കൊച്ചി : സംസ്ഥാനത്തു നിന്നും ഗള്‍ഫ് നാടുകളിലേയ്ക്ക് പോകുന്ന പലരും എത്തിപ്പെട്ടത് സെക്‌സ് റാക്കറ്റിന്റെ വലയിലേയ്ക്ക്. 500 ഓളം പേര്‍ ഇങ്ങനെ വലയിലകപ്പെട്ടതായാണ് സൂചന. ദുബായ് മനുഷ്യക്കടത്തു റാക്കറ്റ് അഞ്ഞൂറിലധികം മലയാളി യുവതികളെ പെണ്‍വാണിഭ സംഘങ്ങള്‍ക്കു വിറ്റതായും വിവരം ലഭിച്ചു. ഷാര്‍ജയിലും അജ്മാനിലും കുടുങ്ങിയവരെപ്പറ്റി ഈ കേസന്വേഷിച്ച സിബിഐക്കു വിവരം ലഭിച്ചെങ്കിലും തുടരന്വേഷണത്തിനു കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചിട്ടില്ല. കടത്തപ്പെട്ടവരില്‍ അഞ്ചു വര്‍ഷങ്ങള്‍ക്കിടയില്‍ രക്ഷപ്പെട്ടു നാട്ടിലെത്തിയതു 12 പേര്‍. ഇതില്‍ സിബിഐക്കു മൊഴി നല്‍കാന്‍ ധൈര്യപ്പെട്ടത് എട്ടു പേര്‍ മാത്രം. രക്ഷപ്പെട്ടവര്‍ നല്‍കിയ വിവരങ്ങള്‍ ബന്ധപ്പെട്ട എംബസികള്‍ക്കും കൈമാറിയിരുന്നു.
നെടുമ്പാശേരി, തിരുവനന്തപുരം വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചു നടന്ന മനുഷ്യക്കടത്തു കേസിന്റെ അന്വേഷണത്തിലാണു മലയാളി യുവതികളെ വീട്ടുതടങ്കലിലാക്കി പെണ്‍വാണിഭം നടത്തുന്ന റാക്കറ്റിനെക്കുറിച്ച് വിവരം ലഭിച്ചത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള യുവതികള്‍ ഇവരുടെ വലയില്‍ പെട്ടിട്ടുണ്ട്. കുറ്റകൃത്യം നടന്നതു വിദേശ രാജ്യത്തായതിനാല്‍ അന്വേഷണത്തില്‍ സിബിഐ ഏറെ പ്രതിസന്ധി നേരിട്ടു. രക്ഷപ്പെട്ടു നാട്ടിലെത്തിയ യുവതികളുടെ മൊഴിയനുസരിച്ചു ഷാര്‍ജയിലും അജ്മാനിലും തെളിവെടുപ്പു നടത്താനും മഹസര്‍ തയാറാക്കാനും കഴിഞ്ഞില്ല. സിബിഐ അയച്ചുകൊടുത്ത ചോദ്യാവലിക്കു ദുബായ് പൊലീസ് നല്‍കിയ മറുപടികളുടെ അടിസ്ഥാനത്തിലാണു കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. വിദേശത്തേക്കു സിബിഐക്കു പ്രവേശനം ലഭിച്ചതു മുഖ്യപ്രതി കെ.വി. സുരേഷിനെ ഏറ്റുവാങ്ങാന്‍ മാത്രം. കേസിലെ വിദേശ പൗരന്മാരായ കുറ്റവാളികളെക്കുറിച്ചു വിവരം ലഭിച്ചിട്ടും ഇവരെ കണ്ടെത്തി ചോദ്യം ചെയ്യാന്‍ അവസരമുണ്ടായില്ല. കേസില്‍ പിടിക്കപ്പെട്ടതു മലയാളികളായ ഇടനിലക്കാര്‍ മാത്രം. പെണ്‍വാണിഭ കേന്ദ്രങ്ങളുടെ യഥാര്‍ഥ നടത്തിപ്പുകാരെ വെളിപ്പെടുത്താന്‍ വിചാരണ നേരിടുന്ന പ്രതികളും തയാറായിട്ടില്ല.
20,000 മുതല്‍ 25,000 രൂപ വരെ ശമ്പളത്തില്‍ വീട്ടുജോലി വാഗ്ദാനം ചെയ്താണ് യുവതികളെ വിദേശത്തേക്കു കടത്തിയത്. സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും പെണ്‍വാണിഭ സംഘത്തിന്റെ ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സിബിഐക്കു വിവരം ലഭിച്ചു. മനുഷ്യക്കടത്ത് ഇപ്പോഴും തുടരുന്നതായി കേസിലെ പ്രതികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു യുവതിയെ കൈമാറുമ്പോള്‍ ഏജന്റുമാര്‍ക്ക് 50,000 രൂപയാണു കമ്മിഷന്‍. ശരിയായ പാസ്‌പോര്‍ട്ട് പോലുമില്ലാത്ത യുവതികളെ കടത്തിയിരുന്നത് വ്യാജ യാത്രാരേഖകള്‍ വച്ചാണ്. പിടിക്കപ്പെട്ടാല്‍ വിദേശത്തു ജയിലില്‍ കഴിയേണ്ടിവരുന്ന സാഹചര്യം പെണ്‍വാണിഭ സംഘങ്ങളുടെ നിര്‍ദേശങ്ങള്‍ക്കു വിധേയരാകാന്‍ ഇവരെ നിര്‍ബന്ധിതരാക്കുകയായിരുന്നു
Post Your Comments