KeralaLatest NewsNews

കുത്തിവയ്പ്പിലൂടേയും രക്തം സ്വീകരിച്ചും എച്ച് ഐ വി ബാധിതരായത് നാലുവര്‍ഷത്തിനിടെ ആറു കുട്ടികള്‍ : ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

 

കൊച്ചി : സുരക്ഷിതമല്ലാത്ത കുത്തിവയ്പിലൂടെയും രക്തം സ്വീകരിച്ചതിലൂടെയും കേരളത്തില്‍ എച്ച് ഐ വി ബാധകളുണ്ടാകുന്നുവെന്നതിന് സ്ഥിരീകരണം. ഇത്തരത്തില്‍ നാലു വര്‍ഷത്തിനിടെ സംസ്ഥാനത്ത് എച്ച്ഐവി ബാധിച്ചത് ആറു കുട്ടികള്‍ക്കാണ്. മൂന്നു കുട്ടികള്‍ക്കു രക്തം സ്വീകരിച്ചതിലൂടെയും മൂന്നു പേര്‍ക്കു കുത്തിവയ്പിലൂടെയുമാണ് എച്ച്ഐവി ബാധിച്ചത്. ഇതില്‍ മൂന്നു കുട്ടികളുടെ വിവരങ്ങള്‍ മാത്രമാണു സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ പക്കലുള്ളത്.

തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററില്‍ നിന്നു രക്തം സ്വീകരിച്ച രണ്ടു കുട്ടികള്‍ക്കാണ് ഏറ്റവും ഒടുവില്‍ എച്ച്ഐവി ബാധ സ്ഥിരീകരിച്ചത്. ആലപ്പുഴ സ്വദേശിനിയായ പെണ്‍കുട്ടിയെ കൂടുതല്‍ പരിശോധനകള്‍ക്കായി ഈയാഴ്ച ചെന്നൈയിലേക്കു സര്‍ക്കാര്‍ ചെലവില്‍ കൊണ്ടുപോകും. ഇടുക്കിയില്‍ നിന്നുള്ള കുട്ടി പത്തു തവണ ആര്‍സിസിയില്‍ നിന്നു രക്തം സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കീഴിലുള്ള ഇന്റഗ്രേറ്റഡ് കൗണ്‍സലിങ് ആന്‍ഡ് ടെസ്റ്റിങ് സെന്ററില്‍ (ഐസിടിസി) ഈ കുട്ടിയുടെ മാതാപിതാക്കളെ പരിശോധിച്ചപ്പോള്‍ എച്ച്ഐവി നെഗറ്റീവ് ആയിരുന്നു.

ഇതോടെയാണു രക്തം സ്വീകരിച്ചതിലൂടെയാണ് എയ്ഡ്‌സ് ബാധിച്ചതെന്നു സ്ഥിരീകരിച്ചത്. തുടര്‍ചികില്‍സയ്ക്കു വേണ്ടിയുള്ള ഐആര്‍ടി സെന്ററില്‍ ഇവര്‍ പേരു രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. ചികില്‍സാച്ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി ആവശ്യപ്പെടും. 2013ല്‍ വയനാട്ടിലെ മാനന്തവാടിയിലാണ് ഇത്തരത്തിലുള്ള ആദ്യ സംഭവം റിപ്പോര്‍ട്ട് ചെയ്തത്. തലസീമിയ ബാധിച്ച കുട്ടി രക്തം സ്വീകരിച്ചപ്പോഴായിരുന്നു അസുഖം പകര്‍ന്നത്. പാലക്കാട് 15, 11 വയസ്സുള്ള രണ്ടു കുട്ടികള്‍ക്കും കോഴിക്കോട് എട്ടു വയസ്സുള്ള കുട്ടിക്കും അസുഖം ബാധിച്ചിട്ടുണ്ട്. മൂന്നു പേരുടെയും മാതാപിതാക്കള്‍ക്ക് എച്ച്ഐവി ഇല്ലെന്നു സ്ഥിരീകരിച്ചിട്ടുണ്ട്.

വിവിധ അസുഖങ്ങളുള്ള ഈ കുട്ടികള്‍ രക്തം സ്വീകരിച്ചിട്ടില്ല. സുരക്ഷിതമല്ലാത്ത കുത്തിവയ്പിലൂടെയാകാം ഇവര്‍ക്ക് എച്ച്ഐവി ബാധിച്ചതെന്നാണ് വിലയിരുത്തല്‍. കേരളത്തില്‍ അപൂര്‍വം കേസുകള്‍ മാത്രമാണ് ഇത്തരത്തിലുള്ളത്. ന്യൂക്ലിക് ആസിഡ് ടെസ്റ്റ് (എന്‍എടി) നടത്തിയ രക്തം സ്വീകരിക്കുന്നതുപോലും പൂര്‍ണ സുരക്ഷിതമല്ലെന്നാണു ജപ്പാനില്‍ നിന്നുള്ള അനുഭവം. സുരക്ഷിതരായ രക്തദാതാക്കളെ കണ്ടെത്തുകയാണു പോംവഴിയെന്നാണ് ഈ സംഭവങ്ങളോട് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ അഭിപ്രായം.

shortlink

Related Articles

Post Your Comments

Related Articles


Back to top button