കൊച്ചി: പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ദിലീപിന്‍റെ അഭിഭാഷകര്‍. നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി പോലീസിന് ദൈവമായി മാറിയെന്നും പള്‍സര്‍ സുനിയുടെ വാക്കുകള്‍ പ്രകാരമാണ് പ്രോസിക്യുഷന്‍ വാദിക്കുന്നതെന്നും ദിലീപിനു വേണ്ടി ഹാജരായ ബി.രാമന്‍പിള്ള ആരോപിച്ചു. ഒന്നര മണിക്കൂര്‍ വാദത്തിന് സമയം അനുവദിക്കണമെന്ന് രാവിലെ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇത് കോടതി അനുവദിച്ചു.
നടിയെ ആക്രമിച്ച കേസില്‍ 57 ദിവസം കൊണ്ട് പള്‍സര്‍ സുനിക്കെതിരെ അന്വേഷണം അവസാനിപ്പിച്ചു. വേണമെങ്കില്‍ 90 ദിവസം കൊണ്ട് അന്വേഷിച്ച് കുറ്റപത്രം നല്‍കാവുന്ന കേസായിരുന്നു ഇത് ചില കാര്യങ്ങള്‍ മറച്ചുവയ്ക്കുന്നതിനു വേണ്ടിയാണ് അതിവേഗം അന്വേഷണം അവസാനിപ്പിച്ചതെന്നും രാമന്‍പിള്ള പറഞ്ഞു. അന്വേഷണം അവസാന ഘട്ടത്തിലാണെന്നും അതിനാല്‍ ദിലീപിന് സോപാധിക ജാമ്യം വേണമെന്നും ദിലീപ് ചൂണ്ടിക്കാട്ടിയിരുന്നു. കേസിലെ മറ്റു രണ്ട് പ്രതികള്‍ക്ക് നേരത്തെ ജാമ്യം ലഭിച്ച കാര്യവും ദിലീപ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേസില്‍ ദിലീപിന്റെ ഭാര്യ കാവ്യ മാധവന് പങ്കില്ലെന്ന് അന്വേഷണസംഘം കോടതിയില്‍ വ്യക്തമാക്കിയ കാര്യവും ഉന്നയിച്ചു.
ദിലീപിനെ വിചാരണ തടവുകാരനാക്കാനുള്ള നീക്കമാണ് നടക്കുന്നത്. മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിയാത്ത് പോലീസിന്റെ വീഴ്ചയാണ്. അതില്‍ ദിലീപിന് പങ്കില്ല. അന്വേഷണം നടത്തി മൊബൈല്‍ കണ്ടെത്തേണ്ടത് പോലീസിന്റെ ഉത്തരവാദിത്തമാണ്. മൊബൈല്‍ ഫോണ്‍ നശിപ്പിച്ചെന്ന ആരോപണത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ പോലും പോലീസിന് കഴിഞ്ഞിട്ടില്ല. ദുര്‍ബലമായ ഇത്തരം വാദങ്ങള്‍ ഉന്നയിച്ച് മനഃപൂര്‍വ്വം ദിലീപിന്റെ ജാമ്യത്തെ നിഷേധിക്കാനാണ് പ്രോസിക്യുഷന്റെ ശ്രമം. മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുന്‍പ് രണ്ടു തവണ ദിലീപിന്റെ ജാമ്യം പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നത്. ഈ വാദത്തെയാണ് അഡ്വ.രാമന്‍പിള്ള പൊളിച്ചടുക്കുന്നത്.
Post Your Comments