ന്യൂഡല്‍ഹി: തപാല്‍ വകുപ്പ് കൂടുതല്‍ സേവനങ്ങള്‍ നല്‍കാന്‍ ഒരുങ്ങുന്നു. പുതിയ 650 തപാല്‍ പെയ്‌മെന്റ് ബാങ്കുകള്‍ (ഇന്ത്യാ പോസ്റ്റ് പെയ്‌മെന്റ് ബാങ്കുകള്‍) സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നു കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി മനോജ് സിന്‍ഹ അറിയിച്ചു. ഇതിനു പുറമെ 1.55 ലക്ഷം പോസ്റ്റ് ഓഫീസുകളിലൂടെ ജനങ്ങള്‍ക്ക് സാമ്പത്തിക സേവനങ്ങള്‍ നല്‍കാനും പദ്ധതിയുണ്ട്. തപാല്‍ വകുപ്പുമായി കേന്ദ്രീകരിച്ച് കൂടുതല്‍ സേവനങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായി എ ടി എമ്മുകള്‍, കോര്‍ ബാങ്കിംഗ്, പാസ്‌പോര്‍ട്ട് സേവ, ആധാര്‍ പേരുചേര്‍ക്കല്‍ എന്നീ സേവനങ്ങളും ഇനി പോസ്റ്റ് ഓഫീസുകളിലൂടെ ലഭ്യമാക്കുമെന്ന് സിന്‍ഹ വ്യക്തമാക്കി. ലോക തപാല്‍ ദിനത്തോടനുബന്ധിച്ച് ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദേശരാജ്യങ്ങളിലേക്ക് തപാല്‍ വകുപ്പിന്റെ സേവനങ്ങള്‍ ഇ- കൊമേഴ്‌സ് വഴി നടപ്പാക്കുന്ന പദ്ധതിയായ അന്താരാഷ്ട്ര ട്രാക്ക്ഡ് പാക്കറ്റ് സര്‍വീസ് സേവനം മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്തു. ആദ്യ ഘട്ടത്തില്‍ ഈ സേവനം 12 രാജ്യങ്ങളില്‍ ലഭിക്കും. പിന്നീട് എല്ലാ രാജ്യങ്ങളിലും സേവനം ലഭ്യമാക്കും. കുറഞ്ഞ ചെലവ്, ഉരുപ്പടികള്‍ ട്രാക്ക് ചെയ്യുന്നതിനുള്ള സൗകര്യം, ഡിസ്‌കൗണ്ടുകള്‍, പിക്ക് അപ് സൗകര്യം, നഷ്ടപ്പെടുന്നതോ കേടു വരുന്നതോ ആയ സാധനങ്ങള്‍ക്ക് നഷ്ട പരിഹാരം എന്നിവയും ഈ സേവനത്തില്‍ ലഭിക്കും.
Post Your Comments