ഷാര്‍ജ: ഇനി മുതല്‍ യുഎഇയിലെ 400 ലധികം സ്ഥലങ്ങളില്‍ സൗജന്യ വൈഫൈ ലഭിക്കും. ഷാര്‍ജയിലെ വിവിധ പ്രദേശങ്ങളിലാണ് സൗജന്യ വൈഫൈ ലഭിക്കുക. ഷാര്‍ജ എമിറേറ്റിലെ പാര്‍ക്കുകളിലും ബീച്ചുകളിലും ഇപ്പോള്‍ തന്നെ സൗജന്യ വൈഫൈ നല്‍കി തുടങ്ങി.
ആദ്യഘട്ടത്തില്‍ ഫസല്‍, അല്‍ ഖറൈന്‍, നസീറിയ, അല്‍ നൗഫ്, അല്‍ റംത, ഖെസാമിയ, അല്‍ മജാസ്, അല്‍ ക്വോസ്, അബു ഷാഗാര പാര്‍ക്കുകള്‍, ഷാര്‍ജ നാഷണല്‍ പാര്‍ക്ക് എന്നിവിടങ്ങളിലെ പാര്‍ക്കുകളിലും ബീച്ചുകളിലും ഈ സേവനം ലഭ്യമാകുമെന്നു ഷാര്‍ജ മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു.
ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജിടിക്‌സ് ടെക്‌നോളജിയും ഷാര്‍ജ മുനിസിപ്പാലിറ്റിയും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇതു വഴി അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു. ആരോഗ്യ, വാടക, സര്‍വീസ് സെന്ററുകളും, മുനിസിപ്പാലിറ്റി കെട്ടിടങ്ങളും ഉള്‍പ്പെടെയുള്ള വ്യവസായ മേഖലയിലെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നു ഷാര്‍ജ മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറലായ തബേത്ത് അല്‍ തരീഫി അറിയിച്ചു.
യു.എ.ഇ. വിഷന്‍ 2021 പദ്ധതിയുടെ ഭാഗമായിട്ടാണ് പദ്ധതി നടപ്പാക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments