ചെന്നൈ: പണം നല്കി കുട്ടികളെ വാങ്ങി മറിച്ച് വില്‍ക്കുന്ന നാലംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ഗൂഡല്ലൂരില്‍ മൂന്നുമാസം പ്രായമുള്ള കുട്ടിയെ അഞ്ച് ലക്ഷം രൂപ നല്കി വാങ്ങിക്കുന്നതിനിടയിലാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
ഞാറാഴ്ച രാത്രി ഭുവനേശ്വരി എന്ന സ്ത്രീയില്‍ നിന്നും കുട്ടിയെ വാങ്ങാനുള്ള ഒരുക്കത്തിലായിരുന്നു ഇവര്‍. രണ്ട് മക്കളുടെ അമ്മയായ ഇവര്‍ ഇളയ കുട്ടിയെ അഞ്ച് ലക്ഷം രൂപയ്ക്ക് സംഘത്തിന് നല്‍കാം എന്ന ധാരണയില്‍ എത്തിയിരുന്നു. ഇതുപ്രകാരം പണം നല്കി കുട്ടിയെ കൊണ്ടുപോകാനാണ് ഇവര്‍ ഗൂഡല്ലൂരില്‍ എത്തിയത്.
ഭുവനേശ്വരിയും സംഘവും തമ്മിലുള്ള ഇടപാടുകളില്‍ സംശയം തോന്നിയ അയല്‍ക്കാരാണ് ഇതിനെക്കുറിച്ച് പൊലീസില്‍ വിവരമറിയിച്ചത്. പൊലീസ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിച്ചു. സംഘം ഭുവനേശ്വരിക്ക് പണം നല്‍കുമ്പോഴാണ് പൊലീസും ചൈല്ഡ്ലൈന് പ്രവര്‍ത്തകരും ഇവരുടെ വീട്ടില്‍ എത്തി സംഘത്തിനെ പിടികൂടുന്നത്.
പൊലീസ് നാലുപേര്‍ക്കെതിരെയും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും സംഭവസ്ഥലത്തുതന്നെ ഇവരെ അറസ്റ്റു ചെയ്യുകയും ചെയ്തു. അറസ്റ്റിലായവരില്‍ ഒരു നഴ്സും മലയാളി യുവതിയും ഉൾപ്പെടും. ഇങ്ങനെ വാങ്ങുന്ന കുട്ടികളെ വൻ തുകയ്ക്ക് കുട്ടികളില്ലാത്ത ദമ്പതികൾക്ക് വിൽക്കാനായിരുന്നു ഇവരുടെ ഉദ്ദേശം.
Post Your Comments