Latest NewsCinemaNews

മെര്‍സല്‍-സിനിമ റിവ്യൂ

റിലീസിന് മുമ്പേ തന്നെ ആരാധകര്‍ക്കിടയില്‍ തരംഗമായിക്കഴിഞ്ഞിരുന്ന മെര്‍സല്‍ ദീപാവലിക്ക് വെടിക്കെട്ടുമായി എത്തിയിരിക്കുന്നു. മെര്‍സല്‍ എന്നാല്‍ അത്ഭുതപ്പെടുത്തുക , വിസ്മയിപ്പിക്കുക എന്നൊക്കെയാണ് അര്‍ത്ഥം. ആരാധകര്‍ക്കിത് ‘മെര്‍സല്‍’ തന്നെ. കാരണം വിജയ്‌ ഇതില്‍ ഒന്നല്ല, രണ്ടല്ല, മൂന്നു ഭാവങ്ങളില്‍ ആണ് വരുന്നത്. ഓരോന്നും ഒന്നിനൊന്നു മെച്ചം !

മെര്‍സല്‍ പതിവ് വിജയ്‌ ചിത്രങ്ങളെ ഓര്‍മ്മപ്പെടുത്തുന്നു. ആരാധകരുടെ ഇഷ്ടങ്ങളും സ്നേഹവും ഞാന്‍ നിരുല്‍സാഹപ്പെടുത്തുകയില്ലെന്ന വിജയ്‌ എന്ന നടന്റെ വാക്ക് ഇവിടെയും പാലിക്കപ്പെടുന്നു എന്ന് വേണം കരുതാന്‍. പതിവ് ശൈലികളില്‍ നിന്ന് വ്യതിചലിക്കാതെ കൃത്യമായ രാഷ്ട്രീയവും മെസ്സേജും കലര്‍ത്തി പടം ഒരു മാസ് ആക്കാനും ഒരു ക്രൌഡ് പുള്ളര്‍ ആക്കാനുമുള്ള വിജയ്‌ മാജിക് തന്നെയാണ് മെര്‍സല്‍. ആന്റി ക്ലൈമാക്സുകളുടെ ഒരു നിര തന്നെയുണ്ട്‌ ഇതില്‍. എങ്കിലും സസപെന്‍സുകള്‍ നഷ്ടപ്പെടാതെ അതിനെ മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്‌ സംവിധായകന്‍ ആറ്റ് ലി.

റിവഞ്ചും ശക്തമായ മെസ്സേജുകളും ഓര്‍മ്മപ്പെടുത്തലുകളും പ്രേക്ഷകനിലേക്ക് നേരിട്ട് തന്നെ സംവദിക്കുന്നുണ്ട് സിനിമയില്‍. ഒരു പതിവ് വിജയ്‌ സൂപ്പര്‍ഹിറ്റ് സിനിമ എന്ന നിലക്ക് മാത്രം പറഞ്ഞവസാനിപ്പിക്കേണ്ടതല്ല ഈ ചിത്രം. വിജയ്‌ എന്ന അഭിനേതാവിന്റെ സ്ഥിരം ചേരുവകള്‍ അത്രയും തന്നെ ഉണ്ടെങ്കില്‍ പോലും മെര്‍സല്‍ ഹിറ്റ്‌ ആകുന്നത് അതുകൊണ്ട് മാത്രമല്ല.

മെഡിക്കല്‍ വിഭാഗത്തിലെ ക്രൂരതകളും അഴിമതിയും വിഷയമായുള്ള ഒരുപാട് ചിത്രങ്ങള്‍ നാം കണ്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ചിത്രം ഒരുക്കുമ്പോള്‍ ശ്രദ്ധ കൂടുതല്‍ വേണം. പ്രത്യേകിച്ച് വിജയ്‌ ചിത്രം ആകുമ്പോള്‍. പ്രതികാരം തീര്‍ക്കലിലൂടെ തുടങ്ങുന്ന സിനിമ ഭൂതകാലത്തേക്ക് സഞ്ചരിക്കുകയും ചില സന്ദേശങ്ങള്‍ തന്നു മടങ്ങിവരുകയും ചെയ്യുന്നു. ഇടവേളക്ക് മുമ്പ് നായകന്‍റെ ഇരട്ടവേഷം കാണികളില്‍ ആരവം ഉയര്‍ത്തുന്നുണ്ട്. പിന്നീട് തികച്ചും മാറ്റങ്ങളോടെ വേറെ ഒരു ലുക്കില്‍ വരുന്നുണ്ട് വിജയ്‌.

മെഡിക്കല്‍ രംഗത്തെ നീതിക്ക് നിരക്കാത്ത പ്രവര്‍ത്തികള്‍ തുറന്നു കാണിക്കുകയും അത് ശുദ്ധീകരിക്കാന്‍ ശ്രമിക്കുകയും അതിനൊപ്പം തന്നെ പ്രതികാരം നടത്തുകയും ചെയ്യുന്ന മെര്‍സലില്‍ വിജയ്‌ എന്ന ഡാന്‍സറുടെ മെയ് വഴക്കം വീണ്ടും നമ്മളില്‍ കൌതുകം ഉണര്‍ത്തും. നൃത്തത്തില്‍ ഒരു കുറവും വരുത്തുന്നില്ല എന്നതിനോടൊപ്പം അത് മികവുറ്റ രീതിയില്‍ കൊണ്ടുപോവുകയും ചെയ്യുന്നുണ്ട്. പതിവ് ശൈലിയുടെ ചില ലാഗിംഗ് പറയടഹെ പോകാന്‍ വയ്യ.

ചില ഡയലോഗുകള്‍ വലിയ കയ്യടി നേടുന്നുണ്ട്. ഇന്നത്തെ സമൂഹം അമ്പലങ്ങള്‍ക്കും പ്രതിമകള്‍ക്കും പുറകെ പോകുമ്പോള്‍ അമ്പലങ്ങള്‍ക്ക് പകരം നമുക്ക് വേണ്ടത് ജീവന്‍ നിലനിര്‍ത്തുന്ന ആശുപത്രികള്‍ ആണെന്ന് ഊന്നിയൂന്നി പറയുന്നുണ്ട് ഇവിടെ. മാത്രമല്ല ശുദ്ധീകരിക്കപ്പെട്ട ഒരു മെഡിക്കല്‍ സിസ്റ്റത്തിന്റെ ആവശ്യകതയും. അന്യരാജ്യത്ത് ചെറിയ നികുതിയില്‍ മരുന്നുകള്‍ നല്‍കുമ്പോള്‍ ഇവിടെ ഭീമമായ നികുതിയുടെ ജി.എസ് .ടി കണക്കുകള്‍ വരെ വിഷയമാക്കുന്നുണ്ട്‌. ആക്ഷന്‍ രംഗങ്ങള്‍ പതിവുപോലെ മനോഹരമാക്കിയപ്പോള്‍ A R റഹ്മാന്റെ സംഗീതം ശരാശരി മാത്രമായിപ്പോയി.

ആറ്റ് ലീ എന്ന സംവിധായകന്റെ മികവു തന്നെയാണ് മെര്‍സല്‍. തെരി ക്ക് ശേഷം ഈ സംവിധായകന്‍ വരുമ്പോള്‍ മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ബാഹുബലിയുടെ എഴുത്തുകാരനായ വിജയേന്ദ്ര പ്രസാദിനൊപ്പം സ്ക്രീന്‍ പ്ലേ കൈകാര്യം ചെയ്യുന്നത് സംവിധായകനും ചേര്‍ന്നാണ്. ജി.കെ. വിഷ്ണുവിന്റെ സിനിമാട്ടോഗ്രാഫി എടുത്തു പറയേണ്ടതാണ്.

താരനിരയും ഒട്ടും മോശമല്ല. വിജയ്ക്കൊപ്പം വടിവേലു , നിത്യ മേനോന്‍ , സാമന്ത , കാജല്‍ അഗര്‍വാള്‍ , എസ്. ജെ. സൂര്യ, സത്യരാജ്. കോവൈ സരള തുടങ്ങിയവരോടൊപ്പം മലയാളിയായ ഹരീഷ് പേരടിയും മികച്ച ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.

130 കോടി മുടക്കി നിര്‍മ്മിച്ച സിനിമ അതിവേഗം മുടക്കുമുതല്‍ തിരികെ പിടിക്കുന്ന യാത്രയിലാണ്. 169 മിനിറ്റുള്ള ചിത്രത്തില്‍ ഡോക്റ്റര്‍ ആയും മജീഷ്യന്‍ ആയും ദളപതി വെട്രിമാരന്‍ ആയും തിളങ്ങുന്ന വിജയ്‌ തന്നെ ഈ ചിത്രത്തിന്റെ ‘മെര്‍സല്‍’ !!

( സുജിത്ത് ചാഴൂര്‍ )

shortlink

Related Articles

Post Your Comments

Related Articles


Back to top button