17 വര്‍ഷത്തിനു ശേഷം മലയാളിയായ മാതാവിനെ കണ്ടെത്തിയ മകന്‍ സുഡാനിലെ ഹാനി നാദര്‍ മര്‍ഗാനി അലി ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിച്ചു. മാതാവിനെയും സഹോദരിയെയും ഫേസ്ബുക്ക് വഴിയാണ് ഹാനി കണ്ടെത്തിയത്.
തനിക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നതിനുവേണ്ടി ഇന്ത്യന്‍ കോണ്‍സല്‍ ജനറലിനെ സമീപിച്ചു. ദുബായിലെ ടൈപ്പിങ് സെന്ററില്‍ ജോലി ചെയ്യുന്ന ഹാനിക്ക് ഇന്ത്യന്‍ പൗരത്വ കാര്‍ഡിനുള്ള അപേക്ഷ നല്‍കുമെന്നും സ്ഥിര പൗരത്വം ലഭിക്കുന്നതിന് സമയബന്ധിതമായി സമ്മര്‍ദ്ദം ചെലുത്തുമെന്നും കോണ്‍സല്‍ ജനറല്‍ വിപുല്‍ ഉറപ്പ് നല്‍കി.
വിഷയത്തിന്റെ പ്രാധാന്യം പരിഗണിച്ച് എല്ലാ വിധ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു. സുഡാന്‍ പൗരനായ ഹാനിയുടെ പിതാവ് പഠനത്തിനായി കേരളത്തില്‍ വന്നപ്പോഴാണ് കോഴിക്കോട് സ്വദേശിനിയായ നൂര്‍ജഹാനെ വിവാഹം കഴിച്ചത്. 2000 സെപ്റ്റംബറില്‍ മൂന്നു വയസുള്ള ഹാനിയെ അമ്മ അറിയാതെ നഴ്സറി സ്‌കൂളില്‍ നിന്നു പിതാവ് സുഡാനിലേക്കു കൂട്ടിക്കൊണ്ടു പോയി.
കുട്ടിയെ കാണാതെ നഴ്സറിയില്‍ അന്വേഷിച്ചപ്പോഴാണ് വിവരം പുറത്തുവന്നത്. സുഡാനിലെത്തിയ പിതാവ് മറ്റൊരു വിവാഹം കഴിച്ചതോടെ ഹനിയുടെ ജീവിതം ദുരിതത്തിലായി. എങ്ങിനെയെങ്കിലും അമ്മയുടെയും സഹോദരിമാരുടെയും അടുത്തെത്തണമെന്നായിരുന്നു ഹാനിയുടെ ചിന്ത. ഒടുവില്‍ കേരളത്തില്‍നിന്നു സുഡാനിലെത്തിയ മണ്ണാര്‍കാടു സ്വദേശി ഫാറൂഖ് ഹാനിയുടെ പക്കലുണ്ടായിരുന്ന ജനനസര്‍ട്ടിഫിക്കറ്റും ഫോട്ടോകളും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് ഹാനിക്ക് അമ്മയെ തിരിച്ചുകിട്ടിയത്.
Post Your Comments