Latest NewsNewsInternational

യു.എസില്‍ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച കൊലയാളിയെ കുറിച്ച് യു.എസ് പൊലീസ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടു

ലാസ് വേഗസ് : യു.എസില്‍ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച കൊലയാളിയെ കുറിച്ച് യു.എസ് പൊലീസ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടു
അന്‍പത്തിയെട്ടു പേരുടെ മരണത്തിനും നാനൂറിലേറെ പേര്‍ക്ക് പരുക്കേല്‍ക്കാനും ഇടയാക്കിയ വെടിവയ്പിനു പിന്നില്‍ പ്രവര്‍ത്തിച്ച കൊലയാളി സ്റ്റീഫന്‍ ക്രെയ്ഗ് പാഡക് വിരമിച്ച് വിശ്രമ ജീവിതം നയിക്കുന്ന അക്കൗണ്ടന്റ് ആണെന്ന് വെളിപ്പെടുത്തല്‍. അറുപത്തിനാലുകാരനായ ഇയാള്‍ക്ക് ചൂതുകളി ഹരമാണ്. ‘പ്രഫഷണല്‍ ചൂതാട്ടക്കാരന്‍’ എന്നാണ് സുഹൃത്തുക്കള്‍ക്കിടയില്‍ സ്വയം വിശേഷിപ്പിക്കുന്നതു തന്നെ. പൈലറ്റ് ലൈസന്‍സുമുണ്ട്.

നെവാഡയ്ക്കടുത്ത് മെസ്‌ക്വിറ്റിലേക്ക് 2015ലാണ് ഇയാള്‍ താമസം മാറിയത്. ഇതുവരെ സ്റ്റീഫന്‍ ക്രെയ്ഗിന്റെ പേരിലുള്ളതാകട്ടെ ഒരു ചെറിയ ട്രാഫിക് നിയമലംഘന കുറ്റം മാത്രം. തികച്ചും ശാന്തജീവിതം നയിച്ച വ്യക്തിയായിരുന്നു സ്റ്റീഫനെന്നും എന്തും വാങ്ങാനുള്ള പണം കയ്യിലുണ്ടായിരുന്നെന്നും സഹോദരന്‍ എറിക് പാഡകിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സ്റ്റീഫന്റെ പിതാവ് പാട്രിക് ബെഞ്ചമിന്‍ പാഡക് 1960-70കളില്‍ പൊലീസിനെ ഏറെ കബളിപ്പിച്ച ബാങ്ക് കൊള്ളക്കാരനായിരുന്നു. ഒരിക്കല്‍ ജയില്‍ ചാടിയതിനെത്തുടര്‍ന്ന് എഫ്ബിഐയുടെ പിടികിട്ടാപുള്ളികളുടെ പട്ടികയിലും ഇടംപിടിച്ചിരുന്നു. ഏതാനും വര്‍ഷം മുന്‍പാണ് പാട്രിക് മരിച്ചത്.

ഒരാഴ്ച മുന്‍പ് ഫ്‌ചോറിഡയില്‍ ഇര്‍മ ചുഴലിക്കാറ്റ് ആഞ്ഞടിച്ചതിനു പിന്നാലെ സ്റ്റീഫന്‍ അവിടെയുള്ള അമ്മയെ ഫോണില്‍ വിളിച്ചിരുന്നു. തനിക്കും മെസേജ് അയച്ചിരുന്നതായി സഹോദരന്‍ പറയുന്നു. അതായിരുന്നു ഇരുവരും തമ്മിലുള്ള അവസാന ആശയവിനിമയം.

എന്തും വാങ്ങാനുള്ള പണം തന്റെ സഹോദരന്റെ കയ്യിലുണ്ടായിരുന്നെന്നാണ് എറിക് പറയുന്നത്. എന്നാല്‍ ഇതെവിടെ നിന്നാണെന്നറിയില്ല. ചൂതുകളിയില്‍ നിന്നു ലഭിച്ചതാണെന്നാണ് സുഹൃത്തുക്കളോട് പറഞ്ഞിരുന്നത്. ഫ്‌ലോറിഡയില്‍ നിന്ന് മെസ്‌ക്വിറ്റിലേക്കു വന്നതു തന്നെ അത് ചൂതുകളിക്കാരുടെ കേന്ദ്രമായതിനാലായിരുന്നു.

വിരമിച്ച് വിശ്രമജീവിതം നയിക്കുന്നവര്‍ക്കും പ്രിയപ്പെട്ട ഇടമായിരുന്നു മെസ്‌ക്വിറ്റ്. മാത്രവുമല്ല, ലാസ് വേഗാസിലേക്ക് ഒരു മണിക്കൂറു കൊണ്ട് വണ്ടിയോടിച്ച് എത്താനും സാധിക്കും. ആഡംബര കപ്പലുകളിലെ ചൂതാട്ടകേന്ദ്രങ്ങളിലും നിത്യസന്ദര്‍ശകനായിരുന്നു സ്റ്റീഫന്‍. വിവാഹിതനാണെങ്കിലും കുട്ടികളുണ്ടായിരുന്നില്ല.

സംഭവത്തെത്തുടര്‍ന്ന് മെസ്‌ക്വിറ്റിലെ ഇരുനില വീട്ടിലും പൊലീസ് പരിശോധനയ്‌ക്കെത്തിയിരുന്നു. അവിടെ നിന്നും തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തു. ടെക്‌സസില്‍ ഹണ്ടിങ് ലൈസന്‍സ് ഉള്ള വ്യക്തിയായിരുന്നു സ്റ്റീഫന്‍. അതിനാല്‍ത്തന്നെ ഒട്ടേറെ തോക്കുകളും വിലയ്ക്കു വാങ്ങുന്ന പതിവുണ്ടായിരുന്നു. എന്നാല്‍ ഹോട്ടല്‍ മുറിയില്‍ നിന്നു കണ്ടെത്തിയ എട്ടു തോക്കുകളും യുഎസില്‍ നിന്നു വാങ്ങിയതല്ലെന്നു തെളിഞ്ഞിട്ടുണ്ട്.

സ്റ്റീഫനെപ്പറ്റി ഒരു വിവരവും തങ്ങളുടെ കയ്യിലില്ലെന്നാണ് മെസ്‌ക്വിറ്റ് പൊലീസ് പറയുന്നത്. അവിടെ ഒരൊറ്റ കേസു പോലുമില്ല. അയല്‍വാസികള്‍ക്കും സ്റ്റീഫനെപ്പറ്റി നല്ല അഭിപ്രായം. അതിനാല്‍ത്തന്നെ വെടിവയ്പിലേക്ക് നയിച്ചതിനു പിന്നിലെ പ്രകോപനം എന്താണെന്നും പൊലീസിന് തിരിച്ചറിയാനാകുന്നുമില്ല.

ഇസ്ലാമിക് സ്റ്റേറ്റിന്റെ ‘പോരാളി’യാണ് സ്റ്റീഫന്‍ എന്നാണ് ഭീകരസംഘടനയുമായി ബന്ധമുള്ള വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്. ഇതു സംബന്ധിച്ച് യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്ന് എഫ്ബിഐ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button