ജ്യോതിർമയി ശങ്കരൻ
ടോൾ പ്ലാസ്സ കടന്ന് അൽപ്പം മുന്നോട്ടു നീങ്ങിയപ്പോൾ വളരെ ആഹ്ളാദത്തോടെ 10 പേരടങ്ങുന്ന ഒരു കുടുംബം അവർക്കൊത്ത് അവരുടെ വീട്ടു സാധനങ്ങളും ഒരു ഓട്ടോയിൽ കുത്തിനിറച്ചു വച്ച് യാത്ര ചെയ്യുന്നത് കണ്ടു. ഇത്ര കഷ്ടപ്പെട്ട് വെയിൽ കൊണ്ട് യാത്രചെയ്യുമ്പോഴും അവർ എത്ര സന്തോഷത്തിലാണ്?എവിടെ നോക്കിയാലും തെങ്ങുകൾ കാണുന്നു. തെങ്ങുകളുടെ എണ്ണം നോക്കിയാൽ വെരാവൽ ഒരു കൊച്ചു കേരളം തന്നെ. പക്ഷേ ഇവിടെ കരിക്കിനു വേണ്ടിയാണ് തെങ്ങുകൾ വളർത്തപ്പെടുന്നത്. തോട്ടത്തിലെ പഴയ തെങ്ങുകളെയെല്ലാം പറിച്ചു മാറ്റി പുതിയവ നട്ടു വളർത്തുന്ന അത്യപൂർവ്വമായ കാഴ്ച്ച ഇവിടെ കാണാൻ കഴിഞ്ഞു.റോഡുവക്കിലെ കുറ്റിച്ചെടികളെല്ലാം വെളുത്തപൊടിയിൽ മുങ്ങിക്കുളിച്ചിരിയ്ക്കുന്നു. ആകെ പഴമയുടെ നിറം. ഒരു റെയിൽ വേ ട്രാക്കിനു മുന്നിൽ ട്രെയിൻ കടന്നു പോകാനായി ബസ്സ് നിർത്തി.ഇതും ഇപ്പോൾ അപൂർവ്വമായിരിയ്ക്കുന്നല്ലോ. ഫിഷിങ് നടക്കുന്നയിടങ്ങളും ബോട്ടുകളും ധാരാളം കാണപ്പെട്ടു.
“ശ്രീ ഭാല്‍ക തീർത്ഥ്‘ എന്നെഴുതിയ അമ്പലത്തിന്നു മുന്നിൽ ഞങ്ങളെത്തി. ഇവിടെ കണ്ട ഒരു ബോർഡിൽ “ശ്രീകൃഷ്ൺ നീജ് ധാം പ്രസ്ഥാൻ തീർത്ഥ് “ എന്നെഴുതിയിരിയ്ക്കുന്നതിനു കീഴെ ഇവിടെ നിന്നാണ് ഭഗവാൻ ഇഹലോകത്തെ ജീവിതം മതിയാക്കി യാത്ര പോയതെന്നും ഇതിന്റെ ആധികാരികമായ തെളിവുകൾ ഭാഗവതത്തിലും മഹാഭാരതത്തിലും വിഷ്ണു പുരാണത്തിലും ഉണ്ടെന്നും എഴുതിയിരിയ്ക്കുന്നതായി കണ്ടു.ചൈത്രമാസത്തിലെ ശുക്ലപക്ഷത്തിലെ ആദ്യദിവസമാണ് ഭഗവാന്റെ ദേഹവിയോഗം കണക്കാക്കപ്പെട്ടിരിയ്ക്കുന്നത്. അതായത് B C. 3102 ൽ ഫെബ്രവരി.18ന് 2 മണി 27 മിനിറ്റ് 30 സെക്കണ്ടു സമയത്താണതുണ്ടായതെന്നും രേഖപ്പെടുത്തിരിയ്ക്കുന്നു.അതു തന്നെയാവണം ദ്വാപരയുഗത്തിന്റെ അവസാനകാലവും.
ഞങ്ങൾ അവിടെയെത്തുമ്പോൾ അമ്പലത്തിന്റെ ബൃഹത്തായ പുതുക്കിപ്പണിയൽ നടന്നു കൊണ്ടിരിയ്ക്കുന്നു . അമ്പു കൊണ്ടകാലും ഉയർത്തിപ്പിടിച്ചിരിയ്ക്കുന്ന അതി സുന്ദരനായ വെളുത്ത വെണ്ണക്കല്ലിലെ കൃഷ്ണൻ ശരിയ്ക്കും മനസ്സു കവർന്നു. എന്തു സൌകുമാര്യം! ഇത്രയും മനോഹരമായ ഒരു വിഗ്രഹം മുൻപു കണ്ടിട്ടില്ലെന്നു പോലും തോന്നിപ്പോയി.മനസ്സിനുള്ളിലെവിടെയൊക്കെയോ സ്പർശിയ്ക്കും വിധം ഭഗവാൻ ചിരിയ്ക്കുന്നുവോ? പൊടിയും മണ്ണുമാണെവിടെയും. ചെരുപ്പു ഊരി വച്ച് മണ്ണിൽപ്പൊതിഞ്ഞകാലടികളോടെ വിഗ്രഹത്തിനു മുന്നിലെത്തി, തൊഴുതു.ശ്രീ കോവിലിനകത്തുപോലും കൊത്തുപണികൾ നടക്കുകയാണ്. സ്വാഭാവികമായും ഉള്ള അലങ്കാരങ്ങൾ ഒന്നും തന്നെ ഇല്ല. എന്നിട്ടും അവയൊന്നും കൂടാതെ തന്നെ എന്തൊരു ഭംഗി. എത്ര നേരം ഭഗവാനെ നിർന്നിമേഷയായി നോക്കി നിന്നെന്നു കണക്കില്ല. അറിയാതെയെപ്പോഴോ കരച്ചിലും വന്നു തുടങ്ങിക്കഴിഞ്ഞിരുന്നു.ശ്രീകോവിലിനു തൊട്ടടുത്തു കണ്ട വൃക്ഷത്തിന്നു ചുവട്ടിലാണ് അന്ന്‍ കൃഷ്ണഭഗവാൻ ഇരുന്നിരുന്നതെന്നും അവിടെ വെച്ചാണു തെറ്റിദ്ധരിയ്ക്കപ്പെട്ട വേടന്റെ അമ്പേറ്റതെന്നും കരുതപ്പെടുന്നു.മരത്തിനു മുകളിലായി മഞ്ഞപ്പട്ട് ചുറ്റി വച്ചിരിയ്ക്കുന്നു. ഈ മരത്തിന്റെ ഉയർന്ന ചില്ലയുടെ ഭാഗങ്ങൾ മന്ദിരത്തിനു പുറത്തുനിന്നാലും കാണാനാകും.അതീവ ദുഃഖിതനായി ഭഗവാനു സമീപം കരഞ്ഞുകൊണ്ടിരിയ്ക്കുന്ന ജരാ എന്ന ആ വേടന്റെ പ്രതിമയും കാണാനായി. ഭഗവാൻ രാമാവതാരമെടുത്ത സമയത്ത് തന്നെ ഒളിഞ്ഞു നിന്നു കൊന്നതിലെ ധർമ്മത്തെക്കുറിച്ചു ചോദിച്ച ബാലിയോട് കൃഷ്ണാവതരം എടുക്കുന്ന സമയത്ത് തിരിച്ച് ഭഗവാനേയും അതുപോലെ ഒളിഞ്ഞു നിന്ന് കൊല്ലാനാകുമെന്ന വരം ഭഗവാൻ നല്‍കിയിയിരുന്നു. ബാലിയുടെ പിന്നീടുള്ള ജന്മമായിരുന്നുവത്രേ ജരൻ എന്ന വേടൻ. കുറച്ചു ചിത്രങ്ങളെടുത്തു, ഓർമ്മയ്ക്കായി.
പറിച്ചെറിഞ്ഞ അമ്പു വീണുണ്ടായ തീർത്ഥക്കുളത്തിൽ വെള്ളം കുറവാണെങ്കിലും കാണാൻ മനോഹരമായിത്തോന്നി.നാലുഭാഗത്തും മനോഹരമായി പടവുകൾ കെട്ടിയിരിയ്ക്കുന്നു. അമ്പലം പിങ്ക് മാർബിളിലാണ് പുതിയതയി നിർമ്മിയ്ക്കപ്പെടുന്നത് . ഏറെ നേരം നിർമ്മാണപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിയ്ക്കുന്നതും നോക്കി നിന്നു. കുറെ ഫോട്ടോകളും എടുത്തു. കൊത്തുപണികളോടെ മാർബിളിൽ പുതുക്കപ്പെട്ടു കൊണ്ടിരിയ്ക്കുന്ന ഈ ക്ഷേത്രം പണി പൂർത്തിയാകുമ്പോൾ ഏറെ മനോഹരമാകുമെന്നതിൽ സംശയമില്ല ഇനിയും കൂടുതൽക്കൂടുതൽ സന്ദര്‍ശകരേയും ഈ സ്ഥലം ആകര്‍ഷിയ്ക്കാതിരിയ്ക്കില്ല, തീർച്ച.
Post Your Comments