Latest NewsKeralaNews

ബസ് ഡ്രൈവറില്ലാതെ തനിയെ നീങ്ങി വൈദ്യുതി പോസ്റ്റും നാലു ഓട്ടോറിക്ഷകളും ഇടിച്ചു തകര്‍ത്തു

തൃശൂര്‍: ലോഫ്‌ളോര്‍ ബസ് ഡ്രൈവറില്ലാതെ തനിയെ നീങ്ങി വൈദ്യുതി പോസ്റ്റും നാലു ഓട്ടോറിക്ഷകളും ഇടിച്ചു തകര്‍ത്തു. ബസ് വരുന്നതു കാണാതെ ഫോണില്‍ സംസാരിച്ചുനിന്ന വഴിയാത്രക്കാരന്റെ കൈവിരലുകള്‍ അറ്റു. തൃശൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിലായിരുന്നു സംഭവം.

ഇദ്ദേഹം ബസ് തട്ടി താഴെവീണതിനിടെ വൈദ്യുതിപോസ്റ്റില്‍ വിരലുകള്‍ കുടുങ്ങിയാണ് അപകടം. കെ.എസ്.ആര്‍.ടി.സി. തൃശൂര്‍ ഡിപ്പോയില്‍നിന്ന് എറണാകുളത്തേക്കു പോകാന്‍ യാത്രക്കാരെ കയറ്റിയ ബസാണ് അപകടമുണ്ടാക്കിയത്.

ബസുമായി പുറപ്പെട്ട ഡ്രൈവര്‍ യാത്രയ്ക്കു വാഹനം സജ്ജമല്ലെന്നു തോന്നിയതോടെ പുറകോട്ടെടുത്ത് ഗാരേജില്‍ നിര്‍ത്തി പരിശോധിക്കുന്നതിനിടെ ആയിരുന്നു ബസ് തനിയെ നീങ്ങിയത്. ബസ് തനിയെ നീങ്ങിയതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി നിലവിളിച്ചു.

ഡ്രൈവര്‍ ചാടിക്കയറി എന്‍ജിന്‍ ഓഫ് ചെയ്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ബസ് പതുക്കെയാണ് നീങ്ങിയതെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് രണ്ടേമുക്കാലോടെയാണ് സംഭവം. ബസ് എന്‍ജിന്റെ വായുക്രമീകരണ സംവിധാനം തകരാറിലായതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ഒല്ലൂക്കര തൊഴുക്കാട് വീട്ടില്‍ രാമചന്ദ്രനാണ് (45) പരുക്കേറ്റത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.

സ്റ്റാന്‍ഡിന് കിഴക്കു ഭാഗത്തുനിന്നു നീങ്ങിയ ബസ് തൊട്ടടുത്ത് പോപ്പുലര്‍ റോഡിലെ വൈദ്യുതി പോസ്റ്റിലാണ് ആദ്യം തട്ടിയത്. തുടര്‍ന്ന് ഓട്ടോയില്‍ ഇടിച്ചു. അതോടെ കൂട്ടയിടിയായി. ഓട്ടോസ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷകളിലെ ഡ്രൈവര്‍മാര്‍ ബസ് വരുന്നതു കണ്ട് ഓടി രക്ഷപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button