തിരുവനന്തപുരം : ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്ന ആന്റിബയോട്ടിക്കുകളുടെ ഉപയോഗം കുറക്കാന്‍ കര്‍മപദ്ധതിയ്ക്ക് സര്‍ക്കാര്‍ തുടക്കമിടുന്നു. നിസ്സാര രോഗങ്ങള്‍ക്കുപോലും ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുന്നുണ്ട്. പല ബാക്ടീരിയകളും ഇപ്പോള്‍ മരുന്നുകളോട് പ്രതികരിക്കുന്നില്ല. ചിലത് മരുന്നുകളെ അതിജീവിച്ചു. ബാക്ടീരിയയുടെ ചെറുത്തുനില്പ് ഈ രീതിയില്‍ തുടര്‍ന്നാല്‍ 2050-ഓടെ ഒരുകോടി ആളുകള്‍ക്കെങ്കിലും അക്കാരണത്താല്‍ ജീവന്‍ നഷ്ടമാവുമെന്നാണ് ലോകാരോഗ്യ സംഘടന വിലയിരുത്തുന്നത്.
ഇതിനായി ലോകാരോഗ്യ സംഘടനയുടെ ആഹ്വാനപ്രകാരം ആരോഗ്യം, മൃഗസംരക്ഷണം, ക്ഷീര വികസനം, മത്സ്യകൃഷി തുടങ്ങിയ വകുപ്പുകള്‍ ചേര്‍ന്നാണ് പദ്ധതിക്കുള്ള രൂപരേഖ തയ്യാറാക്കുന്നത്. രക്തം, ശ്വാസകോശം, ത്വക്ക്, മൂത്രാശയം തുടങ്ങിയവയെ ബാധിക്കുന്ന ചില ബാക്ടീരിയകള്‍ മരുന്നുകളെ അതിജീവിക്കുന്നതായി സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. വളര്‍ത്തുമൃഗങ്ങള്‍ക്കും മീനിനും മറ്റും അമിതമായി ആന്റിബയോട്ടിക്കുകള്‍ നല്കുന്നതിനാല്‍ ഇറച്ചി, മീന്‍, പാല്‍ തുടങ്ങിയവയിലൂടെ ആന്റിബയോട്ടിക് അംശം മനുഷ്യരിലെത്തുന്നു.
ഈ സാഹചര്യത്തിലാണ് ദേശീയ രോഗനിയന്ത്രണകേന്ദ്രത്തിന്റെ (എന്‍.സി.ഡി.സി.) സഹകരണത്തോടെ കര്‍മപദ്ധതി തയ്യാറാക്കുന്നത്. ഇത്തരത്തില്‍ കര്‍മപരിപാടി ഒരുക്കുന്ന ആദ്യസംസ്ഥാനമാണ് കേരളമെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ആവശ്യമില്ലാതെ ആന്റിബയോട്ടിക്കുകള്‍ കുറിച്ചുനല്കുന്നത് ഒഴിവാക്കാന്‍ ഡോക്ടര്‍മാര്‍ക്ക് പരിശീലനം നല്കും. കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റിക്കും രൂപം നല്കും. ഇതിനുമുന്നോടിയായുള്ള ശില്പശാലകള്‍ക്കും സംസ്ഥാനത്ത് തുടക്കംകുറിച്ചു.
ആരോഗ്യ, ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗങ്ങള്‍ക്കൊപ്പം മറ്റു വകുപ്പുകളെയും ഒന്നിപ്പിക്കുന്ന വണ്‍ ഹെല്‍ത്ത് എന്ന സമീപനം സര്‍ക്കാര്‍ സ്വീകരിക്കുന്നത് ഇതിനാലാണെന്ന് ആരോഗ്യസെക്രട്ടറി രാജീവ് സദാനന്ദന്‍ പറഞ്ഞു. ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്കായി രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ സഹകരണവും തേടും. ജനങ്ങളെ ബോധവത്കരിക്കും. എല്ലാ വര്‍ഷവും നവംബര്‍ 13 മുതല്‍ 19 വരെ ആന്റിബയോട്ടിക് അവബോധ ആഴ്ച സംഘടിപ്പിക്കുമെന്നും മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.
Post Your Comments