Latest NewsKeralaNews

റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ കൊലപാതകം : പ്രതികളില്‍ നിന്ന് അഡ്വ.സി.പി ഉദയഭാനുവിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയില്ല

 

ചാലക്കുടി : പരിയാരത്ത് റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ചക്കര ജോണിയും രഞ്ജിത്തും ചോദ്യംചെയ്യലിനോട് സഹകരിക്കുന്നില്ല. കൊല നടന്ന ദിവസം അഡ്വ. സി.പി.ഉദയഭാനുവിനെ നിരവധി തവണ വിളിച്ചത് എന്തിനെന്ന ചോദ്യത്തിനും മറുപടിയില്ല. മൊഴികള്‍ പറഞ്ഞു പഠിപ്പിച്ചതാണെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ഇരുവരുടേയും ചോദ്യം ചെയ്യല്‍ തുടരുകയാണ്. അതേസമയം, കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. ചക്കര ജോണിയെ രക്ഷപ്പെടാന്‍ സഹായിച്ച ആലപ്പുഴ സ്വദേശി സുധനാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.

ഇന്നു രാവിലെയാണ് മുഖ്യപ്രതി അങ്കമാലി ചെറുമഠത്തില്‍ ജോണിയെയും (ചക്കര ജോണി) കൂട്ടാളി പൈനാടത്ത് രഞ്ജിത്തിനെയും പൊലീസ് അറസ്റ്റു ചെയ്തത്. സംഭവത്തിനുശേഷം മുങ്ങിയ ഇവരെ പാലക്കാട് നിന്നാണ് പിടികൂടിയത്. ആലപ്പുഴയിലേക്കാണ് ഇരുവരും ആദ്യം ഒളിവില്‍ പോയത്. അവിടെനിന്ന് സുഹൃത്ത് സുതന്റെ കാറില്‍ പാലക്കാട്ടേക്കു കടക്കുകയായിരുന്നു.

കൊച്ചിയിലെ പ്രമുഖ അഭിഭാഷകന്‍ ഉദയഭാനുവിനും കൊലപാതക ഗൂഢാലോചനയില്‍ പങ്കുണ്ടെന്നു കാണിച്ച് കൊല്ലപ്പെട്ട രാജീവിന്റെ മകന്‍ അഖില്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അഭിഭാഷകനും ജോണിയും ചേര്‍ന്ന് ഒട്ടേറെ തവണ അഛനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി അച്ഛന്റെ മരണത്തിനു മുന്‍പ് തന്നെ പല തവണ മുഖ്യമന്ത്രി ഉള്‍പ്പെടെ ഉളളവര്‍ക്ക് പരാതി നല്‍കിയിരുന്നുവെന്നും അഖില്‍ പറയുന്നു. ഇതില്‍ അന്വേഷണം നടത്തിവരികയാണ്.

പരിയാരം തവളപ്പാറയില്‍ കോണ്‍വെന്റിന്റെ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞ കെട്ടിടത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണു മൃതദേഹം കണ്ടെത്തിയത്. രണ്ടാഴ്ചത്തെ ആസൂത്രണത്തിനുശേഷം രാജീവിനെ നാലംഗ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ കെട്ടിടത്തില്‍ അടയ്ക്കുകയും വസ്തു ഇടപാടുരേഖകളില്‍ ബലമായി ഒപ്പുവയ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ കൊല നടത്തുകയുമായിരുന്നു എന്നാണു സംശയം. ഇതിനായി ഉപയോഗിച്ച പായ മൃതദേഹത്തിനരികില്‍നിന്നു കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button