ജ്യോതിർമയി ശങ്കരൻ
രാവിലെ നാലരക്ക് ബെഡ് ചായ കിട്ടി. കുളിച്ച് ഫ്രെഷ് ആയി ഹോട്ടൽ സുഖസാഗറിലെ മുറി ഒഴിഞ്ഞു കൊടുത്തു. ഏഴുമണിയോടെപ്രഭാത ഭക്ഷണവും കഴിച്ച് ഞങ്ങൾ പോർബന്തറിലേയ്ക്കു പുറപ്പെട്ടു.
ഇവിടെ നിന്നും 200 കി.മീ ദൂരെയാണു പോർബന്തർ. ദ്വാരകയിലേയ്ക്ക് 300 കിലോമീറ്ററും. പോകുന്ന വഴിയിലുള്ള ഭല്‍കാ തീർത്ഥവും കാണാനുണ്ട്. അമ്പേറ്റ ഭഗവാൻ കൃഷ്ണൻ തന്റെ കാലിൽ നിന്നും അമ്പു വലിച്ചൂരിയെറിഞ്ഞ് ജരനെന്ന വേടനു മോക്ഷം കൊടുത്ത സ്ഥലം. പറഞ്ഞു കേട്ടപ്പോൾത്തന്നെ അവിടെയെത്താൻ മനസ്സു തിടുക്കംകൂട്ടിത്തുടങ്ങി..
പോർബന്തർ എന്ന ശബ്ദം തന്നെ മനസ്സിൽ ചിത്രങ്ങൾ വരയ്ക്കാൻ തക്കവണ്ണം നമുക്കു പരിചിതമെങ്കിലും അവിടെ പോകാനാകുകയെന്ന ഭാഗ്യം ഉണ്ടാകുമെന്ന് മനസ്സിൽ വിചാരിച്ചിരുന്നതല്ല. വല്ലാത്ത സന്തോഷംതോന്നി, മഹാത്മാവിന്റെ നാടും വീടും കാണാനാകുമെന്നറിഞ്ഞപ്പോൾ. മനസ്സ് കാലചക്രത്തെ പിന്നോട്ടുരുട്ടുവാൻ തുടങ്ങി.. വായിച്ചു കിട്ടിയ അറിവുകളെക്കൊണ്ടു മനസ്സിൽ ചിത്രങ്ങൾ നിർമ്മിയ്ക്കാനും തുടങ്ങി.
രാഷ്ട്രപിതാവിന്റെ ജനനസ്ഥലവും സ്മാരകവുമായ കീർത്തി മന്ദിർ സന്ദർശിയ്ക്കുന്നതിനൊപ്പം തന്നെ കസ്തൂർ ബായുടെ വസതിയും കാണാനാകും. കീർത്തി മന്ദിർ മഹാത്മജി ജീവിച്ചിരിയ്ക്കുന്ന കാലത്തു തന്നെ അദ്ദേഹത്തിന്റെ സ്മരണാർത്ഥം നിർമ്മിയ്ക്കപ്പെട്ടതാണ്. ഗാന്ധിജി ജനിച്ചു വളർന്ന വീടിനോട് ചേർന്നു തന്നെ ഈ സ്മാരകം ഉണ്ടാക്കപ്പെട്ടിരിയ്ക്കുന്നു. താൻ ഒരു മനുഷ്യനായി മാത്രം അറിയപ്പെടണമെന്നും പൂക്കളും വിളക്കുമെല്ലാം വെച്ച് ദൈവ പരിവേഷം നൽകരുതെന്നും ബാപ്പുജി തന്നെ നിർദ്ദേശിച്ചിരുന്നു.
അതിനു ശേഷം പുരാണത്തിലെ ഭക്ത കുചേലഗൃഹമായ സുദാമാപുരി. ചരിത്രപുരുഷന്റെ ജന്മസ്ഥലത്തു നിന്നും പുരാണപുരുഷസന്നിധാനത്തിലേയ്ക്ക്. അവിടെ നിന്നും ദ്വാരകയിലേയ്ക്ക്. ഇതാണു ഇന്നത്തെ ഞങ്ങളുടെ പ്ലാൻ എന്ന് ഗൈഡിന്റെ വിവരണത്തിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞു..
ജയ് സോംനാഥ് ജീ കീ
ജയ് ശ്രീ കൃഷ്ണ്‍ ജീ കീ
ജയ് ദ്വാരകാധീശ് കീ…..
ഗൈഡിനൊത്ത് ഉറക്കെ പറഞ്ഞുകൊണ്ടാണ് ഇന്നു യാത്ര തുടങ്ങിയത്.സോമനാഥിനോട് വിടപറയുമ്പോൾ മനസ്സിൽ ഒരിത്തിരി ദുഃഖം ബാക്കി വയ്ക്കാതിരിയ്ക്കാനായില്ലാ.ഇനിയുമൊരു പ്രാവശ്യാം കൂടി ഇവിടെ വരാനും ദർശനം നടത്താനും ഭാഗ്യമുണ്ടാകുമോ?.വഴിയോരക്കാഴ്ചകളും കണ്ട് ഞങ്ങൾ പ്രഭാസത്തിൽ തന്നെ വെരാവലിനടുത്തുള്ള ഭല്‍കാ തീർത്ഥ് എന്ന സ്ഥലത്തേയ്ക്കായി ബസ്സില്‍ പുറപ്പെട്ടു.സോമനാഥക്ഷേത്രത്തിൽ നിന്നും നാലു കിലോമീറ്റർ ദൂരമേ ഇവിടേയ്ക്കെത്താൻ വേണ്ടൂ. ഇവിടെ വച്ചാണ് ശ്രീകൃഷ്ണഭഗവാന്റെ കാലിൽ വേടന്റെ അമ്പ് കൊണ്ടത് എന്നു കരുതപ്പെടുന്നു. ആ അമ്പ് വലിച്ചൂരിയെറിഞ്ഞപ്പോൾ അത് ചെന്നു വീണു ഉണ്ടായ കുളമാണ് ഭല്‍ക തീർത്ഥ്.
Post Your Comments