KeralaLatest NewsNews

പ്രണയിതാക്കള്‍ക്ക് ഹൃദയാഭിലാഷങ്ങള്‍ പ്രാര്‍ത്ഥനാമന്ത്രങ്ങളാവുന്ന ഒരു ക്ഷേത്രം

ഓരോ കാമുകീകാമുകന്മാരുടെയും ഹൃദയാഭിലാഷങ്ങള്‍ പ്രാര്‍ത്ഥനാമന്ത്രങ്ങളാവുന്ന ഒരു കോവിലുണ്ട് കന്യാകുമാരിയില്‍. ആഗ്രഹസാഫല്യത്തിനായി കമിതാക്കള്‍ തപം ചെയ്യുന്ന വേളിമലയിലെ കുമാരകോവില്‍. നേര്‍ച്ചകാഴ്‌ചകളും വഴിപാടുകളുമായി അനേകം പേര്‍ ഈ തീര്‍ത്ഥാടനകേന്ദ്രത്തിലെത്തുന്നതിന് പിന്നില്‍ ഒരു ഐതിഹ്യമുണ്ട്.

നാഞ്ചിനാട്ടിലെ കുറവ രാജാവായിരുന്ന നാഞ്ചിലിന്റെ പുത്രിയായിരുന്നു വള്ളി. അതിസുന്ദരിയായ വള്ളി രാജകുമാരിയില്‍ ശിവ-പാര്‍വതി പുത്രനായ സുബ്രഹ്മണ്യന്‍ അനുരക്തനായി. പ്രണയവിവശനായ സുബ്രഹ്മണ്യന്‍ തന്റെ ആഗ്രഹം വള്ളിയെ അറിയിക്കാന്‍ തീരുമാനിച്ചു. ഒരു ധൈര്യത്തിന്‌ സഹോദരനായ ഗണപതിയേയും കൂടെ കൂട്ടി.

വേളിമലയില്‍ കുളിക്കാനെത്തിയ വള്ളിയുടെ സമീപത്തേക്ക്‌ നേരത്തെ തീരുമാനിച്ചുറപ്പിച്ച പ്രകാരം ആനയുടെ രൂപത്തില്‍ ഗണപതിയെത്തി. കാട്ടാന മദമിളകി വരുന്നതാണെന്ന്‌ ധരിച്ച്‌ ഭയചകിതയായ രാജകുമാരി ചെന്നുപെട്ടത്‌ സാക്ഷാല്‍ സുബ്രമണ്യന്റെ മുന്‍പിലും. സുബ്രമണ്യനെ കണ്ട്‌ വള്ളി പ്രണയാതുരയായി. അവിടെ വച്ചു തന്നെ ഗണപതിയുടെ സാന്നിദ്ധ്യത്തില്‍ ഇരുവരും വിവാഹിതരായി. വള്ളിയുടെയും സുബ്രഹ്മണ്യന്റേയും പ്രണയസാഫല്യത്തിന്‌ കാരണക്കാരനായ ഗണപതി കല്യാണഗണപതിയായാണ് കുമാരകോവിലില്‍ കുടികൊള്ളുന്നത് എന്നാണ്‌ ഐതിഹ്യം.

വള്ളി രാജകുമാരിയുടെയും ശിവകുമാരന്റെയും പ്രണയത്തിന്‌ സാക്ഷിയായ വേങ്ങുമരം ക്ഷേത്രത്തിലെ നാലമ്പലത്തിന്റെ രണ്ടു നടകള്‍ക്കിടയില്‍ ഇപ്പോഴുമുണ്ട്. വള്ളീസമേതനായി കുടിയിരിക്കുന്ന സുബ്രഹ്മണ്യസ്വാമിയുടെ കുമാരകോവിലില്‍ ദര്‍ശനം നടത്തിയാല്‍ പ്രണയസാഫല്യം നേടാമെന്നാണ്‌ വിശ്വാസം. ക്ഷേത്രത്തിന്റെ മുന്‍ഭാഗത്തായി തൃക്കല്യാണമണ്ഡപമുണ്ട്‌. ഇവിടെയാണ്‌ എല്ലാ വര്‍ഷവും സുബ്രഹ്മണ്യസ്വാമിയുടെയും വള്ളിയുടെയും കല്യാണം നടത്തുന്നത്‌. തൃക്കല്യാണം കണ്ടു തൊഴുതാല്‍ ബന്ധം സുദൃഢമാകുമത്രേ. എപ്പോഴും ധ്യാനനിരതനായിരിക്കുന്ന ചണ്ഡികേശ്വരനായ ശിവനെ വിളിച്ചുണര്‍ത്തിയാണ് ഇവിടെ പ്രാര്‍ത്ഥനകള്‍ സമര്‍പ്പിക്കേണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button