ബെംഗളൂരു: ബെംഗളൂരുവിൽ ഒരിക്കലെങ്കിലും യാത്ര ചെയ്തവർക്കറിയാം ഓട്ടോറിക്ഷകളിൽ വാങ്ങുന്ന ഉയർന്ന നിരക്ക്. ഇത് വളരെ ബുദ്ധിമുട്ടേറിയതാണ്. എന്നാൽ പ്രമുഖ ഓണ്‍ലൈന്‍ ടാക്സി കമ്പനിയായ ‘ഒല’ ആരംഭിച്ച ഓട്ടോറിക്ഷാ സര്‍വീസ് യാത്രാസംവിധാനം എളുപ്പമാക്കിയിരിക്കുകയാണ്. സാധാരണ ഓട്ടോസര്‍വീസിനെ അപേക്ഷിച്ച് ലാഭകരമാണെന്നതും യാത്രക്കാരെ ഓണ്‍ലൈന്‍ ഓട്ടോയിലേക്ക് ആകര്‍ഷിക്കുന്നു. സാധാരണ ഓട്ടോറിക്ഷകളില്‍ ഡ്രൈവര്‍മാര്‍ മീറ്റര്‍ ഇടാതെ തോന്നുംപോലെ ചാര്‍ജ് ഈടാക്കാറുള്ളതും യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
ആദ്യ നാലുകിലോമീറ്ററിന് 29 രൂപമാത്രമേ ഓണ്‍ലൈന്‍ ഓട്ടോയില്‍ ഈടാക്കുന്നുള്ളൂ. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 13 രൂപവീതം ഈടാക്കും. അതായത്, പത്തു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ യാത്രക്കാരന് 107 രൂപയാണ് ചെലവാകുക. എന്നാല്‍, സാധാരണ ടാക്സി ഓട്ടോയില്‍ ഇത്രയും ദൂരം സഞ്ചരിച്ചാല്‍ 130 മുതല്‍ 140 വരെ തുക ചെലവാകും.നാലുകിലോമീറ്ററില്‍ താഴെയുള്ള യാത്രയ്ക്ക് ഓണ്‍ലൈന്‍ ഓട്ടോ വന്‍ലാഭമാണെന്ന് യാത്രക്കാര്‍ പറയുന്നു. സാധാരണ ഓട്ടോയില്‍ ആദ്യ രണ്ടുകിലോമീറ്ററിന് 25 രൂപയും പിന്നീടുള്ള ഓരോ കിലോമീറ്ററിനും 13 മുതല്‍ 15 രൂപവരെയുമാണ് ഈടാക്കുക.
യാത്രക്കാര്‍ക്കെന്നതുപോലെതന്നെ ഡ്രൈവര്‍മാര്‍ക്കും ഇതു ലാഭകരമാണ്. ഒരു ബുക്കിങ്ങിന് പത്തുരൂപ കമ്മിഷനായി പോകുമെങ്കിലും സാധാരണ ഓട്ടോ സര്‍വീസിനേക്കാള്‍ ലാഭമാണെന്ന് ബെംഗളൂരുവിലെ ‘ഒല’ ഓട്ടോഡ്രൈവർമാർ പറയുന്നു. ഒരുദിവസം സര്‍വീസ് നടത്തിയാല്‍ 800 രൂപവരെ ലഭിക്കും. കൂടാതെ, മിക്കദിവസങ്ങളിലും ബുക്കിങ്ങിന്റെ എണ്ണമനുസരിച്ച് ‘ഇന്‍സെന്റീവ്’ ലഭിക്കും
ബെംഗളൂരുവില്‍ രണ്ടുലക്ഷത്തിനടുത്ത് ഓട്ടോറിക്ഷകള്‍ ഉണ്ടെങ്കിലും ചെറിയൊരു ശതമാനംമാത്രമേ ‘ഒല’യില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളൂ. ടാക്സി കാര്‍ രംഗത്തെപ്പോലെ ഓട്ടോറിക്ഷാ സര്‍വീസ് മേഖലയിലും പ്രവര്‍ത്തനം വിപുലീകരിക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി ബെംഗളൂരുവില്‍ ‘ഓട്ടോറിക്ഷാ ഡ്രൈവര്‍ പാര്‍ട്നര്‍ മേള’ നടത്തിയിരുന്നു. സ്വന്തം ഓട്ടോറിക്ഷയുള്ളവരാണ് ‘ഒല’യില്‍ രജിസ്റ്റര്‍ ചെയ്യുന്നത്. താത്പര്യമുള്ളവര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഓട്ടോറിക്ഷ ലഭ്യമാക്കാനുള്ള സൗകര്യവും ‘ഒല’ അധികൃതര്‍ ചെയ്തുകൊടുക്കും.
Post Your Comments