ലണ്ടന്‍•ബ്രിട്ടണിലെ ഏറ്റവും വലിയ അഞ്ചാമത്തെ വിമാനക്കമ്പനിയായ മൊണാര്‍ക്ക് എയര്‍ലൈന്‍സ് പ്രവര്‍ത്തനം അവസാനിപ്പിച്ചു. ഇതേത്തുടര്‍ന്ന് മൊണാര്‍ക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്ത് നാട്ടിലേക്ക് വരാനിരുന്ന 110,000 പേര്‍ വിദേശത്ത് കുടുങ്ങി. ഇവരെ തിരിച്ചുകൊണ്ടുവരാന്‍ സമാധാനകാലത്തെ ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനത്തിന് സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കിയിരിക്കുകയാണ്.
പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന വിവരം ട്വിറ്ററിലൂടെയാണ് മൊണാര്‍ക്ക് എയര്‍ലൈന്‍സ് പ്രഖ്യാപിച്ചത്. മുന്‍കൂട്ടി ബുക്ക് ചെയ്തിരുന്ന 300,000 ടിക്കറ്റുകളും ക്യാന്‍സല്‍ ചെയ്തിട്ടുണ്ട്. സാധാരണ സര്‍വീസുകളും ഹോളിഡേ സര്‍വീസുകളും നിര്‍ത്തിവയ്ക്കുന്നതായി കമ്പനി അറിയിച്ചു. യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ക്ഷമ ചോദിക്കുന്നതായും കമ്പനി പറഞ്ഞു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ കമ്പനിയെ പ്രേരിപ്പിച്ചത്. മെഡിറ്ററേനിയൻ മേഖലയിലെ വിമാനക്കമ്പനികള്‍ തമ്മിലുള്ള മത്സരവും ഉയര്‍ന്ന പ്രവര്‍ത്തന ചെലവും കമ്പനിയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ എത്തിക്കുകയായിരുന്നു. നഷ്ടത്തെത്തുടര്‍ന്ന് എയര്‍ബര്‍ലിന്‍, അലിറ്റാലിയ തുടങ്ങിയ കമ്പനികള്‍ ഈ വര്‍ഷം പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്യുകയാണ്. പുതിയ നിക്ഷേപകരെയും ഇവര്‍ തേടുന്നുണ്ട്
മൊണാര്‍ക്ക് പ്രവര്‍ത്തനം നിര്‍ത്തിയതോടെ പണികിട്ടിയ മറ്റൊരു കൂട്ടര്‍ നിലവിലെ 36 വിമാനങ്ങള്‍ക്കും ഓര്‍ഡര്‍ നല്‍കിയിരിക്കുന്ന 32 ബോയിംഗ് 737 മാക്സ് 8 വിമാനങ്ങള്‍ക്കും പണം മുടക്കിയ വായ്പാ കമ്പനികളാണ്. ഇവയില്‍ ഒന്ന് പോലും ഇതുവരെ ഡെലിവര്‍ ചെയ്തിട്ടില്ല.
മൊണാര്‍ക്ക് എയര്‍ലൈന്‍സിനെ ആശ്രയിച്ചിരുന്ന യാത്രക്കാരെ തിരിച്ചുകൊണ്ടുവരാന്‍ 30 ലധികം വിമാനങ്ങള്‍ അയക്കാന്‍ സര്‍ക്കാര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിക്ക് (സിസിഎ) നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരികെയെത്തിക്കുന്ന വിമാനയാത്രയ്ക്ക് ആളുകളില്‍നിന്ന് പണം ഈടാക്കില്ല.
യു.കെയിലെ ല്യൂട്ടണ്‍ ആസ്ഥാനമായ മൊണാര്‍ക്ക് 1968 ഏപ്രില്‍ 5 നാണു സര്‍വീസ് ആരംഭിച്ചത്.
Post Your Comments