ഇടുക്കി: പെരുമഴയത്ത് കായികമേള നടത്തിയ സംഘാടകരെ രൂക്ഷമായി വിമർശിച്ച് മന്ത്രി എം.എം.മണി. മഴ തകർത്ത് പെയ്യുന്നതിനിടെ ഇടുക്കി റവന്യൂ ജില്ലാ കായികമേള നടത്താനുള്ള അധികൃതരുടെ നീക്കത്തെയാണ് കായികമേളയുടെ ഉദ്‌ഘാടകനായ മന്ത്രി വിമർശിച്ചത്. രാജാക്കാട് എന്‍.ആര്‍. സിറ്റി എച്ച്.എസ്.എസ് ഗ്രൗണ്ടിലാണ് ഇടുക്കി റവന്യു ജില്ലാ കായികമേള നടക്കുന്നത്.
മറ്റു രാജ്യങ്ങള്‍ കായികമേളകളില്‍ സ്വര്‍ണം വാരിക്കൂട്ടുമ്പോൾ ഇന്ത്യ പുറകിലായിപ്പോകുന്നത് ഇതുകൊണ്ടാണെന്നും, മഴ പെയ്തു പഴച്ചാറു പോലെയായ ഗ്രൗണ്ടില്‍ കുട്ടികള്‍ എങ്ങനെ ഓടാനാണെന്ന് മന്ത്രി ചോദിച്ചു. മഴയത്ത് കുട്ടികൾ ഓടുന്നത് കണ്ടപ്പോള്‍ സങ്കടം വന്നു. കാലുവഴുതി വീഴാതെ ഓടാന്‍ നോക്കുന്നതിനിടയില്‍ കുട്ടികള്‍ക്കു നന്നായി മത്സരിക്കാന്‍ പറ്റുമോയെന്നും മന്ത്രി ചോദിച്ചു. ‘ക്യൂബയും ആഫ്രിക്കന്‍ രാജ്യങ്ങളും കായികമേളകളില്‍ സ്വര്‍ണം വാരിക്കൂട്ടുമ്പോൾ ഇന്ത്യ വളരെ പുറകിലാണ്. ആകെ കിട്ടുന്നതെന്നാ, വല്ലപ്പോഴും ഒരു വെങ്കലം. ഇരുമ്പ് ഇല്ലാത്തതുകൊണ്ട് ഇരുമ്പ് കിട്ടുന്നില്ലെന്നും മന്ത്രി പറഞ്ഞു.
നോട്ടീസില്‍ പേരുണ്ടായിട്ടും വേദിയില്‍ കാണാത്തവര്‍ക്കും കിട്ടി മന്ത്രിയുടെ വിമര്‍ശനം. ‘നോട്ടിസിലുള്ള ആളുകളുടെയെല്ലാം പേര് വായിച്ച് നാക്ക് ഉളുക്കിപ്പോയി. എന്നിട്ട് അവരെയാരെയും ഇവിടെ കാണുന്നുമില്ല. വരുമെന്ന് ഉറപ്പുള്ള ആളുകളുടെ പേര് വച്ചാല്‍പ്പോരെ, രാഷ്ട്രീയക്കാരെല്ലാം വെറും വായ്നോക്കികളാണെന്നാണ് ചില ഉദ്യോഗസ്ഥരുടെ വിചാരമെന്നും മന്ത്രി പറഞ്ഞു.
Post Your Comments