ഫേനം ഫേന്‍: തമിഴ്‌നാട്ടിലെ ദാവൂദ് എന്നറിയപ്പെടുന്ന കുപ്രസിദ്ധ കുറ്റവാളി ശ്രീധര്‍ ധനപാലനെ (44) മരിച്ച നിലയില്‍ കണ്ടെത്തി. സയനൈഡ് കഴിച്ചാണ് ഇയാൾ മരിച്ചത്. ഇയാളെ ആത്മഹത്യ ചെയ്ത നിലയില്‍ കംബോഡിയയില്‍ ബുധനാഴ്ചയാണ് കണ്ടെത്തിയത്.
ശ്രീധറിന്റെ പേരിൽ ഏഴു കൊലപാതകങ്ങള്‍ ഉള്‍പ്പെടെ 43 കേസുകള്‍ ഉണ്ടായിരുന്നു. ദേശീയ മാധ്യമമായ ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസാണ് മരിച്ച വിവരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇയാള്‍ തെക്കന്‍ സംസ്ഥാനങ്ങളില്‍ അനധികൃത മദ്യ വില്‍പ്പന നടത്തിയാണ് ഭൂമാഫിയ തലവാനായി വളരുന്നത്. കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളായിരുന്നു ഇയാളുടെ സ്ഥിരം താവളം.
നേരത്തെ ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നലകിയ അഭിമുഖത്തില്‍ 2013 ല്‍ വിദേശത്തേക്ക് കടന്ന് ഒളിവില്‍ കഴിഞ്ഞിരുന്ന തമിഴ് ദാവൂദ് നീതിപൂര്‍വമായ വിചാരണ ലഭിക്കുമെങ്കില്‍ ഇന്ത്യയിലേയ്ക്ക് മടങ്ങിവരാന്‍ തയാറാണെന്ന് ഇയാള്‍ വ്യക്തമാക്കിയിരുന്നു. ആത്മഹത്യ ചെയ്യുന്നതിനു തൊട്ടു മുമ്പ് ഇയാള്‍ തമിഴ്‌നാട്ടിലുള്ള അനുയായികളെ വിളിച്ച് മരിക്കാന്‍ പോകുന്ന വിവരം അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ഇയാളുടെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് വിദേശത്തേക്ക് കടന്നതിനു പിന്നാലെ റദ്ദാക്കിയിരുന്നു. ബിസിനസ് വിസയുടെ കാലാവധി 2017 ല്‍ അവസാനിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയിലേയ്ക്ക് മടങ്ങി വന്നാല്‍ പോലീസ് വെടിവെച്ച് കൊല്ലുമോ എന്നും ശ്രീധര്‍ ഭയപ്പെട്ടിരുന്നു.
Post Your Comments