USALatest NewsNews

മൂന്നു വയസ്സുകാരി ഷെറിന്റെ തിരോധാനം; വെസ്‌ലി മാത്യൂസിന്റെ വീട് എഫ്.ബി.ഐ റെയ്ഡ് ചെയ്തു; തെരച്ചില്‍ ഊര്‍ജ്ജിതമാക്കി

മൊയ്തീന്‍ പുത്തന്‍‌ചിറ

റിച്ചാര്‍ഡ്‌സണ്‍ (ടെക്‌സസ്)•ഒക്ടോബര്‍ 7 ശനിയാഴ്ച മുതല്‍ കാണാതായ മൂന്നു വയസ്സുകാരി ഷെറിന്‍ മാത്യൂസിനെക്കുറിച്ച് ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് റിച്ചാര്‍ഡ്സണ്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. ഉറക്കത്തില്‍ നിന്നെഴുന്നേറ്റ് പാല്‍ കുടിക്കാന്‍ വിസമ്മതിച്ച കുഞ്ഞിനെ ശിക്ഷിക്കാന്‍ വീടിന് പിന്നാമ്പുറത്തുള്ള ഒരു മരത്തിന്റെ കീഴെ കൊണ്ടുനിര്‍ത്തിയെന്നും, പതിനഞ്ചു മിനിറ്റ് കഴിഞ്ഞ് ചെന്നു നോക്കുമ്പോള്‍ കുട്ടിയെ കണ്ടില്ലെന്നുമാണ് പിതാവ് വെസ്ലി മാത്യൂസ് റിച്ചാര്‍ഡ്സണ്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍, പുലര്‍ച്ചെ 3 മണിക്ക് ആരെങ്കിലും മൂന്നു വയസ്സുള്ള പിഞ്ചുകുഞ്ഞിനെ ഇങ്ങനെ പുറത്തു നിര്‍ത്തുമോ എന്ന ചോദ്യത്തിന് വെസ്ലി മാത്യൂസിന് ഉത്തരമില്ലെന്ന് പോലീസ് വക്താവ് പറയുന്നു. മാനസിക വളര്‍ച്ചയെത്താത്ത കുട്ടിയാണ് ഷെറിന്‍.

കുട്ടിയെ കാണാതായത് ശനിയാഴ്ച പുലര്‍ച്ചെ മൂന്നു മണിക്കായിരുന്നെങ്കിലും പോലീസില്‍ വിവരമറിയിക്കുന്നത് രാവിലെ എട്ടു മണിയ്ക്കാണെന്നതും പോലീസിന് സംശയത്തിനിട നല്‍കുന്നു. എന്തുകൊണ്ടാണ് അത്രയും താമസിച്ചതെന്ന ചോദ്യത്തിനും വെസ്ലി മാത്യൂസിന് വ്യക്തമായ ഉത്തരമില്ല. റിച്ചാര്‍ഡ്സണ്‍ പോലീസ് പ്രദേശം മുഴുവന്‍ അരിച്ചു പെറുക്കിയെങ്കിലും കുട്ടിയെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല.

ചൊവ്വാഴ്ച വൈകുന്നേരം 7 മണിക്ക് എഫ്ബിഐയുടെ ‘എവിഡന്‍സ് റെസ്പോണ്‍സ്’ സംഘം വെസ്ലി മാത്യൂസിന്റെ വീട് റെയ്ഡ് ചെയ്തു. അതിന് തൊട്ടു മുന്‍പ് റിച്ചാര്‍ഡ്സണ്‍ പോലീസ് അന്വേഷണ വാറണ്ടുമായി എത്തിയിരുന്നു. തെളിവുകള്‍ക്കായി വീടിനകത്തും ചുറ്റുപാടും എഫ്ബിഐ ടീം തിരച്ചില്‍ നടത്തി. അന്വേഷണത്തിന്റെ സ്വാഭാവിക പുരോഗതി എവിടെ വരെയെത്തിയെന്നോ എന്തെങ്കിലും തെളിവുകള്‍ ലഭിച്ചുവെന്നോ റിച്ചാര്‍ഡ്സണ്‍ പോലീസ് വിശദീകരിച്ചിട്ടില്ല. എഫ്ബിഐ സംഘം എത്തുമ്പോള്‍ വീട്ടില്‍ ആരുമുണ്ടായിരുന്നില്ലെന്ന് പോലീസ് വക്താവ് പറഞ്ഞു.

ഷെറിന്‍ ഇപ്പോഴും കാണാതായതായവരുടെ ലിസ്റ്റിലാണെന്ന് പോലീസ് സ്ഥിരീകരിച്ചു. എന്നാല്‍, ചൊവ്വാഴ്ച ഉച്ചയോടെ ക്രിമിനല്‍ കേസുകള്‍ വാദിക്കുന്ന ഒരു അഭിഭാഷകന്‍ വെസ്‌ലി മാത്യൂസിന്റെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകുന്നത് കണ്ടിരുന്നുവെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏകദേശം ഒരു മണിക്കൂറിനുശേഷം വീടിന് പുറത്തേക്കു വന്ന അഭിഭാഷകന്‍ മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറി.

അതേസമയം, ഷെറിന്‍ മാത്യൂസിനെ കാണാതായതിന്റെ വിശദാംശങ്ങള്‍ റിച്ചാർഡ്സണ്‍ പോലീസ് പുറത്തുവിട്ടു. കുട്ടിയെ കാണാതായതു മുതല്‍ പോലീസിനെ അറിയിച്ച സമയദൈര്‍ഘ്യത്തെക്കുറിച്ചാണ് പോലീസിന് സംശയം. പുലര്‍ച്ചെ 3:15 മുതല്‍ 8 മണിവരെ എന്തുകൊണ്ടാണ് വിവരം പോലീസിനെ അറിയിക്കാതിരുന്നതെന്നാണ് സംശയങ്ങള്‍ക്ക് ഇട നല്‍കുന്നത്. കുട്ടിയെ കാണാതായ ആ നിമിഷം പോലീസില്‍ അറിയിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ കുട്ടിയെ കണ്ടെത്താമായിരുന്നു എന്നാണ് റിച്ചാര്‍ഡ്സണ്‍ പോലീസ് പറയുന്നത്.

നേരത്തെ പ്രഖ്യാപിച്ചിരുന്ന ജാഗ്രതാ നിര്‍ദ്ദേശം തിങ്കളാഴ്ച ഉച്ചക്ക് നിര്‍ത്തിവച്ചിരുന്നു. കാരണം, കേസില്‍ പുതിയ വിവരങ്ങളൊന്നും കിട്ടിയിട്ടില്ലെന്നുള്ളതു തന്നെ. എന്നാല്‍ ഭാവിയില്‍ വീണ്ടും ജാഗ്രതാ നിര്‍ദ്ദേശം ആവര്‍ത്തിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. പെണ്‍കുട്ടി പാല്‍ കുടിക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് വീടിനു പുറകുവശത്തെ വേലിക്ക് പിന്നിലുള്ള മരത്തിനടിയില്‍ നിര്‍ത്തിയതെന്ന് പിതാവ് പോലീസിനോട് പറഞ്ഞിരുന്നു. ഏകദേശം 100 അടി അകലെയാണ് ഈ മരം നിലകൊള്ളുന്നത്. 15 മിനിറ്റ് കഴിഞ്ഞ് ചെല്ലുമ്പോള്‍ കുട്ടി അപ്രത്യക്ഷയായിരുന്നുവെന്നും വെസ്ലിയുടെ സത്യവാങ്മൂലത്തില്‍ പറയുന്നു. കുട്ടി തനിയെ വീട്ടിലേക്ക് വന്നുകൊള്ളുമെന്നു വിചാരിച്ച് താന്‍ തിരിച്ചു പോന്നു എന്നാണ് വെസ്ലി പറയുന്നതെന്ന് പോലീസ് സാര്‍ജന്റ് കെവിന്‍ പെര്‍ലിച്ച് മാധ്യമങ്ങളോട് പറഞ്ഞു.

മകളെ കാണാതായി അഞ്ചു മണിക്കൂര്‍ കഴിഞ്ഞിട്ടും പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാനെടുത്ത കാലതാമസമാണ് സംശയത്തിനിട നല്‍കുന്നതെന്ന് പെര്‍ച്ച് പറഞ്ഞു. എന്തുകൊണ്ട് ഉടന്‍ അറിയിച്ചില്ല എന്നും പെര്‍ച്ച് ചോദിക്കുന്നു. “ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കാലതാമസമുണ്ടായി എന്നു ഞങ്ങള്‍ വിശ്വസിക്കുന്നു” – പെര്‍ലിച്ച് പറഞ്ഞു. “സ്വന്തം കുട്ടിയെ കാണാതാകുമ്പോള്‍ ഒരു പിതാവിനുണ്ടാകാവുന്ന മാനസിക വ്യഥയില്‍ നിന്നുള്ള പ്രതികരണമല്ല വെസ്ലിയില്‍ നിന്ന് കിട്ടിയതെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. ഈ സംഭവമെല്ലാം നടക്കുമ്പോള്‍ കുട്ടിയുടെ അമ്മ നല്ല ഉറക്കത്തിലായിരുന്നുവെന്നു പറയുന്നു.

വെസ്ലി മാത്യൂസിനെ ശനിയാഴ്ച തന്നെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. എന്നാല്‍, ഞായറാഴ്ച രാത്രിയോടെ രണ്ടര ലക്ഷം ഡോളര്‍ ജാമ്യത്തില്‍ വിടുകയും ചെയ്തു. കുട്ടിയുടെ അമ്മയ്ക്കെതിരെ ഇതുവരെ കേസുകളൊന്നും ചാര്‍ജ് ചെയ്തിട്ടില്ല. ടെക്സസ് ചൈല്‍ഡ് പ്രൊട്ടക്റ്റീവ് സര്‍വീസസ് (സിപി‌എസ്) അധികൃതര്‍ തിങ്കളാഴ്ച കുടുംബത്തിലെ നാലു വയസുള്ള വെസ്ലിയുടെ മറ്റൊരു കുട്ടിയെ കൊണ്ടുപോയി. അമേരിക്കയിലെ നിയമമാണത്. ഏതെങ്കിലും വീട്ടില്‍ കുട്ടികള്‍ക്ക് ആപത്തു സംഭവിച്ചാല്‍ മറ്റു കുട്ടികളെ സിപി‌എസ് ഏറ്റെടുത്ത് ഫോസ്റ്റര്‍ ഹോമുകളില്‍ താമസിപ്പിക്കും. അപ്രത്യക്ഷയായ കുഞ്ഞിനെ അന്വേഷിച്ച് പോലീസ് ഇപ്പൊഴും അന്വേഷണം തുടരുകയാണ്. മാത്യൂസിന്റെ കുടുംബവുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങള്‍ നേരെത്തെ ഉണ്ടായിട്ടുണ്ടെന്ന് സി പി എസ് അധികൃതര്‍ പറഞ്ഞിരുന്നു, എന്നാല്‍ വിശദാംശങ്ങള്‍ രഹസ്യാത്മകമാണെന്നും അവര്‍ പറഞ്ഞു.

തന്റെ മകളെ ഉപേക്ഷിച്ച സ്ഥലത്ത് പലപ്പോഴും ചെന്നായകളെ കണ്ടിട്ടുള്ളതായി വെസ്ലി മാത്യൂസിന് അറിയാമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പക്ഷേ, ചെന്നായ ആക്രമിക്കുകയായിരുന്നെങ്കില്‍ കുട്ടിയെ വലിച്ചിഴച്ചതിന്റെ യാതൊരു അടയാളമോ തെളിവുകളോ ഇല്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. അയല്‍പക്കത്തും ചുറ്റുപാടും കുട്ടിയെ തിരയുന്നത് വ്യാപകമായി നിരീക്ഷിച്ചുവരുന്നുണ്ട്. ഈ മേഖലയിലുള്ള ലൈംഗിക കുറ്റവാളികളുമായും പോലീസ് ബന്ധപ്പെടുന്നുണ്ട്. കൂടാതെ ചുറ്റുമുള്ള നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.

കാണാതായ ഷെറിന്‍ മാത്യൂസിന് 3 അടി ഉയരവും 22 പൗണ്ട് തൂക്കവും കറുത്ത മുടിയും കണ്ണുകളുമാണ്. ഒരു പിങ്ക് ടോപ്പും, കറുത്ത പജാമയും, പിങ്ക് ഫ്ലിപ് ഫ്ലോപ്പും ധരിച്ചായിരുന്നു അവസാനമായി കണ്ടത്. മാനസിക വളര്‍ച്ചയെത്താത്ത കുട്ടിയാണ് ഷെറിന്‍. അതുകൊണ്ടുതന്നെ വളര്‍ച്ചാ പരിമിതികളും ആശയവിനിമയ പരിമിതികളും ഉള്ളതായി പോലീസ് പറഞ്ഞു. രണ്ടു വര്‍ഷം മുന്‍പാണ് മാത്യൂസിന്റെ കുടുംബം ഇന്ത്യയിലെ ഒരു അനാഥാലയത്തില്‍ നിന്ന് ഷെറിനെ ദത്തെടുത്തത്.

ഷെറിന് പോഷകാഹാരക്കുറവുണ്ടായിരുന്നതായി മാത്യൂസ് അന്വേഷണോദ്യോഗസ്ഥരോട് പറഞ്ഞു. രാത്രി വൈകിയും ഭക്ഷണം കഴിക്കുന്ന സ്വഭാവമുണ്ടായിരുന്നു. കുട്ടിയുടെ ഭാരം വര്‍ദ്ധിപ്പിക്കാനായിരുന്നു അതെന്ന് സാര്‍ജന്റ് പെർലിച്ച് പറഞ്ഞു. മൂന്ന് മണിക്ക് എന്തിനാണ് കുട്ടിയെ പാല്‍ കുടിക്കാന്‍ നിര്‍ബ്ബന്ധിച്ചതെന്ന ചോദ്യത്തിന് ആ വിശദീകരണം ഉചിതമാണെന്ന് മനസ്സിലാക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാലും കുട്ടിക്ക് എന്തു സംഭവിച്ചു എന്നത് ദുരൂഹമാണെന്നും അദ്ദേഹം പറയുന്നു.

പ്രദേശമാകെ അരിച്ചു പെറുക്കിയിട്ടും യാതൊരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ല. ആരെങ്കിലും കുട്ടിയെ തട്ടിക്കൊണ്ടുപോയതാണോ അതോ വെസ്ലി മാത്യൂസ് പറഞ്ഞതുപോലെ ചെന്നായകള്‍ പിടിച്ചതാണോ എന്നൊന്നും ഇതുവരെ പറയാറായിട്ടില്ല. പ്രദേശത്തെ എല്ലാ നിരീക്ഷണ ക്യാമറകളില്‍ നിന്നുള്ള വീഡിയോ ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.

ഇതിനിടെ, വെസ്ലി മാത്യൂസിന്റെ മൂന്ന് വാഹനങ്ങള്‍, സെല്‍ഫോണുകള്‍, ലാപ്ടോപ്പുകള്‍ എന്നിവ അന്വേഷണ സംഘം പിടിച്ചെടുത്തു.

“എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല, ഞാനും മറ്റുള്ളവരും തിങ്കളാഴ്ച വൈകുന്നേരം ഇവിടെ എത്തിയപ്പോള്‍ ആരും വാതില്‍ തുറന്നില്ലെന്ന്” വെസ്ലിയുടെ ബന്ധു ഫിലിപ്പ് മാത്യു പറയുന്നു. കുട്ടിയുടെ മാതാപിതാക്കള്‍ നല്ല ആളുകളാണെന്നും മാത്യു പറഞ്ഞു.

ഇതിനിടെ, വെസ്ലിയും കുടുംബവും അംഗങ്ങളായുള്ള ഇമ്മാനുവേല്‍ സഭാംഗങ്ങള്‍ കുട്ടിയുടെ വിവരങ്ങളടങ്ങിയ ഫ്ലയര്‍ പ്രദേശം മുഴുവന്‍ വിതരണം ചെയ്തിട്ടുണ്ട്. ഷെറിന്‍ എന്ന പിഞ്ചു ബാലികയെ കാണാതായ വിവരം എല്ലാവര്‍ക്കും അവിശ്വസനീയമായി തോന്നിയെന്ന് സഭാംഗങ്ങള്‍ പറയുന്നു.

ഷെറിന്റെ പിതാവിനെക്കുറിച്ച് ഉയരുന്ന ആരോപണങ്ങളെപ്പറ്റിയുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറ്റൊരു സഭാംഗമായ ജോസ് ചെറിയാന്‍ പ്രതികരിച്ചില്ല. അതേക്കുറിച്ച് എനിക്കൊന്നും പറയാനില്ല, എന്നാല്‍ കുട്ടിയുടെ മാതാവ് ആകെ വിഷാദത്തിലാണെന്ന് ജോസ് പറഞ്ഞു. “ആരുടെയെങ്കിലും കൈവശം ഈ കുഞ്ഞ് ഉണ്ടെങ്കില്‍ ദയവു ചെയ്ത് തിരിച്ചു കൊണ്ടുവന്ന് പോലീസില്‍ വിവരമറിയിക്കണം. അങ്ങനെ ചെയ്യുന്ന പക്ഷം തീര്‍ച്ചയായും ദൈവം നിങ്ങളെ അനുഗ്രഹിക്കും. ദൈവം പ്രതിഫലവും നല്‍കും…” ജോസ് ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.

ഷെറിന്‍ മാത്യൂസിനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ അറിയാവുന്നവര്‍ റിച്ചാര്‍ഡ്സണ്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റുമായി ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിച്ചു. ഫോണ്‍ 972-744-4800.

shortlink

Related Articles

Post Your Comments

Related Articles


Back to top button