Latest NewsNewsIndia

മൃഗശാല ജീവനക്കാരനെ വെള്ളക്കടുവകള്‍ കടിച്ചുകീറി കൊലപ്പെടുത്തി

ബെംഗളൂരു: ബന്നാര്‍ഗട്ട ബയോളജിക്കല്‍ പാര്‍ക്കിലെ ജീവനക്കാരനെ വെള്ളക്കടുവക്കുഞ്ഞുങ്ങള്‍ കടിച്ചുകൊന്നു. മൃഗശാല കാവല്‍ക്കാരനായ ആഞ്ജനേയ 41 ആണ് മരിച്ചത്. കഴുത്തില്‍ കടിയേറ്റതാണ് പെട്ടെന്ന് മരണപ്പെടാന്‍ കാരണമായത്.

ആഞ്ജിയുടെ മാംസം കടുവകള്‍ ഭക്ഷിച്ചതായും റിപ്പോര്‍ട്ടുണ്ട്. ശനിയാഴ്ച വൈകിട്ട് കടുവകള്‍ക്കു ഭക്ഷണം നല്‍കാനായി കൂടിനകത്തേക്കു കയറിയപ്പോഴായിരുന്നു അപകടം. അഞ്ചുമണി വരെയാണു മൃഗശാലയില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം. അതിനുശേഷം കൂടുകളില്‍ നിന്നും അവശിഷ്ടങ്ങള്‍ നീക്കി കൂടു വൃത്തിയാക്കി ഭക്ഷണം നല്‍കുന്നത് പതിവായിരുന്നു.

ആ സമയത്ത് സഫാരി മേഖലയില്‍ കടുവകളെ നിര്‍ത്തി മറ്റൊരു ഭാഗത്താണ് ഭക്ഷണം എത്തിച്ചിരുന്നത്. എന്നാല്‍ ആഞ്ജി കയറുമ്പോള്‍ ഭക്ഷണം നല്‍കുന്നയിടത്തിനും സഫാരി മേഖലയ്ക്കും ഇടയിലുള്ള മതിലിന്റെ വാതില്‍ അടച്ചിരുന്നില്ല. മറ്റൊരു ജീവനക്കാരനായ ഹച്ചെഗൗഡയ്‌ക്കൊപ്പം ഭക്ഷണവുമായി അകത്തേക്കു കയറിയപ്പോള്‍ കടുവക്കുഞ്ഞുങ്ങള്‍ പാഞ്ഞു വരികയായിരുന്നു. സൗഭാഗ്യ എന്ന കടുവയുടെ കുട്ടികളായ വന്യയും ത്സാന്‍സിയുമായിരുന്നു ആക്രമിച്ചത്. എന്നാല്‍ ഹച്ചെഗൗഡ ഓടി രക്ഷപ്പെട്ടു.

അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. സംഭവത്തെപ്പറ്റി മൃഗശാല അധികൃതരും അന്വേഷണം നടത്തുന്നുണ്ട്. കേസന്വേഷണം നടക്കുന്നതിനാല്‍ കൂടുതലൊന്നും പറയാനാകില്ലെന്ന് മൃഗശാല അധികൃതര്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button