റോഹിങ്ക്യ അഭയാര്‍ഥികള്‍ക്ക് സഹായ ഹസ്തവുമായി ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം . ഇവര്‍ക്കു വേണ്ടി എയര്‍ ബ്രിഡ്ജ് വഴി സഹായം നല്‍കാന്‍ ശൈഖ് മുഹമ്മദ് നിര്‍ദ്ദേശിച്ചു. റോഹിങ്ക്യ അഭയാര്‍ഥികള്‍ക്ക് ദുരിതാശ്വാസ സഹായങ്ങള്‍ നല്‍കാന്‍ വേണ്ടിയാണ് വിമാനം വഴി സഹായം നല്‍കുന്ന സംവിധാനം (എയര്‍ ബ്രിഡ്ജ്) നിര്‍മിക്കുന്നത്. മ്യാന്മറിലെ പോരാട്ടത്തില്‍ നിന്ന് രക്ഷപെട്ട റോഹിങ്ക്യ അഭയാര്‍ഥികള്‍ക്ക് ആവശ്യമുള്ള വസ്തുക്കള്‍ നല്‍കാനാണ് നിര്‍ദേശം.
യു.എന്റെയും വിവിധ എന്‍.ജി.ഒ സംഘടനകളുടെയും അടിയന്തിര ഘട്ടത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഒപ്പം ദുബായും പങ്കളായിയാകുന്നതിന്റെ ഭാഗമായാണ് നടപടി. ഒക്ടോബര്‍ രണ്ടിനു ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയുള്ള ദുബായിയുടെ ആദ്യ വിമാനം വഴി റോഹിങ്ക്യ അഭയാര്‍ഥികള്‍ക്ക് സഹായം നല്‍കി തുടങ്ങി. ഈ മാസം 11, 13, 15 എന്നീ തീയതികളില്‍ കൂടുതല്‍ വിമാനങ്ങള്‍ റോഹിങ്ക്യ അഭയാര്‍ഥികള്‍ക്ക് സഹായം നല്‍കും.
ദുബായ് 270 മെട്രിക് ടണ്‍ ഭക്ഷണ വസ്തുക്കളാണ് റോഹിങ്ക്യ അഭയാര്‍ഥികള്‍ക്ക് വേണ്ടി ബംഗ്ലാദേശില്‍ വിതരണം ചെയ്തിരുന്നു. ആവശ്യം വന്നാല്‍ തന്റെ സ്വകാര്യ ഉപയോഗത്തിനുള്ള വിമാനങ്ങളില്‍ മൂന്ന് എണ്ണവും അഭയാര്‍ഥികള്‍ക്ക് സഹായം നല്‍കാന്‍ വേണ്ടി ഉപയോഗിക്കാന്‍ ശൈഖ് മുഹമ്മദ് അനുവദിച്ചിട്ടുണ്ട്. യുഎന്‍ സഹായം നല്‍കാനായി ദുബായിയുടെ രണ്ടു ബോയിംഗ് 747 എയര്‍ലൈന്‍സുകളും ഇതിനകം വിട്ടുനല്‍കിയിട്ടുണ്ട്. ഇതിലൂടെ 1,671 കുടുംബങ്ങളില്‍ നിന്നുള്ള 8,355 അഭയാര്‍ത്ഥികള്‍ക്ക് താമസിക്കാനുള്ള സൗകര്യം നല്‍കാന്‍ സാധിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം മ്യാന്മറില്‍ നിന്ന് ഏകദേശം പത്ത് ലക്ഷത്തോളം റോഹിങ്ക്യ അഭയാര്‍ഥികള്‍ ബംഗ്ലാദേശിലേക്ക് കുടിയേറിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദശാബ്ദങ്ങളിലെ ഏറ്റവും വലിയ അഭയാര്‍ഥി പ്രവാഹമാണിത്.
ദുബായ് ഇന്റര്‍നാഷണല്‍ ഹ്യുമാനിറ്റേറിയന്‍ സിറ്റിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് റോഹിങ്ക്യ അഭയാര്‍ഥികള്‍ക്ക് വേണ്ട സഹായം നല്‍കാന്‍ പുതിയ ഉത്തരവ് വഴി സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദുരിതബാധിതമായ സാഹചര്യങ്ങളില്‍ ജീവിക്കുന്ന ലോകത്തിലെ ദുര്‍ബല ജനവിഭാഗങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള യു.എ.ഇ.യുടെ പ്രാധാന്യം എയര്‍ ബ്രിഡ്ജിലൂടെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ സാധിക്കുമെന്നു ഷെയ്ഖ് മുഹമ്മദ് പ്രത്യാശ പ്രകടിപ്പിച്ചു. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് യു.എ.ഇയുടെ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ഭാര്യയും ഇന്റര്‍നാഷണല്‍ ഹ്യുമാനിറ്റേറിയന്‍ സിറ്റി ചെയര്‍പേഴ്‌സണുമായ ഹയ ബിന്‍ത് അല്‍ ഹുസൈന്‍ രാജകുമാരി ചുക്കാന്‍ പിടിക്കും.
Post Your Comments