Latest NewsKeralaNews

മകളെക്കുറിച്ച് ഹാദിയയുടെ പിതാവ് പറയുന്നതിങ്ങനെ

തിരുവനന്തപുരം: മകളുടെ വിശ്വാസ സ്വാതന്ത്ര്യത്തെ എതിര്‍ക്കുന്നില്ലെന്ന് ഹാദിയയുടെ പിതാവ്. വിയോജിപ്പ് മതംമാറ്റ രീതിയോടാണെന്നും പിതാവ് അശോകന്‍ പറയുന്നു. മകളെ മതം മാറ്റിയ രീതിയെയും പോപ്പുലര്‍ ഫ്രണ്ടുപോലുള്ള സംഘടനകളുടെ ഇടപെടലുകളെയുമാണ് താന്‍ എതിര്‍ക്കുന്നതെന്നും അശോകന്‍ പറയുന്നു.

എന്റെ വേദന വിവരിക്കാനാകാത്തതാണ്. തീര്‍ത്തും ഒറ്റപ്പെട്ടതുപോലെയാണ് തോന്നുന്നത്. ഇടുങ്ങിയ ചിന്താഗതിക്കാരനാണെന്ന നിലയില്‍ വിവരിക്കുമ്പോള്‍ വേദന തോന്നുന്നു. ഞാന്‍ നിരീശ്വരവാദിയാണ്. എന്റെ ജീവിതവും സമ്പാദ്യവും എന്റെ മകളാണ്. അവള്‍ അന്യമതസ്ഥനെ വിവാഹം ചെയ്യുന്നുവെങ്കില്‍ ഞാന്‍ സന്തോഷത്തോടെ കൂടെ നിന്നേനെ. മതംമാറിയതിലും എനിക്ക് ഒരു പ്രശ്‌നവുമില്ല. എന്നാല്‍ ഇത് സംശയകരമാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെ അജണ്ടയാണ് ഇതിനു പിറകിലെന്നും അശോകന്‍ പറയുന്നു.

ഞാന്‍ മകളെ ആര്‍.എസ്.എസ് സഹായത്തോടെ തട്ടിക്കൊണ്ടുപോകുമെന്ന് പോപ്പുലര്‍ ഫ്രണ്ടിന്റെ വനിതാ പ്രവര്‍ത്തക സൈനബ അവളെ വിശ്വസിപ്പിച്ചിരിക്കുന്നു. എന്റെ മകളെ സംരക്ഷിക്കേണ്ട ആവശ്യം സൈനബക്കില്ല. ഒറ്റ ദിവസം കൊണ്ട് അവളുടെ വിവാഹം നടത്തിച്ച നടപടിയില്‍ കോടതിയും സംശയമുന്നയിക്കുന്നുണ്ട് അശോകന്‍ പറയുന്നു.

എന്‍.ഐ.എ റിപ്പോര്‍ട്ട് വരാന്‍ കാത്തിരിക്കുകയാണ് താന്‍. കോടതി എന്തു പറഞ്ഞാലും അനുസരിക്കും. റിപ്പോര്‍ട്ട് തനിക്ക് വായിക്കാന്‍ ലഭിക്കുമെന്ന് കരുതുന്നു. ഇസ്‌ലാമിലേക്ക് മാറാന്‍ തെരഞ്ഞെടുത്ത അപകടം പിടിച്ച വഴി റിപ്പോര്‍ട്ട് വായിച്ചാല്‍ മകള്‍ മനസിലാക്കുമെന്നാണ് താന്‍ കരുതുന്നതെന്നും അശോകന്‍ പറഞ്ഞു.
ഹൈക്കോടതി ഹാദിയയുടെ വിവാഹം റദ്ദാക്കിയിരുന്നു. തുടര്‍ന്ന് ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ സുപ്രീം കോടതിയെ സമീപിക്കുകയും കോടതി എന്‍.ഐ.എ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ഒക്‌ടോബര്‍ മൂന്നിന് എന്‍.ഐ.എ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button