അടിമാലി: സാമൂഹികപ്രവര്‍ത്തകയെ കുത്തിക്കൊന്ന ശേഷം മാറിടം അറുത്ത് മാറ്റിയ കേസിലെ പ്രതി പിടിയില്‍. തൊടുപുഴ വണ്ടമറ്റം പടികുഴയില്‍ ഗിരോഷ് (30) ആണ് പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ഇരുമ്പുപാലം പതിനാലാംമൈല്‍ ചാരുവിള പുത്തന്‍വീട് സിയാദിന്റെ ഭാര്യ സെലീന (38)യാണ് കൊല്ലപ്പെട്ടത്. 2015-ല്‍ ഗിരോഷ് അടിമാലി ബസ് സ്റ്റാന്‍ഡില്‍ തന്റെ കംപ്യൂട്ടര്‍ സ്ഥാപനത്തില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നു. സാമൂഹിക പ്രവര്‍ത്തകയും കൗണ്‍സിലറുമായ സെലീന വിഷയത്തില്‍ ഇടപെട്ട് പ്രായപൂർത്തിയാകുമ്പോൾ പെണ്‍കുട്ടിയെ ഗിരോഷ് വിവാഹം കഴിക്കണമെന്ന വ്യവസ്ഥയുണ്ടാക്കി.
തുടർന്ന് 2015 ഏപ്രിലില്‍ ഗിരോഷ് തൊടുപുഴ അമ്പലത്തില്‍ പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. അന്നുമുതല്‍ സെലീനയോട് ഗിരോഷിന് വൈരാഗ്യമുണ്ടെങ്കിലും അത് പുറത്ത് കാണിച്ചിരുന്നില്ല. ഒരുവര്‍ഷം മുന്‍പ് സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍നിന്ന് വായ്പയെടുത്ത് സെലീന ഒരു വാഹനം വാങ്ങി. വായ്പയ്ക്ക് ജാമ്യംനിന്നത് ഗിരോഷായിരുന്നു. സെലീന തവണ മുടക്കിയതോടുകൂടി ഇത് ഗിരോഷിന് സാമ്പത്തിക ബാധ്യതയുണ്ടാക്കി. ഇതിനിടെ ഗര്‍ഭിണിയായ ഭാര്യയെ പ്രസവത്തിന് തൊടുപുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പണം തിരികെ നൽകണമെന്ന് ഇയാൾ സെലീനയോട് ആവശ്യപ്പെട്ടു. ഉച്ചയോടെ കത്തിയുമായി ഗിരോഷ് സെലീനയുടെ വീട്ടിലെത്തി. പണം ആവശ്യപ്പെട്ടെങ്കിലും സെലീന നല്കാന് തയ്യാറായില്ല. പ്രകോപിതനായ ഗിരോഷ് കൈയില്‍ കരുതിയ കഠാര ഉപയോഗിച്ച് കഴുത്തില്‍ കുത്തിവീഴ്ത്തി. തുടര്‍ന്ന് ഇടത് മാറ് മുറിച്ചെടുത്ത് പ്ലാസ്റ്റിക് കവറിലാക്കി തൊടുപുഴയിലെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു.
Post Your Comments