കാസര്‍കോട്:കുഴൽപ്പണ വിതരണക്കാരനെ തട്ടിക്കൊണ്ടുപോയി പണം അപഹരിച്ച സംഭവത്തിൽ നാലു പ്രതികൾ അറസ്റ്റിൽ.പണം നഷ്ടപ്പെട്ട കോഴിക്കോട് താമരശ്ശേരി സ്വദേശി മുഹമ്മദിന്റെ പരാതിയിലാണ് നാലംഗ സംഘം പിടിയിലായത്.കാസര്‍കോട് ഡി വൈ എസ് പി എം വി സുകുമാരന്റെ നേതൃത്വത്തിലാണ് അന്വേഷണം.
ചൊവ്വാഴ്ച വൈകുന്നേരം ഉളിയത്തടുക്കയില്‍വെച്ചാണ് മുഹമ്മദിനെ നാലംഗ സംഘം കാറില്‍ ബലമായി പിടിച്ചുകയറ്റി കൊണ്ടുപോയത്. ഇയാളുടെ കൈയ്യിലുണ്ടായിരുന്ന ബാഗും പണവും തട്ടിപ്പറിച്ച ശേഷം തെക്കില്‍ വളവിലെ ഹംബിന് സമീപം കാറില്‍ നിന്നും തള്ളിയിട്ട് സംഘം കാഞ്ഞങ്ങാട് ഭാഗത്തേക്ക് രക്ഷപ്പെടുകയായിരുന്നു.
മുഹമ്മദ് കാറില്‍ നിന്നും പുറത്തേക്ക് വീഴുന്നതും മൂക്കില്‍ നിന്നും രക്തമൊഴുക്കി നടന്നുപോകുന്നതും നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടിരുന്നു.പരിക്കേറ്റ മുഹമ്മദിനെ വിദ്യാനഗര്‍ അഡീ. എസ് ഐ അമ്പാടിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചെങ്കള നായനാര്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ചോദ്യം ചെയ്യുന്നതിനായി സ്റ്റേഷനിലേക്ക് കൊണ്ടുവരികയായിരുന്നു. ഉളിയത്തടുക്കയിലെ ഒരാള്‍ക്ക് പണം നല്‍കാനായി കോഴിക്കോട്ടുനിന്നും കാഞ്ഞങ്ങാട്ടേക്ക് ട്രെയിനില്‍ വന്നതാണെന്നും അവിടെ നിന്നും ഉളിയത്തടുക്കയിലേക്ക് വന്നതാണെന്നുമാണ് മുഹമ്മദ് പോലീസിനോട് പറഞ്ഞത്.
എന്നാൽ നഷ്ടപ്പെട്ട തുകയുടെ കാര്യത്തിൽ മുഹമ്മദ് പരസ്പര വിരുദ്ധമായി മൊഴി നൽകിയതോടെ പോലീസ് അന്വേഷണം കൂടുതൽ ശക്തമാക്കി.
Post Your Comments