Latest NewsKeralaNews

എസ്ഐയുടെ തൊപ്പി വച്ച് സെല്‍ഫി : ഡിവൈഎഫ്ഐ നേതാവിന് പാര്‍ട്ടിയുടെ ക്ലീന്‍ ചിറ്റ്

 

കോട്ടയം: പോലീസ് സ്റ്റേഷനുള്ളില്‍ എസ് ഐയുടെ തൊപ്പിവച്ച് സെല്‍ഫിയെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് സസ്‌പെന്‍ഷനിലായ ഡിവൈഎഫ്ഐ നേതാവിന് പാര്‍ട്ടിയുടെ ക്ലീന്‍ചിറ്റ്. ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ കസ്റ്റഡിയിലിരിക്കെയാണ് ഡിവൈഎഫ്ഐ നേതാവ് കുമരകം കിഴക്കുംഭാഗം തൈപ്പറമ്പില്‍ മിഥുന്‍ ആണ് പോലീസ് തൊപ്പി വച്ച് സെല്‍ഫി എടുത്ത് ഫേസ്ബുക്കിലിട്ടത്.

സംഭവം വിവാദമായതോടെ ആഗസ്റ്റ് എട്ടിന് സിപിഎം മിഥുനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി അപ്പോള്‍ സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് പോലീസുകാരെ സസ്‌പെന്റ് ചെയ്തിരുന്നു. അന്വേഷണത്തിനെതുടര്‍ന്ന് സസ്‌പെന്‍ഷനിലായ മൂന്നു പൊലീസുകാരെയും പിന്നീട് സ്ഥലം മാറ്റി നിയമിച്ചു. അപ്പോഴാണ് ഡിവൈഎഫ്‌ഐ നേതാവിന് പാര്‍ട്ടി ക്ലീന്‍ ചിറ്റ് നല്‍കിയത്. സസ്‌പെന്‍ഷന്‍ രണ്ടു മാസം തികയും മുമ്പ് ബ്രാഞ്ച് സമ്മേളനത്തില്‍ പങ്കെടുപ്പിച്ച മിഥുനെ ലോക്കല്‍ സമ്മേളന പ്രതിനിധിയാക്കുകയും ചെയ്തു.

കുമരകത്ത് നെഹ്രു ട്രോഫി വള്ളംകളിയുടെ പരിശീലന തുഴച്ചിലിനിടെ ബിജെപി ഏറ്റുമാനൂര്‍ നിയോജക മണ്ഡലം സെക്രട്ടറി ആന്റണി അറയില്‍, ബിഎംഎസ് കുമരകം പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് മഹേഷ് എന്നിവരെ ഒരു സംഘം ആക്രമിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ടാണ് ഈസ്റ്റ് സിഐ സാജു വര്‍ഗീസ് മിഥുനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മിഥുനെ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ മുറിയില്‍ ഇരുത്തി. ഇതിനിടെയാണ് സ്റ്റേഷനുളളിലെ റാക്കിലിരുന്ന എസ്ഐയുടെ തൊപ്പി തലയില്‍ വച്ച് മിഥുന്‍ സെല്‍ഫിയെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

സംഭവം വിവാദമായതോടെ ഈ സമയം സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐ അനില്‍കുമാര്‍, സിവില്‍ പോലീസ് ഓഫിസര്‍മാരായ പി ജി വിനോദ്, ജയചന്ദ്രന്‍ എന്നിവരെ ജില്ലാ പോലീസ് മേധാവി സസ്‌പെന്റ് ചെയ്തു. പ്രതിയെ സൂക്ഷിക്കുന്നതില്‍ വീഴ്ചവരുത്തിയതിനായിരുന്നു സസ്‌പെന്‍ഷന്‍. മിഥുന് തെറ്റു പറ്റിയതായി കണ്ടെത്തിയ പാര്‍ട്ടി, പ്രാഥമിക അംഗത്വത്തില്‍ നിന്നും ഡിവൈഎഫ്ഐയില്‍ നിന്നും സസ്‌പെന്റ് ചെയ്യുകയായിരുന്നു. സസ്‌പെന്‍ഷന്‍ നടപടി രണ്ടു മാസം പൂര്‍ത്തിയാകും മുമ്പ് ഇയാള്‍ പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുത്തതാണ് ഇപ്പോള്‍ വിവാദമായത്.

കുമരകം സൗത്തിലെ കണ്ണാടിച്ചാല്‍ ബ്രാഞ്ച് അംഗമാണ് മിഥുന്‍. പള്ളിക്കത്തോട്, വാകത്താനം സ്റ്റേഷനിലേയ്ക്കാണ് സസ്‌പെന്‍ഷനിലായ പോലീസുകാരെ മാറ്റി നിയമിച്ചത്. പോലീസുകാര്‍ ഇരട്ട നടപടി നേരിട്ടപ്പോഴാണ് പാര്‍ട്ടി തല നടപടി രണ്ടു മാസം പോലും തികയ്ക്കും മുമ്പ് മിഥുന്‍ തിരികെ പാര്‍ട്ടിയില്‍ എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button