കോട്ടയം: കോട്ടയം സർക്കാർ മെഡിക്കൽ കോളേജിലെ എംബിബിഎസ് കോഴ്സിന്റെ അംഗീകാരം മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ (എംസിഐ) റദ്ദാക്കി. അടിസ്ഥാന സൗകര്യങ്ങളുടേയും അധ്യയന വിഭാഗത്തിന്റേയും അഭാവങ്ങൾ പരിഗണിച്ചാണ് എംസിഐ അംഗീകാരം റദ്ദാക്കിയത്. സംഭവത്തിൽ എംസിഐ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനോട് വിശദമായ റിപ്പോർട്ട് തേടി.
ജൂലൈ 26, 27 തീയതികളിൽ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ വിദഗ്ധ സംഘം കോട്ടയം മെഡിക്കൽ കോളേജിൽ പരിശോധന നടത്തിയിരുന്നു. ഇവർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
അതേസമയം, കോഴ്സിന്റെ അനുമതി റദ്ദാക്കിയത് സാങ്കേതിക പിഴവാണെന്നാണ് ആരോഗ്യ അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്റെ ഭാഷ്യം. വിശദീകരണ റിപ്പോർട്ട് സമർപ്പിച്ചതിനു ശേഷം എംസിഐ തീരുമാനം പുനഃപരിശോധിക്കുമെന്നാണ് കരുതുന്നത്. കൂടാതെ, റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുള്ള അസൗകര്യങ്ങൾ സർക്കാർ പരിഗണിക്കുകയും പരിഹരിക്കുകയും ചെയ്യുമെന്നും രാജീവ് പറഞ്ഞു.
നിലവിൽ 150 എംബിബിഎസ് സീറ്റുകളാണ് കോട്ടയം മെഡിക്കൽ കോളേജിനുള്ളത്. കോളേജിന്റെ വിശദീകരണം മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ തള്ളിയാൽ 50 സീറ്റുകൾ കോളേജിനു നഷ്ടപ്പെടും.
Post Your Comments