ദുബായ് : വിശ്വാസങ്ങളുടെ അഗ്‌നിശുദ്ധിയോടെ ദീപാവലി ആഘോഷത്തിനു തുടക്കമായി. മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇന്നലെ വൈകിട്ടു മുതല്‍ ആഘോഷത്തിലേക്കു കടന്നു. ആശംസകള്‍ക്കൊപ്പം മധുരപലഹാരങ്ങളും കൈമാറി വെളിച്ചത്തിന്റെ ഉല്‍സവം പതിവുപോലെ കെങ്കേമമാക്കുകയാണ് പ്രവാസി ഇന്ത്യക്കാര്‍.
താമസയിടങ്ങളുടെ ബാല്‍ക്കണികളില്‍ മണ്‍ചെരാതുകളും വര്‍ണദീപങ്ങളും തെളിഞ്ഞു. നേപ്പാള്‍ സ്വദേശികളും ആഘോഷത്തില്‍ പിന്നിലല്ല. ഉത്തരേന്ത്യക്കാര്‍ക്ക് ഇന്നു ഛോട്ടി ദീപാവലിയാണ്. ലക്ഷ്മീപൂജയോടെ നാളെയാണു ‘ബഡീ ദീപാവലി’. ബര്‍ദുബായ് ക്ഷേത്രത്തില്‍ പ്രത്യേക പൂജകളുണ്ടാകും. ഉത്തരേന്ത്യക്കാര്‍ ധാരാളമുള്ള ബര്‍ദുബായ്, മീനാബസാര്‍, കരാമ, സത്വ, ഖിസൈസ്, റാഷിദിയ മേഖലകളിലെ കടകളില്‍ ദിവസങ്ങളായി മധുരപലഹാര വില്‍പന തകൃതിയായി നടക്കുന്നു.
സ്വര്‍ണാഭരണശാലകള്‍ ആകര്‍ഷകമായ ഓഫറുകളുമായി സന്ദര്‍ശകരെ വരവേല്‍ക്കുന്നു. എല്ലാ കടകളിലും വന്‍തിരക്ക്. അബുദാബി, ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, ഫുജൈറ, റാസല്‍ഖൈമ എമിറേറ്റുകളിലും വര്‍ണാഭമായ ആഘോഷമാണ് നടക്കുന്നത്. ബര്‍ഫി, കുല്‍ഫി, മൈസൂര്‍പാക്ക്, ജിലേബി, ലഡു, പേഡകള്‍, കേസരി പേഡ, പിസ്ത, കജൂര്‍, ബദാം, മലായി, ലഹോറി ബര്‍ഫി, കറാച്ചി ഹല്‍വ, പിസ്ത റോള്‍, രസ്മധുരി, ദില്‍രുബ, കേസരി രസ്മലായി, പതീസ തുടങ്ങി മധുരലോകത്തെ പ്രധാനയിനങ്ങള്‍ ദീപാവലി സ്‌പെഷല്‍ ചേരുവകളോടെ ലഭ്യമാണ്. ദിവസങ്ങളായി വന്‍വില്‍പനയാണു നടക്കുന്നത്.
ആകര്‍ഷകമായ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. മിക്‌സഡ് വിഭവങ്ങള്‍ ചേര്‍ന്ന പാക്കറ്റുകള്‍ക്കാണ് കൂടുതല്‍ ആവശ്യക്കാരെന്നു കടക്കാര്‍ പറയുന്നു. മൈസൂര്‍ പാക്ക് ആണു ദീപാവലി വിഭവങ്ങളില്‍ മറ്റൊരു മുന്തിയതാരം. മൈസൂര്‍ പാക്ക് കട്ടിയുള്ളതാണെങ്കില്‍ ദീപാവലി സ്പെഷല്‍ വെണ്ണപോലെ അലിയുന്നതാണ്. വായിലിട്ടാല്‍ തരിപോലുമില്ലാതെ അലിഞ്ഞിറങ്ങും. സ്പൂണിനു കഴിക്കാവുന്ന രീതിയിലുള്ളതുമുണ്ട്. വിവിധതരം ഖീറുകളുമുണ്ട്. പായസത്തിന്റെ വകഭേദങ്ങളായി തോന്നാം.
Post Your Comments