കൊച്ചി : ദുബായ് പെണ്‍വാണിഭ സംഘവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്ന്‌കൊണ്ടിരിക്കുന്നത്. ഇതുവരെ അറസ്റ്റിലായത് മലയാളികളായ ഇടനിലക്കാര്‍ മാത്രമാണ്. യഥാര്‍ത്ഥ പ്രതികള്‍ അറസ്റ്റിലായിട്ടില്ല. സംഘത്തിന്റെ വലയില്‍ മലയാളി പെണ്‍കുട്ടികള്‍ക്കു പുറമെ മറ്റു യുവതികളും അകപ്പെട്ടതായി രക്ഷപ്പെട്ടവര്‍ പറയുന്നു.
പെണ്‍വാണിഭ സിന്‍ഡിക്കറ്റില്‍ മൂന്നു വിഭാഗം കുറ്റവാളികളുടെ പങ്കാളിത്തം സിബിഐ കണ്ടെത്തിയിട്ടുണ്ട്. കേരളത്തില്‍ നിന്നു യുവതികളെ വ്യാജ യാത്രാരേഖകളില്‍ വിദേശത്ത് എത്തിക്കുന്ന മനുഷ്യക്കടത്ത് സംഘം, ഇവരുടെ പണം കൈമാറ്റം നടത്തുന്ന ഹവാല റാക്കറ്റ്, വിദേശത്തു യുവതികളെ വില്‍ക്കുന്ന പെണ്‍വാണിഭ സംഘം.
ഇന്ത്യക്കാര്‍ കഴിഞ്ഞാല്‍ ഫിലിപ്പിനോ പെണ്‍കുട്ടികളെയാണു സംഘം വിലയ്ക്കു വാങ്ങുന്നത്. ഇന്ത്യയിലെ ഏജന്റുമാര്‍ക്കു പണം കൈമാറുന്നതു ഹവാല റാക്കറ്റ് വഴി. പെണ്‍കുട്ടികളെ കബളിപ്പിച്ചു റാക്കറ്റിനു കൈമാറുന്ന ഏജന്റിനു ലഭിക്കുന്നത് 50,000 രൂപയാണ്. വ്യാജ പാസ്‌പോര്‍ട്ടും വീസയും കൈമാറുമ്പോള്‍ പ്രതിഫലമായി യുവതികളില്‍ നിന്ന് 10,000 മുതല്‍ 25,000 രൂപവരെ ഇടാക്കുന്ന ഏജന്റുമാരുമുണ്ട്.
പെണ്‍വാണിഭ സംഘത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ ആരെയും നടുക്കുന്ന കാര്യങ്ങളാണ് പറഞ്ഞത്. പേര് വെളിപ്പെടുത്താത്ത ഇവര്‍ നേരിട്ട കൊടിയ പീഡനങ്ങള്‍ തുറന്നു പറയുന്നു.
18 വയസുള്ള തിരുവനന്തപുരം സ്വദേശിനി വീട്ടുജോലിക്കാണു വിദേശത്തു പോയത്. എന്നാല്‍ അവിടെ എത്തിയപ്പോഴാണു ചതി മനസിലായത്. അവര്‍ നല്‍കിയ പാസ്‌പോര്‍ട്ടില്‍ എന്റെ ഫോട്ടോ മാത്രമായിരുന്നു ശരിക്കുള്ളത്. പേരു പോലും വേറെ. വിമാനത്താവളത്തില്‍ വച്ചാണു പാസ്‌പോര്‍ട്ടും വിമാന ടിക്കറ്റും ലഭിച്ചത്. മാസം 25,000 രൂപയാണു വാഗ്ദാനം ചെയ്തത്. ദിവസം 50 പേര്‍ വരെ ഉപദ്രവിച്ചു. രക്ഷപ്പെട്ടു മുംബൈയിലെത്തിയപ്പോള്‍ വിമാനത്താവളത്തില്‍ പാസ്‌പോര്‍ട്ടിലെ കൃത്രിമം കണ്ടെത്തി അറസ്റ്റിലായി.
ദുബായില്‍ എത്തിയ പത്തനംതിട്ട സ്വദേശിനിയായ വീട്ടമ്മയെ വീട്ടുതടങ്കലില്‍ തുടര്‍ച്ചയായി 80 പേര്‍ വരെ പീഡിപ്പിച്ചിട്ടുണ്ട്. മലയാളികള്‍ വരുമ്പോള്‍ രക്ഷപ്പെടാന്‍ സഹായം അഭ്യര്‍ഥിച്ചിരുന്നു. അതിലൊരാളാണ് അയാളുടെ ഫോണില്‍ നാട്ടില്‍ ഭര്‍ത്താവിനെ വിളിച്ചു വിവരം ധരിപ്പിച്ചത്. ഭര്‍ത്താവ് പൊലീസില്‍ പരാതിപ്പെട്ടതാണു രക്ഷപ്പെടാന്‍ തുണയായത്.
34 വയസുള്ള ഇടുക്കി സ്വദേശിനിയുടെ കൈവശമുള്ള രേഖകള്‍ വ്യാജമായിരുന്നെങ്കിലും ഇവിടെ നിന്നു കയറ്റിവിടാനുള്ള സംവിധാനമുണ്ട്. ഷാര്‍ജയില്‍ ഇറങ്ങി പുറത്തെത്തിയപ്പോള്‍ പൊലീസ് പിടിക്കാതിരിക്കാന്‍ കാറിന്റെ ഡിക്കിയില്‍ ഇരുത്തിയാണു കൊണ്ടുപോയത്. അഞ്ചു മുറികളുള്ള ഫ്‌ലാറ്റിലാണു താമസിപ്പിച്ചത്. ഓരോ മുറിയിലും യുവതികളുണ്ടായിരുന്നു. മുറികള്‍ പുറത്തു നിന്നു പൂട്ടിയിരുന്നു. ഭക്ഷണവും മാറാന്‍ വസ്ത്രവും നല്‍കി. പുറത്ത് അവരുടെ ആള്‍ക്കാരുണ്ട്. അവര്‍ പണം കൈപ്പറ്റിയാണ് ഇടപാടുകാരെ അകത്തു വിട്ടിരുന്നത്. ഒടുവില്‍ രോഗിയായി.
ദുബായിലെത്തും മുമ്പെ തൃശൂര്‍ സ്വദേശിനിയായ യുവതി നെടുമ്പാശേരി വിമാനത്താവളത്തില്‍ വെച്ച് തന്നെ വഞ്ചിക്കപ്പെട്ടു. ട്രാവല്‍ ഏജന്റിനു നല്‍കാന്‍ പണമുണ്ടായിരുന്നില്ല. അടുത്ത ഹോട്ടലില്‍ കൊണ്ടുപോയി ഉപദ്രവിച്ച ശേഷമാണ് അയാള്‍ ടിക്കറ്റ് നല്‍കിയത്. വിദേശത്ത് എത്തിയാല്‍ ജോലി ചെയ്തു രക്ഷപ്പെടാമെന്നു കരുതി. അവിടെ കാത്തിരുന്ന ദുരന്തം ആദ്യത്തേതിലും വലുതായിരുന്നുവെന്ന് ഇവര്‍ പറയുന്നു.
Post Your Comments