തൊടുപുഴ: തൊടുപുഴ സ്വദേശിയായ മലയാളി യുവാവിനെ ഹൈദരാബാദില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത. കരിമണ്ണൂര്‍ പന്നൂര്‍ പറയംനിലത്ത് അരുണ്‍ പി. ജോര്‍ജിനെ (38)നെയാണ് ഹൈദരാബാദിലെ രാംനഗറില്‍ ജോലിസ്ഥലത്തോടു ചേര്‍ന്നുള്ള വാടകവീട്ടില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി എട്ടരയോടെയാണു കഴുത്തില്‍ വെട്ടേറ്റനിലയിലാണ് അരുണിന്റെ മൃതദേഹം ശുചിമുറിയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി. രണ്ടു മലയാളികളുള്‍പ്പെടെ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.
ശനിയാഴ്ച രാവിലെ നാട്ടിലേക്കു പുറപ്പെടാനിരുന്നതാണ് അരുണെന്നു കോണ്‍ഫെഡറേഷന്‍ ഓഫ് തെലുഗു റീജന്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ലിബി ബെഞ്ചമിന്‍ പറഞ്ഞു. നാട്ടിലേക്കു വിമാനടിക്കറ്റ് ബുക്കു ചെയ്തിരുന്ന അരുണ്‍ എത്താതിരുന്നതിനെ തുടര്‍ന്നു വീട്ടുകാര്‍ സുഹൃത്തുക്കളെ വിവരം അറിയിച്ചു.
പലതവണ ഫോണില്‍ ബന്ധപ്പെട്ടിട്ടും കിട്ടാതായതോടെ സുഹൃത്ത് അന്വേഷിച്ചെത്തിയപ്പോള്‍ വീടു പുറത്തുനിന്നു പൂട്ടിയനിലയിലായിരുന്നു. വീട്ടുടമയുടെ സഹായത്തോടെ തുറന്നുനോക്കിയപ്പോള്‍ ശുചിമുറിയില്‍ മൃതദേഹം കണ്ടെത്തി. പൊലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങളും വിരലടയാളവും ശേഖരിച്ചു. ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. മുറിയിലെ ചുവരില്‍ ചോരപ്പാടുകളും കണ്ടെത്തിയിട്ടുണ്ട്.
രാംനഗറിലെ ജെകെ എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തില്‍ പ്രിന്റിങ് മെഷീന്‍ ഡിസ്ട്രിബ്യൂട്ടറായിരുന്നു അരുണ്‍. ഭാര്യ ചെപ്പുകുളം മുതുപ്ലാക്കല്‍ ജെസ്ലിനൊപ്പം കഴിഞ്ഞ ഒരുവര്‍ഷമായി ഇദ്ദേഹം ഹൈദരാബാദിലുണ്ട്. ജെസ്ലിന്‍ ആറുമാസം മുന്‍പാണു നാട്ടിലേക്കു മടങ്ങിയത്.
Post Your Comments