ന്യൂഡല്‍ഹി: ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ പോലീസുകാര്‍ വിദ്യാര്‍ഥിനിയെ മര്‍ദ്ദിച്ച സംഭവവത്തില്‍ രൂക്ഷമായ പ്രതികരണവുമയി കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബേഠി ബച്ചാവോ, ബേഠി പഠാവോയുടെ ബിജെപി പതിപ്പാണ് കുട്ടികള്‍ക്ക് നേരെ ഉണ്ടായതെന്ന് രാഹുല്‍ ഗാന്ധി കളിയാക്കി.
വിദ്യാര്‍ഥികളും പോലീസും തമ്മില്‍ കഴിഞ്ഞ ദിവസമാണ് ഉത്തര്‍പ്രദേശിലെ ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ ഏറ്റുമുട്ടിയത്. കോളെജിനുള്ളില്‍ വെച്ചു ഒന്നാംവര്‍ഷ വിദ്യാര്‍ഥിനിയെ അപമാനിച്ച വിഷയത്തില്‍ സര്‍വകലാശാല നടപടിയൊന്നും എടുത്തില്ലെന്നാരോപിച്ച് ശനിയാഴ്ച രാത്രി വിദ്യാര്‍ഥികള്‍ നടത്തിയ സമരത്തിനിടെയാണ് പോലീസ് ലാത്തിവീശിയത്. കൂടാതെ, പുരുഷ പോലീസുകാര്‍ ചേര്‍ന്നു ഒരു വിദ്യാര്‍ഥിനിയെ മര്‍ദിക്കുന്ന വീഡിയോ പുറത്തുവരുകയും ചെയ്തതോടെ സംഭവം വിവാദമായി.
പ്രകോപനമില്ലാതെ പോലീസ് ലാത്തിവീശിയെന്നും പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ കയറാന്‍ ശ്രമിച്ചെന്നും വിദ്യാര്‍ഥിനികള്‍ ആരോപിച്ചു. എന്നാല്‍ തങ്ങളെ ആക്രമിച്ചപ്പോഴാണ് ലാത്തിവീശിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണത്തിന് ഉത്തരവിട്ടു. പ്രതിപക്ഷപാര്‍ട്ടികളായ കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും സംഭവത്തില്‍ പ്രതിഷേധിച്ചു. ‘ബേഠി ബച്ചാവോ, ബേഠി പഠാവോ’ എന്നതിന്റെ ബി.ജെ.പി. വ്യാഖ്യാനമാണിതെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചു.
Post Your Comments