Uncategorized

യുവ വ്യവസായി സാന്ദ്രാ തോമസിനെതിരെ കൂടുതല്‍ സാമ്പത്തികത്തട്ടിപ്പ് കേസുകള്‍ പുറത്ത്

 

കൊച്ചി: യുവ വ്യവസായി സാന്ദ്രാ തോമസിനെതിരെ കൂടുതല്‍ സാമ്പത്തികത്തട്ടിപ്പുകള്‍ പുറത്തായി. എറണാകുളം ഇടപ്പള്ളിയില്‍ വീടും സ്ഥലവും തട്ടിയെടുത്തെന്ന ദമ്പതികളുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് ക്രൈംബ്രാഞ്ച്. യുവവ്യവസായി സാന്ദ്രാ തോമസിനെതിരെ ദമ്പതികളായ കമാലുദ്ദീനും സജിനയും നല്‍കിയ പരാതിയിലാണ് കഴമ്പുള്ളതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. ഒന്നേമുക്കാല്‍ കോടി രൂപ വിലമതിക്കുന്ന വീട് തട്ടിയെടുത്തെന്നായിരുന്നു ദമ്പതികളുടെ പരാതി.

സാന്ദ്രാ തോമസിനെതിരെ പത്ത് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സാന്ദ്രാ തോമസ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.

ചിറ്റൂര്‍ സ്വദേശിനി സാന്ദ്ര തോമസിന് എതിരെയാണ് ഇടപ്പള്ളി സ്വദേശി കമാലുദ്ധീനും ഭാര്യ സജിതയും ഡിജിപിക്ക് പരാതി നല്‍കിയത്. ഈ പരാതി ഡിജിപി ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ബാങ്ക് വായ്പയുണ്ടായിരുന്ന ഇവരുടെ വീട് വാങ്ങാമെന്ന് ഉറപ്പ് നല്‍കി സാന്ദ്ര ആധാരം രജിസ്റ്റര്‍ ചെയ്ത് വാങ്ങിയതായാണ് ദമ്പതികളുടെ പരാതി. പണം ആവശ്യപ്പെട്ടപ്പോള്‍ ദമ്പതികളെ കള്ളക്കേസില്‍ കുടുക്കിയതായും പരാതിയില്‍ പറയുന്നു.

കമാലുദ്ധീന് മുന്‍പ് 25 ലക്ഷം രൂപ ബാങ്കില്‍ വായ്പയുണ്ടായിരുന്നു. ബാധ്യതകള്‍ തീര്‍ത്ത് വീട് വിലക്കെടുക്കാമെന്ന് ഉറപ്പ് നല്‍കി സാന്ദ്ര തോമസ് ഇവരെ സമീപിക്കുകയായിരുന്നു. സാന്ദ്രയുടെ വാക്ക് വിശ്വസിച്ച ദമ്പതികള്‍ വീടും സ്ഥലവും ആധാരം ചെയ്തു നല്‍കി. എന്നാല്‍ പിന്നീട് സാന്ദ്ര പണം നല്‍കാന്‍ തയ്യാറായില്ലെന്നും പകരം ദമ്പതികള്‍ക്കെതിരെ മുഖ്യമന്ത്രിയുടെ പേരില്‍ പണം തട്ടാന്‍ ശ്രമിച്ചുവെന്ന് കാട്ടി പൊലീസില്‍ കള്ള പരാതി നല്‍കിയെന്നും ഇവര്‍ ആരോപിക്കുന്നു.

സാന്ദ്രയുടെ പരാതിയെ തുടര്‍ന്ന് ഡിവൈഎഫ്ഐ നേതാവ് സിദ്ധിഖ് അടക്കമുള്ളവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.എന്നാല്‍ പിന്നീട് സാന്ദ്രയുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് റവന്യൂ ഇന്റലിജന്‍സ് അന്വേഷണം നടത്തുകയും ആദായ നികുതി റിട്ടേണും ബാലന്‍സ് ഷീറ്റും പെരുപ്പിച്ച് കാട്ടി സാന്ദ്ര ബാങ്കുകളെ കബളിപ്പിച്ചെന്ന് ഡിആര്‍ഐ കണ്ടെത്തുകയും ചെയ്തിരുന്നു. സാന്ദ്രക്കെതിരെ സിദ്ധിഖിന്റെ ഭാര്യ ഫാത്തിമ്മയും കൊച്ചി റേഞ്ച് ഐജിക്ക് പരാതി നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button