അല്‍ഹസ്സ: സ്പോണ്‍സറുടെ നിയമവിരുദ്ധ തടവറയില്‍ നിന്നും ഇന്ത്യന്‍ വനിതയെ രക്ഷപ്പെടുത്തി. നവയുഗം ജീവകാരുണ്യപ്രവര്‍ത്തകര്‍ സൗദി പോലീസിന്റെ സഹായത്തോടെയാണ് രക്ഷപ്പെടുത്തി നാട്ടിലേക്ക് അയച്ചത്.
മാംഗ്ലൂര്‍ സ്വദേശിനിയായ ബീന കൗസറാണ് ദുരിതങ്ങളില്‍ നിന്നും രക്ഷപ്പെട്ട് നാട്ടിലേയ്ക്ക് മടങ്ങിയത്. നാല് പെണ്‍കുട്ടികളുടെ അമ്മയായ ഈ ഇരുപത്തിഏഴുകാരി സ്വന്തം കുടുംബത്തിന്റെ ജീവിതം രക്ഷപ്പെടുമെന്ന് കരുതി, മുംബൈ ആസ്ഥാനമായ ഒരു ട്രാവല്‍ ഏജന്‍സിയുടെ വാഗ്ദാനങ്ങളില്‍ വിശ്വസിച്ചാണ് ഹൌസ്‌മൈഡ് ജോലി സ്വീകരിച്ചു സൗദിയില്‍ എത്തിയത്.
മികച്ച ശമ്പളവും, ജോലി സാഹചര്യങ്ങളും കിട്ടുമെന്ന് വാഗ്ദാനം ചെയ്ത ഏജന്റ്, ബീനയെ നിയമവിരുദ്ധ മാര്‍ഗ്ഗങ്ങളിലൂടെ ആദ്യം ഒമാനിലും, പിന്നീട് ബഹറിനിലും കൊണ്ട് വരികയും, അവിടെ നിന്ന് സൗദിയിലെ അല്‍ഹസ്സയിലെ ഒരു സ്വദേശിയുടെ വീട്ടില്‍ എത്തിയ്ക്കുകയുമായിരുന്നു.
എന്നാല്‍ ആ വീട്ടില്‍ എത്തിയപ്പോള്‍, വീട്ടിന് ഏറ്റവും മുകളിലുള്ള മുറിയില്‍, പുറംലോകവുമായി ബന്ധപ്പെടാന്‍ അനുവദിയ്ക്കാതെ അവരെ പൂട്ടിയിടുകയാണ് സ്‌പോണ്‍സര്‍ ചെയ്തത്. നാലുമാസം ആ വീട്ടിലെ ജോലി ചെയ്ത ബീനയ്ക്ക് ശാരീരികവും മാനസികവുമായ ഏറെ പീഡനങ്ങള്‍ നേരിടേണ്ടി വന്നു. തന്റെ ദയനീയാവസ്ഥ നാട്ടിലെ ഭര്‍ത്താവിനെ വിളിച്ചു പറഞ്ഞതനുസരിച്ച്, ആ കുടുംബം കര്‍ണ്ണാടക പോലീസിനും, ഇന്ത്യന്‍ എംബസിയ്ക്കും ഒക്കെ പരാതി നല്‍കി. വിദേശകാര്യമന്ത്രി സുഷമസ്വരാജിന് വരെ പരാതി കൊടുത്തെങ്കിലും ബീനയെ കണ്ടുപിടിയ്ക്കാനോ രക്ഷിയ്ക്കാനോ കഴിഞ്ഞില്ല.
നാട്ടില്‍ നിന്നും ചില ബന്ധുക്കള്‍ അല്‍ഹസ്സയിലെ നവയുഗം ജീവകാരുണ്യവിഭാഗത്തെ ബന്ധപ്പെട്ട് സഹായം അഭ്യര്‍ത്ഥിച്ചതിനെത്തുടര്‍ന്ന്, ഹുസ്സൈന്‍ കുന്നിക്കോട്, അബ്ദുള്‍ ലത്തീഫ് മൈനാഗപ്പള്ളി, മണി മാര്‍ത്താണ്ഡം എന്നിവരുടെ നേതൃത്വത്തില്‍ നവയുഗം ജീവകാരുണ്യപ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തിന് ഒടുവില്‍ ബീനയെ തടവില്‍ പാര്‍പ്പിച്ച വീട് കണ്ടെത്താന്‍ കഴിഞ്ഞു. തുടര്‍ന്ന് സൗദി പോലീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് പോലീസ് സ്റ്റേഷനിലേയ്ക്ക് സ്പോണ്‍സറെ വിളിച്ചു വരുത്തി.
കുറ്റങ്ങളൊക്കെ നിഷേധിച്ച സ്‌പോണ്‍സര്‍ കൈകഴുകാന്‍ നോക്കിയെങ്കിലും, വ്യക്തമായ തെളിവുകള്‍ നവയുഗം ജീവകാരുണ്യപ്രവര്‍ത്തകര്‍ നിരത്തിയതോടെ അയാള്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. കുറ്റം സമ്മതിച്ച സ്‌പോണ്‍സര്‍ പോലീസിന്റെ നിര്‍ദ്ദേശമനുസരിച്ചു ബീനയെ പോലീസ് സ്റ്റേഷനില്‍ ഹാജരാക്കി. തുടര്‍ന്ന് നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ നിയമനടപടികളില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി ബീനയ്ക്ക് കൊടുക്കാനുള്ള ശമ്പളകുടിശ്ശികയും,ആനുകൂല്യങ്ങളും, ഫൈനല്‍ എക്‌സിറ്റും, വിമാനടിക്കറ്റും നല്‍കാമെന്ന് സ്‌പോണ്‍സര്‍ സമ്മതിച്ചു.
Post Your Comments