യുണൈറ്റഡ് നേഷന്‍സ്: പാകിസ്ഥാന് നല്കിയ വ്യാജചിത്രത്തിന്റെ സ്ഥാനത്ത് ഇന്ത്യ യു.എന്നില്‍ പാകിസ്ഥാന്റെ ക്രൂരത യഥാര്‍ത്ഥ ചിത്രത്തിലൂടെ തുറന്നുകാട്ടി. യു.എന്‍. പൊതുസഭയില്‍ കശ്മീരിലേതെന്നുപറഞ്ഞ് വ്യാജചിത്രം കാണിച്ച പാകിസ്ഥാന് ചുട്ടമറുപടിയാണ് ഇന്ത്യ നല്‍കിയത്. പാകിസ്ഥാന്റെ വ്യാജപ്രചാരണത്തിന് , ജമ്മുകശ്മീരില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയി വധിച്ച സൈനികന് ഉമര്‍ ഫയാസിന്റെ ചിത്രം ഉയര്‍ത്തിക്കാണിച്ചാണ് ഇന്ത്യ പാകിസ്ഥാന് മറുപടി നല്‍കിയത്.
‘ഈ ചിത്രം വ്യാജമല്ല; നിഷ്ഠുരവും ദുരന്തമയവുമായ യാഥാര്‍ഥ്യം വിളിച്ചുപറയുന്ന ചിത്രമാണിത്’- യു.എന്‍. പൊതുസഭയില്‍ തിങ്കളാഴ്ച സംസാരിച്ച ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ പൗലോമി ത്രിപാഠി ഫയാസിന്റെ ഫോട്ടോ ചൂണ്ടിക്കാട്ടി പറഞ്ഞു. പാകിസ്ഥാന് പിന്തുണയ്ക്കുന്ന ഭീകരര്‍ 2017 മേയില്‍ ലെഫ്റ്റനന്റ് ഉമര്‍ ഫയാസിനെ വിവാഹച്ചടങ്ങിനിടെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൗലോമി പറഞ്ഞു.
ഇന്ത്യന്‍ അതിര്‍ത്തിയിലെ, പ്രത്യേകിച്ച് കശ്മീരിലെ ജനങ്ങള്‍ ദിവസേന സഹിക്കേണ്ടിവരുന്ന ഈ യാഥാര്‍ഥ്യമാണ് പാകിസ്ഥാന് മറച്ചുവെക്കാന്‍ ശ്രമിക്കുന്നത്. പാകിസ്ഥാന്റെ യഥാര്‍ഥമുഖം ആരില്‍നിന്നും ഒളിക്കാനാവില്ല -പൗലോമി പറഞ്ഞു.
കശ്മീരില്‍ ഇന്ത്യ നടത്തിയ അതിക്രമങ്ങളുടെ പടമെന്ന് പറഞ്ഞ് ഗാസയിലെ പടം ഉയര്‍ത്തിക്കാട്ടി പാക് സ്ഥിരംപ്രതിനിധി മലീഹ ലോധി കഴിഞ്ഞദിവസം യു.എന്നില്‍ പ്രസംഗിച്ചിരുന്നു. എന്നാല്‍ ആ ചിത്രം 2014-ല്‍ ഗാസയില്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ പരിക്കേറ്റ റവ്യ അബ് ജോം എന്ന പതിനേഴുകാരിയുടെ യായിരുന്നു.
Post Your Comments