Latest NewsNewsIndia

ജീവന്‍ പോകുമെന്നറിഞ്ഞിട്ടും ഐ.എസിലേയ്ക്ക് എന്ത് കൊണ്ട് യുവാക്കള്‍ ആകൃഷ്ടരാകുന്നു എന്നത് സംബന്ധിച്ച് എന്‍.ഐ.എയ്ക്ക് വ്യക്തമായ ഉത്തരം

 

മലപ്പുറം : ജീവന്‍ പോകുമെന്നറിഞ്ഞിട്ടു തന്നെയാണ് ഭീകരസംഘടനയായ ഐ.എസിലേയ്ക്ക് യുവാക്കള്‍ ചേക്കേറുന്നത്. ഇത് സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരമാണ് എന്‍.ഐ.എയ്ക്ക് ലഭിച്ചത്. ഐ.എസില്‍ ചേരുന്ന ഭൂരിപക്ഷത്തിനും ഖുര്‍ആനെ കുറിച്ച് കാര്യമായ വിവരമില്ലെന്ന് എന്‍.ഐ.എയുടെ റിപ്പോര്‍ട്ട്. അതേസമയം ഇത്തരക്കാര്‍ മുസ്ലിംകളുടെ വിശുദ്ധ ഗ്രന്ഥമായ ഖുര്‍ ആനും മുഹമ്മദ് നബിയുടെ വചനങ്ങളും (ഹദീസ്) ദുര്‍വ്യാഖ്യാനം ചെയ്യുന്നവരാണെന്നും എന്‍ഐഎ പറയുന്നു.

ഐ.എസുമായി ബന്ധമുള്ള മലയാളികളില്‍ ഭൂരിപക്ഷം പേരും കാര്യമായ മതപഠനം നടത്താത്തവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഖുര്‍ആനിലെ മൂന്ന് അധ്യായങ്ങളിലെ മൂന്ന് സൂക്തങ്ങളാണു പ്രധാനമായും ഇത്തരത്തില്‍ ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുന്നത്. നാലാം അധ്യായമായ നിസാഇലെ 77-ാം സൂക്തം, 60-ാം അധ്യായമായ മുംമ്തഹനയിലെ നാലാം സൂക്തം, ഒന്‍പതാം അധ്യായമായ തൗബയിലെ 36-ാം സൂക്തം എന്നിവയാണ് കൂടുതലയും ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുന്നത്.

അവിശ്വാസികളെ കൊലപ്പെടുത്തണമെന്നു പറയുന്നതാണ് മുംമ്തഹനയിലെ നാലാം സൂക്തമെന്നുവരെ ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുന്നുണ്ട്. എന്നാല്‍, ഇത് യുദ്ധത്തോട് ഉപമിക്കുന്ന സൂക്തങ്ങളിലെ യുദ്ധക്കളത്തിലെ വിഷയവുമായി താരതമ്യപ്പെടുത്തുന്നതാണെന്ന് മതപണ്ഡിതര്‍ വ്യക്തമാക്കുന്നു. മറ്റുമതസ്ഥരോട് സൗഹാര്‍ദപരമായിഇടപെടണമെന്നുപറയുന്ന സൂക്തങ്ങള്‍ ഇതിന് ഉദാഹരണമായി മതപണ്ഡിതര്‍ ചൂണ്ടിക്കാട്ടുന്നു.

”മരണപ്പെട്ടുകഴിഞ്ഞ താങ്കള്‍ എന്തുകൊണ്ടാണ് അവിശ്വാസികള്‍ക്കിടയില്‍ ജീവിച്ചതെന്നു െദെവദൂതന്‍ ചോദിക്കും, താന്‍അടിച്ചൊതുക്കപ്പെട്ടവരുടെ കൂട്ടത്തിലായിരുന്നുവെന്നാകും താങ്കള്‍ മറുപടി നല്‍കുക, അപ്പോള്‍ െദെവദൂതന്‍ താങ്കളോട് ചോദിക്കും െദെവത്തിന്റെ ഭൂമി വിശാലമായിരുന്നില്ലേ, നിങ്ങള്‍ക്ക് സ്വദേശംവിട്ടു പോകാമായിരുന്നല്ലോ, ഇത്തരക്കാരക്കാരുടെ വാസസ്ഥലം നരകമാണെന്നും െദെവദൂതന്‍ പറയു”മെന്നും വ്യക്തമാക്കുന്നതാണ് നിസാഇലെ 77-ാം സൂക്തം. ഇവയൊക്കെ തരം പോലെ ദുര്‍വ്യാഖ്യാനം ചെയ്താണ് ഐ.എസ്. അനുകൂല പ്രചരണം നടക്കുന്നത്.

ഇതിനുപുറമെ ഒമ്പതാം അധ്യായമായ തൗബയിലെ സൂക്തങ്ങളും ദുര്‍വ്യാഖ്യാനം ചെയ്യുന്നതായി കേരളത്തിലെ പ്രമുഖ സുന്നി പണ്ഡിതരും വ്യക്തമാക്കുന്നു. ഖുര്‍ആന്‍ ഒരിക്കലും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഖുര്‍ആനിനെ ദുര്‍വ്യാഖ്യാനം ചെയ്താണ് ഐ.എസിന് അനുകൂല പ്രചരണം നടത്തുന്നതെന്നും മത പണ്ഡിതര്‍ ചൂണ്ടിക്കാട്ടി. നിലവില്‍ ഐ.എസില്‍ ചേര്‍ന്നതായി എന്‍.ഐ.എ. സ്ഥിരീകരിച്ച മലയാളികളില്‍ എന്‍ജിനിയറും ഡോക്ടറും എം.ബി.എ. വിദ്യാര്‍ഥിയുമൊക്കെയുണ്ട്. ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ട വാക്കുകള്‍ വിശ്വസിച്ചാണ് ഇവരൊക്കെ ഐ.എസിന്റെ ആകര്‍ഷണവലയത്തിലായത്. ഇവര്‍ സ്വന്തമായോ, ഐ.എസ്. ആശയക്കാരുമായി ചേര്‍ന്നോ ഖുര്‍ആന്‍ വിവര്‍ത്തനം നടത്തി ദുര്‍വ്യാഖ്യാനം ചെയ്യുന്നു. ഐ.എസ്. ആശയക്കാരെ ചോദ്യം ചെയ്തതില്‍നിന്നും, ഐ.എസില്‍ ചേര്‍ന്നവര്‍ ബന്ധുക്കള്‍ക്ക് അയച്ച കത്തുകളും ഫോണ്‍കോളുകളും വിശകലനം ചെയ്തും ഇക്കാര്യങ്ങള്‍ എന്‍.ഐ.എ. സ്ഥിരീകരിച്ചു.

ഇതിനുപുറമെ ഗസ്വായേ ഹിന്ദ് എന്നപേരില്‍ ഇന്ത്യക്കാരോട് യുദ്ധംചെയ്യാന്‍ ആഹ്വാനംചെയ്യുന്ന ഹിസ്ബുല്‍ മുജാഹിദീന്‍ തീവ്രവാദ ഗ്രൂപ്പിന്റെ കമാന്‍ഡറായ സാക്കിര്‍മൂസയുടെ പ്രസംഗവും മലയാളികളെ ഐ.എസിലേക്ക് ആകര്‍ഷിപ്പിക്കാന്‍ കാരണമായതായും എന്‍.ഐ.എ. കരുതുന്നു. തിന്മയോട് പ്രതികരിക്കാനുള്ള നബിവചനം ഇന്ത്യക്കെതിരേ ദുര്‍വ്യാഖ്യാനം ചെയ്തുള്ള സാക്കിര്‍ മൂസയുടെ പ്രസംഗം സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. ഇന്ത്യക്കെതിരേ യുദ്ധം നടത്തണമെന്നും ഇതിനായി ഇന്ത്യയിലെ മുസ്ലിംകള്‍ അഫ്ഗാനിസ്ഥാനിലെത്തണമെന്നും അല്ലെങ്കില്‍ മറ്റ് ഇസ്ലാമിക രാജ്യങ്ങളിലേക്ക് കുടുംബത്തോടൊപ്പം പലായനം ചെയ്യണമെന്നുമാണ് ഇതില്‍ ആഹ്വാനം ചെയ്യുന്നത്.

ഇത്തരത്തിലുള്ള നിരവധി ആഹ്വാനങ്ങള്‍ വെബ്െസെറ്റുകള്‍ വഴിയും പ്രചരിപ്പിക്കുന്നുണ്ട്. ഇന്ത്യയില്‍ ജീവിച്ചാല്‍ സ്വര്‍ഗം ലഭിക്കില്ലെന്നും ഇസ്ലാമിക രാഷ്ട്രത്തിലേക്ക് പലായനം ചെയ്യണമെന്നും ഖുര്‍ആനിനേയും ഹദീസിനേയും വളച്ചൊടിച്ച് ഇത്തരക്കാര്‍ സ്ഥാപിക്കുകയാണ്. ഖുര്‍ആന്‍ സ്വയംപരിഭാഷപ്പെടുത്തി പഠനംനടത്തുന്നവര്‍ ഇത്തരം പ്രചാരണങ്ങളില്‍ വേഗത്തില്‍വീഴാന്‍ സാധ്യതയുണ്ടെന്നു കേരളത്തിലെ വിവിധ മുസ്ലിംമത സംഘടനകളും പറയുന്നുണ്ട്. മതസംഘടനകള്‍ക്കു കീഴിലുള്ള മദ്രസകളില്‍ മതപഠനം നടത്തിയവര്‍ ഇത്തരം ദുര്‍വ്യാഖ്യാനങ്ങളില്‍പെടാന്‍ സാധ്യയില്ലെന്നും പ്രമുഖ മുസ്ലിം മതപണ്ഡിതര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button