KeralaLatest NewsNews

സര്‍ക്കാറിന് തലവേദനയായി മന്ത്രി തോമസ് ചാണ്ടി : കെ.എസ്.ആര്‍.ടി.സിയില്‍ ഒരേ തസ്തികയില്‍ മൂന്ന് പേരെ നിയമിച്ച് പുതിയ വിവാദം

തിരുവനന്തപുരം : തോമസ് ചാണ്ടി ഗതാഗത മന്ത്രി ആയതിനു ശേഷം കെ.എസ്.ആര്‍.ടി.സിയില്‍ വഴിവിട്ട നിയമനം വിവാദമാകുന്നു. എം.ജി.രാജമാണിക്യത്തെ എംഡി സ്ഥാനത്തുനിന്നു നീക്കിയതിനു പിന്നാലെ കെഎസ്ആര്‍ടിസിയില്‍ പിടിമുറുക്കാനൊരുങ്ങി ഗതാഗതമന്ത്രി തോമസ് ചാണ്ടി. ചീഫ് ലോ ഓഫിസര്‍ ഉണ്ടായിരിക്കെ ചട്ടം ലംഘിച്ചു നിയമവകുപ്പില്‍നിന്നു മറ്റൊരാളെക്കൂടി അതേ സ്ഥാനത്തു നിയമിച്ചു. ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ കെഎസ്ആര്‍ടിസി പണമില്ലാതെ നട്ടം തിരിയുമ്പോഴാണ് ലക്ഷക്കണക്കിനു രൂപയുടെ അധികബാധ്യതയുണ്ടാക്കുന്ന നിയമനം നടത്തിയത്.

രാജമാണിക്യം എംഡിയായിരിക്കെ നിയമനങ്ങളിലും സ്ഥലം മാറ്റങ്ങളിലും കൈകടത്താന്‍ മന്ത്രിയുടെ ഓഫിസിനെ അനുവദിച്ചിരുന്നില്ല. സെക്രട്ടേറിയറ്റിലെ സീനിയര്‍ സെക്രട്ടറി ജോകോസ് പണിക്കരെ കെഎസ്ആര്‍ടിസിയില്‍ സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറായി നിയമിക്കാന്‍ ശ്രമിച്ചെങ്കിലും എംഡി തടയിട്ടു. എന്നാല്‍ രാജമാണിക്യം പോയതോടെ മന്ത്രിയുടെ ഓഫിസ് പിടിമുറുക്കുകയായിരുന്നു.

നിയമവകുപ്പിലെ ജോയിന്റ് സെക്രട്ടറി വി.എം.ചാക്കോയെ കഴിഞ്ഞദിവസം ചീഫ് ലോ ഓഫിസറായി നിയമിച്ചു. നിലവില്‍ കെഎസ്ആര്‍ടിസി ട്രെയിനിങ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡി.ഷിബുകുമാറാണു ചീഫ് ലോ ഓഫിസര്‍ തസ്തികയിലുള്ളത്. ഷിബുകുമാറിനു മറ്റൊരു ചുമതല നല്‍കിയപ്പോള്‍ എസ്.രാധാകൃഷ്ണന്‍ എന്നയാള്‍ക്കു ലോ ഓഫിസറുടെ അധികചുമതല കൊടുത്തു. ചുരുക്കത്തില്‍ ഒരു തസ്തികയില്‍ മൂന്നുപേര്‍ക്കു ശമ്പളം കൊടുക്കേണ്ട അവസ്ഥയിലാണ് കെഎസ്ആര്‍ടിസി.

ലോ ഓഫിസറെ നിയമിക്കണമെന്നു ഡയറക്ടര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിട്ടില്ല. കെഎസ്ആര്‍ടിസിയില്‍ യോഗ്യരായവരുള്ളപ്പോഴും ബോര്‍ഡ് ആവശ്യപ്പെടാതെയും പുറത്തുനിന്നു നിയമനം പാടില്ലെന്നു ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. നേരത്തെ ചുമതലയേല്‍ക്കാതിരുന്ന അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ ഉള്‍പ്പടെ മറ്റു പലരും വരും ദിവസങ്ങളില്‍ ഡപ്യൂട്ടേഷനില്‍ എത്തുന്നതോടെ കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക ബാധ്യത കൂടും. പുതിയ എംഡി ചുമതലയേല്‍ക്കുന്നതിനു മുന്‍പേ ഭരണതലത്തില്‍ പരമാവധി ആളുകളെ തിരുകികയറ്റുകയാണു മന്ത്രിയുടെ ഓഫിസിന്റെ ലക്ഷ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button