തിരുവനന്തപുരം•തിരുവനന്തപുരം മെഡിക്കൽ കോളേജിലെ റീപ്രൊഡക്ടീവ് മെഡിസിൻ വിഭാഗത്തിൽ എം.സി.എച്ച് കോഴ്സ് തുടങ്ങുന്നതിന് വേണ്ടി തസ്തികകള്‍ സൃഷ്ടിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചർ അറിയിച്ചു.
എം.സി.എച്ച് കോഴ്സ് ആരംഭിക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള അസിസ്റ്റന്റ് പ്രൊഫസർ തസ്തികയ്ക്ക് പുറമെ പ്രൊഫസർ , അസോസിയേറ്റ് പ്രൊഫസർ , അസിസ്റ്റന്റ് പ്രൊഫസർ എന്നീ വിഭാഗങ്ങളിൽ ഓരോ തസ്തികകള്‍ വീതമാണ് സൃഷ്ടിച്ചത്.
ഇന്ത്യയിൽ സർക്കാർ മെഡിക്കൽ കോളേജുകളിൽ റീപ്രൊഡക്ടീവ് മെഡിസിനിൽ എം.സി.എച്ച് കോഴ്സ് നിലവിലില്ല. മെഡിക്കൽ കൗൺസിലിനു കീഴിൽ എം.സി.എച്ച് കോഴ്സ് ഇന്ത്യയിലിപ്പോള്‍ 2 സ്വകാര്യ സ്ഥാപനങ്ങളിൽ മാത്രമാണ് നടത്തിവരുന്നത്.
തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ വന്ധ്യതാനിവാരണ ക്ലിനിക്ക് പ്രവര്‍ത്തനം നടന്നുവരുന്നുണ്ട്. സമൂഹത്തിലെ സാധാരണ വിഭാഗങ്ങള്‍ ഈ ക്ലിനിക്കിന്റെ സേവനം ഏറെ പ്രയോജനപ്പെടുത്തി വരികയാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജ് മികവിന്റെ കേന്ദ്രമാക്കുന്നതിന്റെ ഭാഗമായാണ് തസ്തികകള്‍ സൃഷ്ടിച്ച് കോഴ്സ് തുടങ്ങാൻ തീരുമാനിച്ചിട്ടുള്ളത്.
സ്വകാര്യ മേഖലയിൽ ഉയർന്ന ചികിത്സാ ചിലവുള്ള ഈ വന്ധ്യതാനിവാരണ ചികിത്സ സർക്കാർ മേഖലയിൽ കൂടുതൽ മെച്ചപ്പെടുത്തുന്നതോടുകൂടി സാധാരണക്കാരന് മെച്ചപ്പെട്ട ചികിത്സ കുറഞ്ഞ ചിലവിൽ ലഭ്യമാവുമെന്നും മന്ത്രി പറഞ്ഞു. എസ്.എ.ടി. യിൽ തന്നെ പീഡിയാട്രിക് കാർഡിയോളജി തുടങ്ങുന്നതിന്റെ ഭാഗമായി കഴിഞ്ഞമാസം 13 തസ്തിക സൃഷ്ടിച്ചിരുന്നു.
Post Your Comments