KeralaLatest NewsNews

പ്രവാസി ക്ഷേമനിധിയില്‍ ചേര്‍ന്നവര്‍ക്കും പുതുതായി ചേരാന്‍ പോകുന്നവര്‍ക്കും അറിയേണ്ട കാര്യങ്ങള്‍

 

തിരുവനന്തപുരം : പ്രവാസി കേരളീയരുടെ ഉന്നമനത്തിനായി 2008 പ്രവാസിക്ഷേമ ആക്ട് പ്രകാരം രൂപവത്കരിക്കപ്പെട്ടതാണ് പ്രവാസി ക്ഷേമനിധി. 18-നും 60-നും ഇടയില്‍ പ്രായമുള്ള പ്രവാസികള്‍ക്കാണ് ക്ഷേമനിധിയില്‍ ചേരാന്‍ അര്‍ഹത. നാലുതരം അംഗത്വമാണ് ക്ഷേമനിധിയിലുള്ളത്. നിലവില്‍ വിദേശത്തു ജോലി ചെയ്യുന്നവര്‍ (പ്രവാസി കേരളീയന്‍) (വിദേശം) ഒന്ന് എ വിഭാഗം,

രണ്ടുവര്‍ഷത്തില്‍ കുറയാത്ത കാലയളവില്‍ പ്രവാസി കേരളീയനായിരുന്ന, വിദേശത്തുനിന്ന് തിരിച്ചുവന്നവര്‍ (മുന്‍ പ്രവാസി കേരളീയന്‍) ഒന്ന് ബി വിഭാഗം

ഇന്ത്യയിലെ മറ്റേതെങ്കിലും സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ (പ്രവാസി കേരളീയന്‍) (ഭാരതം),

കേരളത്തിലേക്ക് മടങ്ങിയ രണ്ട് എ വിഭാഗത്തില്‍പ്പെട്ട പ്രവാസി. (ഇവരെ കല്പിത അംഗം എന്നാണ് കണക്കാക്കുന്നത് ).

തുടര്‍ച്ചയായി ഒരുവര്‍ഷം അംശദായം അടയ്ക്കുന്നതില്‍ വീഴ്ചവരുത്തിയാല്‍ അംഗത്വം സ്വമേധയാ റദ്ദാകും. പിന്നീട് 15 ശതമാനം പിഴ അടച്ചുവേണം അംഗത്വം പുനഃസ്ഥാപിക്കാന്‍.

അപേക്ഷിക്കുന്ന വിധം

അംഗത്വ അപേക്ഷാഫോറം വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ എന്നിവിടങ്ങളിലെ ലെയ്‌സണ്‍ ഓഫീസില്‍നിന്നും അപേക്ഷാഫോറം ലഭിക്കും. പൂര്‍ണമായി പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകളോടൊപ്പം ഇരുനൂറ് രൂപയുടെ രജിസ്‌ട്രേഷന്‍ ഫീസ് അടച്ച ചല്ലാന്‍ അടക്കം അതാത് മേഖലാഓഫീസില്‍ നേരിട്ടോ തപാല്‍ വഴിയോ എത്തിക്കണം. അംഗത്വത്തിന് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാനും രജിസ്‌ട്രേഷന്‍ ഫീസ് അടയ്ക്കാനുമുള്ള സൗകര്യം ഇപ്പോഴുണ്ട്. എന്നാല്‍ അപേക്ഷാഫോറവും രേഖകളും ഹാര്‍ഡ് കോപ്പിയായി അതാത് മേഖലാഓഫീസില്‍ നേരിട്ട് എത്തിക്കണമെന്നാണ് നിബന്ധന.

അംശാദായം അടയ്ക്കാന്‍

പ്രവാസി കേരളീയന്‍ ഒന്ന് എ വിഭാഗത്തിലുള്ളവര്‍ മുന്നൂറുരൂപ, രണ്ടു വര്‍ഷത്തില്‍ കുറയാത്ത കാലയളവില്‍ വിദേശത്തുനിന്നു തിരിച്ചുവന്ന് കേരളത്തില്‍ സ്ഥിരതാമസമാക്കിയ രണ്ട് ബി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും കേരളത്തിനുപുറത്ത് മറ്റു സംസ്ഥാനങ്ങളില്‍ ജോലിചെയ്യുന്ന രണ്ട് എ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും നൂറുരൂപയും കേരളത്തിലേക്ക് മടങ്ങിയ രണ്ട് എ വിഭാഗത്തില്‍പ്പെട്ടവര്‍ അമ്പത് രൂപയുമാണ് അടയ്‌ക്കേണ്ടത്.

ആനുകൂല്യങ്ങള്‍

ഗുരുതരമായ രോഗംബാധിച്ച അംഗങ്ങളുടെ ചികിത്സയ്ക്കായി അമ്പതിനായിരംവരെ രൂപയാണ് സഹായധനം ലഭിക്കുന്നത്. കൂടാതെ പെന്‍ഷന് അര്‍ഹത നേടുന്നതിനുമുമ്പ് അംഗം മരണപ്പെട്ടാല്‍ കുടുംബത്തിന് പുതിയ നിയമമനുസരിച്ചു ഒരു ലക്ഷംവരെ രൂപ സഹായധനം ലഭിക്കും.

കുറഞ്ഞത് മൂന്നുവര്‍ഷമെങ്കിലും അംശദായം അടച്ചുവരുന്ന കല്പിത അംഗത്തിനൊഴികെ പ്രായപൂര്‍ത്തിയായ പെണ്‍മക്കളുടെയും സ്ത്രീ അംഗങ്ങളുടെയും വിവാഹച്ചെലവിനായി പതിനായിരം രൂപവീതം രണ്ടു പെണ്‍മക്കളുടെ വിവാഹ ചെലവിലേക്കായി നല്‍കും. തുടര്‍ച്ചയായി രണ്ടുവര്‍ഷക്കാലം അംശദായം അടച്ചിട്ടുള്ള കല്പിത അംഗം ഒഴികെയുള്ള വനിതാ അംഗങ്ങള്‍ക്ക് രണ്ടു പ്രസവങ്ങള്‍ക്ക് മൂവായിരം രൂപവീതം ആനൂകൂല്യം ലഭിക്കും. തുടര്‍ച്ചയായി രണ്ടുവര്‍ഷക്കാലം അംശദായം അടച്ചിട്ടുള്ള കല്പിതഅംഗം ഒഴികെയുള്ള അംഗങ്ങളുടെ മക്കളുടെ ഉന്നത പഠനത്തിന് പരമാവധി നാലായിരം രൂപവരെയാണ് ആനുകൂല്യം ലഭിക്കുന്നത്.

പെന്‍ഷനുകള്‍

അറുപതുവയസ്സ് പൂര്‍ത്തിയായതും അഞ്ചു വര്‍ഷത്തില്‍ കുറയാത്ത കാലയളവിലും അറുപതു വയസ്സുവരെയും അംശദായം അടച്ചിട്ടുള്ളവരുമായ ഓരോ അംഗത്തിനും കുറഞ്ഞത് രണ്ടായിരം രൂപയും (പുതിയ ബജറ്റ് പ്രഖ്യാപനമനുസരിച്ച്) അഞ്ചുവര്‍ഷത്തില്‍ കൂടുതല്‍ കാലം തുടര്‍ച്ചയായി അംശാദായം അടച്ച അംഗങ്ങള്‍ക്ക് അവര്‍ പൂര്‍ത്തിയാക്കിയ ഓരോ വര്‍ഷത്തിനും കുറഞ്ഞത് പെന്‍ഷന്‍ തുകയുടെ മൂന്ന് ശതമാനത്തിന് തുല്യമായ തുകകൂടി പ്രതിമാസം അധികപെന്‍ഷന്‍ ലഭിക്കുന്നതിന് അര്‍ഹത ഉണ്ടായിരിക്കും. ഈ വ്യവസ്ഥ അനുസരിച്ചു പരമാവധി പെന്‍ഷന്‍ 4,000 രൂപ ലഭിക്കും. (വര്‍ധിപ്പിച്ച പെന്‍ഷന്‍ 2017 സെപ്റ്റംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു.) സര്‍ക്കാരുകള്‍ കാലാനുസൃതമായി വര്‍ധിപ്പിക്കുന്ന പെന്‍ഷനും മറ്റു ആനുകൂല്യങ്ങള്‍ക്കും ഈ പദ്ധതിയിലെ അംഗങ്ങള്‍ക്ക് അര്‍ഹത ഉണ്ടായിരിക്കും.
കുടുംബമായി താമസിക്കുന്ന ആളുകള്‍ക്കും ഈ പദ്ധതിയില്‍ അംഗങ്ങളാവാം. അങ്ങനെ അംഗമാവുന്ന ഭാര്യാഭര്‍ത്താക്കന്മാരില്‍ ഒരാള്‍ മരിച്ചാല്‍ ജീവിച്ചിരിക്കുന്ന പങ്കാളിക്ക് സ്വന്തം പെന്‍ഷനുപുറമെ കുടുംബപെന്‍ഷനും അര്‍ഹതയുണ്ടായിരിക്കും. പ്രായംചെന്നവര്‍ക്കാണ് ഈ പദ്ധതിയുടെ പ്രയോജനം കൂടുതലും ലഭിക്കുക.

അവശത പെന്‍ഷന്‍

ക്ഷേമനിധിയില്‍ തുടര്‍ച്ചയായ മൂന്നുവര്‍ഷം അടച്ച ഒരംഗത്തിന് അപകടത്തെത്തുടര്‍ന്നോ അല്ലെങ്കില്‍ രോഗംമൂലമോ ഏതെങ്കിലും തൊഴില്‍ ചെയ്യുന്നതിന് സ്ഥിരമായ അവശത ഉണ്ടാവുകയാണെങ്കില്‍ പെന്‍ഷന്‍ തുകയുടെ 40 ശതമാനം അവശത പെന്‍ഷന്‍ ലഭിക്കും.

ആശ്വാസ നിധി

ഓരോ അംഗത്തിന്റെയും അംശാദായത്തിന്റെ 15 ശതമാനം ഈ നിധിയിലേക്ക് നീക്കിവെക്കും. വിദേശത്തുനിന്ന് തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് പലിശരഹിതമായി സ്വയംതൊഴില്‍ കണ്ടെത്താനോ ബോര്‍ഡ് തീരുമാനങ്ങള്‍ക്കു വിധേയമായി പലിശരഹിതമോ പലിശസഹിതമോ വീട് വെക്കാനോ വീടുംസ്ഥലവും വാങ്ങാനോ വീടിന്റെ അറ്റകുറ്റപ്പണികള്‍ നടത്താനോ വായ്പ നല്‍കാനാണ് ആശ്വാസനിധി. എന്നാല്‍ ഈ നിധി ഇതുവരെ പ്രവര്‍ത്തനക്ഷമമായിട്ടില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button