Home & Garden

വീടു പണിയിലെ ചെലവു കുറയ്ക്കാന്‍ ചില വിദ്യകള്‍

വീടുപണി സമയത്തെ നിര്‍മ്മാണ ചെലവ് സാധാരണക്കാരെ വിഷമത്തിലാക്കുന്നതാണ്. എന്നാൽ നിർമാണ സമയത്ത് ചില കാര്യങ്ങൾ നാം ശ്രദ്ധിക്കുകയാണെങ്കില്‍, ചെലവുകൾ നന്നേ കുറയ്ക്കാൻ കഴിയും. അസ്തിവാരത്തിന്റെ ആഴവും വണ്ണവും മണ്ണിന്റെ ബലത്തിന് അനുസരിച്ച് ആവശ്യത്തിനുമാത്രം മതി. മണ്ണിനു നല്ല ഉറപ്പുണ്ടെങ്കിൽ അടിസ്ഥാനം പാറച്ചെളി ഉപയോഗിച്ചു കെട്ടാം.

എല്ലാ അവസരങ്ങളിലും ഫൗണ്ടേഷൻ കോൺക്രീറ്റ് കൊടുക്കണമെന്നില്ല. ചെങ്കല്ല്, ചുടുകട്ട മുതലായവയും ഉപയോഗിക്കാവുന്നതാണ്. ബേസ്മെന്റ് പാറയോ ചെങ്കല്ലോ ചുടുകട്ടയോ ഉപയോഗിച്ച് കെട്ടാം. ചെളി ഉപയോഗിച്ചു കെട്ടുന്ന അവസരങ്ങളിൽ നല്ല രീതിയില്‍ സിമന്റ് ചാന്തുപയോഗിച്ച് പോയിന്റ് ചെയ്യേണ്ടതാണ്.

അസ്തിവാരത്തിനുവേണ്ടി മണ്ണിന്റെ പണി നടക്കുമ്പോൾ തന്നെ വെട്ടിയെടുക്കുന്ന മണ്ണ് മുറിയുടെ ഉൾവശത്ത് ഇടുകയാണെങ്കിൽ ഒരു പരിധിവരെ ബേസ്മെന്റ് ഫില്ലിങ്ങും പ്രത്യേക ചെലവില്ലാതെ തന്നെ പൂർത്തിയാക്കാം.

ഉപരിതലത്തിൽ ഉറച്ച പാറക്കെട്ടുള്ള സ്ഥലങ്ങളിൽ അടിസ്ഥാനത്തിന്റെയോ ബേസ്മെന്റിന്റെയോ ആവശ്യമില്ലാതെ ഭിത്തി വരുന്ന ഭാഗങ്ങളിൽ ചെറിയ അനേകം ദ്വാരങ്ങൾ ഉണ്ടാക്കി അതിൽ ചെറിയ കമ്പിത്തുണ്ടുകൾ ഇറക്കി ഒരു ബെൽറ്റ് മാത്രം പണിതാൽ മതി.

ഉപയോഗത്തിനനുസരിച്ച് ചുവരുകൾ പലവിധമുണ്ട്. ഓരോന്നും അനുയോജ്യമായ രീതിയിൽ ഡിസൈൻ ചെയ്തു നിർമിക്കുന്നതായിരിക്കും നല്ലത്. നാടൻ ശൈലികൾ തന്നെയും ശാസ്ത്രീയമായി ഉപയോഗിക്കും.

നനയാതെ സൂക്ഷിക്കാൻ കഴിഞ്ഞാല്‍ ഒറ്റനിലയുള്ള വീടുകളുടെ ചുവരുകൾക്ക് മണ്ണുകൊണ്ടുള്ള കട്ടകള്‍ തന്നെ മതിയാകും. നാടൻ, ചുടുകട്ട, ചെളി ഉപയോഗിച്ച് കെട്ടി ചാന്തുപയോഗിച്ച് പൂശുകയോ, പോയിന്റ് ചെയ്തോ ഉപയോഗിക്കാം. നല്ല ചെങ്കല്ല് രണ്ടുനില വീടുകൾക്ക് സുരക്ഷിതമായി ഉപയോഗിക്കാം.

ഒറ്റനില വീടുകൾക്ക് ചെങ്കല്ല് ചെളി ഉപയോഗിച്ച് കെട്ടിയാലും മതിയാകും. എന്നാൽ ചെളി ഉപയോഗിക്കുന്ന സാഹചര്യങ്ങളിൽ ചിതലിന്റെ ശല്യം ഉണ്ടാകാൻ വളരെ സാധ്യതയുണ്ട്. അതിനുവേണ്ട മുൻകരുതലുകൾ കൂടി നിർമാണഘട്ടത്തിൽ സ്വീകരിക്കേണ്ടത് വളരെ അത്യാവശ്യമാണ്.

ഇഷ്ടിക ചുമരുകൾ ഡിസൈൻ ചെയ്ത് ഉപയോഗിച്ചാൽ മൂന്നുനില വരെയുള്ള കെട്ടിടങ്ങൾക്ക് 9 ഇഞ്ച് ചുമരു മതിയാകും.

റി ഇൻഫോഴ്സ്ഡ് (കട്ടകൾക്കിടയിൽ കമ്പിയിട്ടു പണിയുന്ന രീതി, ഭൂകമ്പ സാധ്യത പ്രദേശങ്ങളിൽ കൂടുതലായി നിർമിക്കുന്നു) ഗ്രൗട്ടഡ് റീ ഇൻഫോഴ്സ്ഡ് ഇഷ്ടികപ്പണികൾ
മുതലായവയും വളരെ ഫലപ്രദമായി ഉപയോഗിക്കാം.

സ്റ്റെബിലൈസ്ഡ് മഡ് ബ്ലോക്ക് : സാധാരണ മൺകട്ടകളിൽ 4–5 ശതമാനം സിമന്റോ 4:2 അനുപാതത്തിൽ സിമന്റും കുമ്മായവും ചേർത്തു നിർമിക്കുന്ന മൺകട്ടകൾ 25 ശതമാനം വരെ ചെലവു കുറയ്ക്കുന്നു.

റബ്ബിള്‍ ഫില്ലര്‍ ബ്ലോക്ക് : മിച്ചം വരുന്ന പാറക്കഷണങ്ങൾ മോൾഡിൽ നിരത്തി 30–20–15 കനത്തിൽ നിർമിച്ചെടുക്കുന്ന കട്ടകൾ. ഇവയ്ക്ക് 20 ശതമാനത്തോളം വിലക്കുറവുണ്ട്.

ഇന്റര്‍ ലോക്ക് കട്ടകള്‍: കട്ടകൾക്കു വില കൂടുമെങ്കിലും തേപ്പ് വേണ്ടതില്ലാ എന്നതുകൊണ്ട് മൊത്തത്തിൽ ചെലവു കുറയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button