര്‍വരാഗങ്ങള്‍’ എന്നീ ചിത്രങ്ങളിലൂടെ തമിഴകത്തും അവര്‍ വ്യക്തിമുദ്ര പതിപ്പിച്ചു. ‘ചെണ്ട’, ‘ഉത്സവം’, ‘തീക്കനല്‍’, ‘ഇടവഴിയിലെ മിണ്ടാപ്പൂച്ച’, ‘വേനലില്‍ ഒരു മഴ’, ‘ആദാമിന്റെ വാരിയെല്ല്’, ‘എന്റെ സൂര്യപുത്രിക്ക്’ എന്നിവ ശ്രദ്ധേയമായ ചിത്രങ്ങളില്‍ ചിലത് മാത്രം. മലയാളം,കന്നട, തമിഴ്, ഹിന്ദി എന്നിവ ഉള്‍പ്പെടെ ആറോളം ഭാഷകളിലെ ചിത്രങ്ങളില്‍ ശ്രീവിദ്യ അഭിനയിച്ചിട്ടുണ്ട്.മലയാളത്തിൽ മാത്രമായി 213 ചിത്രങ്ങളിൽ അവർ അഭിനയിച്ചു.

‘അയലത്തെ സുന്ദരി’ എന്ന ചിത്രത്തിലൂടെ ചലച്ചിത്രപിന്നണിഗായികയായി അരങ്ങേറ്റം കുറിച്ച വിദ്യാമ്മ പിന്നീട് ‘ഒരു പൈങ്കിളിക്കഥയിലെ’ “ആനകൊടുത്താലും കിളിയേ” എന്ന ഗാനവും പാടി അവിസ്മരണീയമാക്കി.മലയാളത്തിന്റെ വെള്ളിത്തിരയിലേക്കു പ്രവേശിച്ചതിന്റെ പത്താമത്തെയും പതിനാലാമത്തെയും ഇരുപത്തിമൂന്നത്തെയും വാര്‍ഷികങ്ങള്‍ സംസ്ഥാന അവാര്‍ഡ് നേടിയാണ് ശ്രീവിദ്യ ആഘോഷിച്ചത്. 1979-ല്‍ ‘ഇടവഴിയിലെ മിണ്ടാപ്പൂച്ച’, ‘ജീവിതം ഒരു ഗാനം’ എന്നീ ചിത്രങ്ങള്‍ക്ക് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. 1983-ല്‍ ‘രചന’, 1992-ല്‍ ദൈവത്തിന്റെ വികൃതികള്‍ എന്നീ ചിത്രങ്ങള്‍ക്ക് വീണ്ടും സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം ലഭിച്ചു.

പിന്നീട് മിനി സ്ക്രീനിലേക്ക് ചേക്കേറിയ ശ്രീവിദ്യ സീരിയല്‍ രംഗത്തും സജീവമായിരുന്നു. 2004-ലെ ‘അവിചാരിതം’ എന്ന പരമ്ബരയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ടി വി അവാര്‍ഡ് ശ്രീവിദ്യക്കു ലഭിച്ചു. കാന്‍സര്‍ ബാധിച്ച്‌ ശ്രീവിദ്യ 2006 ഒക്ടോബര്‍ 19 നാണു സിനിമാലോകത്തോട് വിടപറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button