Latest NewsNewsGulf

നിയമം മാറിയതോടെ ഡ്രൈവിങ് പഠിക്കാന്‍ സൗദിയില്‍ സ്ത്രീകളുടെ തിരക്ക്; അപകടങ്ങളും പതിവ്

 

റിയാദ് : സൗദിയില്‍ സ്ത്രീകള്‍ ഡ്രൈവ് ചെയ്യുന്നതിനുള്ള നിരോധനം ഒരാഴ്ച മുമ്പായിരുന്നു നീക്കിയത്. ഇതിനെ ലോകം പ്രത്യേകിച്ച് സ്ത്രീ പുരുഷ സമത്വത്തിന്റെ വക്താക്കള്‍ ഹര്‍ഷാരവത്തോടെയായിരുന്നു സ്വാഗതം ചെയ്തിരുന്നത്. നിയമം മാറിയതോടെ ഡ്രൈവിങ് പഠിക്കാന്‍ സൗദിയില്‍ സ്ത്രീകളുടെ തിക്കും തിരക്കും രൂക്ഷമായെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് സ്ത്രീ ഡ്രൈവര്‍മാര്‍ ഭാഗഭാക്കായ അപകടങ്ങളും പതിവായിരിക്കുകയാണ്.

ഇതിനിടെ പഠനസമയത്തുണ്ടായ അപകടത്തില്‍ ഒരു യുവതി മരിച്ച ചിത്രങ്ങള്‍ വൈറലാക്കി നിരോധനം തുടരാന്‍ ആഗ്രഹിക്കുന്നവര്‍ രംഗത്തെത്തിയിട്ടുമുണ്ട്. റെഡ്‌സീയ്ക്കടുത്ത് ജിദ്ദയിലാണ് ഡ്രൈവിംഗിനിടെ യുവതി മരിച്ചിരിക്കുന്നത്. വണ്ടിയോടിക്കാനുള്ള ആദ്യപാഠങ്ങള്‍ പഠിക്കുമ്പോഴായിരുന്നു ഈ അപകടം.. 2018 ജൂണ്‍ മുതല്‍ സൗദിയില്‍ സ്ത്രീകള്‍ക്ക് വണ്ടിയോടിക്കാമെന്ന നിര്‍ണായകമായ പ്രഖ്യാപനം കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സൗദിയിലെ സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ചിരുന്നത്.

സ്ത്രീകള്‍ക്കുള്ള ഡ്രൈവിങ് നിരോധനം പിന്‍വലിക്കുമെന്ന പ്രതീക്ഷയില്‍ നേരത്തെ തന്നെ തന്റെ ഭാര്യ പരിശീലനം തുടങ്ങിയിരുന്നുവെന്നും അതിനിടെയുള്ള അപകടത്തിലാണ് അവര്‍ മരിച്ചിരിക്കുന്നതെന്നും യുവതിയുടെ ഭര്‍ത്താവ് വെളിപ്പെടുത്തുന്നു. ഭര്‍ത്താവ് തന്നെയായിരുന്നു ഇവരെ ഡ്രൈവിങ് പഠിപ്പിച്ചിരുന്നത്. പഠനത്തിനിടെ യുവതിയുടെ നിയന്ത്രണം വിട്ട് വണ്ടിയുടെ വേഗത വര്‍ധിക്കുകയും അടുത്തുള്ള ഒരു കോണ്‍ക്രീറ്റ് ബ്ലോക്കിലിടിച്ച് മരണം സംഭവിക്കുകയുമായിരുന്നു. അപകടത്തില്‍ പരുക്കേറ്റ ഭര്‍ത്താവിനെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സ്ത്രീകള്‍ക്ക് ഡ്രൈവ് ചെയ്യുന്നതിനുള്ള കഴിവില്ലെന്ന ഏറ്റവും വലിയ ഉദാഹരണമാണ് ഈ യുവതിക്കുണ്ടായിരിക്കുന്ന ദുരന്തമെന്ന് ഉയര്‍ത്തിക്കാട്ടി യാഥാസ്ഥിതികള്‍ രംഗത്തെത്തിയിട്ടുണ്ട്. അതിനാല്‍ സ്ത്രീകള്‍ക്കുള്ള ഡ്രൈവിങ് നിരോധനം തുടരണമെന്നും അവര്‍ വാദിക്കുന്നു.

പ്രമുഖ മുസ്ലിം മതപണ്ഡിതന്മാരുടെ പിന്തുണയുള്ളതും കാലങ്ങളായി സൗദി പിന്തുടര്‍ന്ന് വരുന്നതുമായ സ്ത്രീകള്‍ക്കുള്ള ഡ്രൈവിങ് നിരോധനം എടുത്ത് മാറ്റിയ രാജാവിന്റെ നടപടിയില്‍ ചില സൗദിക്കാര്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button