തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. തിങ്കളാഴ്ചവരെ സംസ്ഥാനത്ത് പരക്കെയും 18വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിലും കനത്ത മഴക്ക് സാധ്യതയുള്ളതായി സംസ്ഥാന കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചൊവ്വാഴ്ച തീരപ്രദേശങ്ങളിൽ കനത്ത മഴക്കും കാറ്റിനും സാധ്യതയുള്ളതിനാൽ മീൻപിടിത്തക്കാരോട് ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്കി. ശനിയാഴ്ച തലസ്ഥാനത്ത് രാവിലെ മുതൽ പെയ്ത കനത്ത മഴയിൽ നിരവധി മരങ്ങൾ കടപുഴകി.
ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്ത് രൂപപ്പെട്ട അന്തരീക്ഷ ചുഴിയാണ് കഴിഞ്ഞദിവസത്തെ ശക്തമായ മഴക്ക് കാരണം. വയനാട്, ഇടുക്കി, കോഴിക്കോട് ജില്ലകളിൽ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലിനും സാധ്യതയുള്ളതിനാൽ ജില്ല ഭരണകൂടങ്ങൾക്ക് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. എല്ലാ പൊലീസ് സ്റ്റേഷനുകളും ഫയര്‍സ്റ്റേഷനുകളും അവരവരുടെ പ്രദേശത്തെ മഴയും അനുബന്ധ ദുരന്ത സാഹചര്യവും നേരിടാൻ സന്നദ്ധമായിരിക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
Post Your Comments