ചണ്ഡിഗഡ്: പീഡനക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗിനു പഞ്ച്കുള കലാപത്തിലുള്ള പങ്ക് അന്വേഷിക്കാന്‍ പോലീസ് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ഗുര്‍മീത് റാം റഹീം സിംഗിനെ ചോദ്യം ചെയ്യും. ഡിജിപി ബി.എസ്. സന്ധുവാണ് ഇക്കാര്യം അറിയിച്ചത്. ദേരാ സച്ചാ സൗധ നേതാവായ ഗുര്‍മീത് റാം റഹീം സിംഗിനെ പീഡനക്കേസില്‍ കോടതി ശിക്ഷച്ചപ്പോളാണ് പഞ്ച്കുളയിലും മറ്റ് സ്ഥലങ്ങളിലും കലാപം ഉണ്ടായത്. ഇതില്‍ ഗുര്‍മീതിന്റെ പങ്ക് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ 38 പേരാണ് മരിച്ചത്.
ഇതിനു പുറമെ ഒളിവില്‍ കഴിയുന്ന ദേര നടത്തിപ്പുകാര്‍ക്കെതിരേ പിടികൂടാനുള്ള നീക്കം പോലീസ് ശക്തമാക്കി. ഇതിന്റെ ഭാഗമായി അന്താരാഷ്ട്ര തലത്തില്‍ ഇവര്‍ക്ക് എതിരെ ജാഗ്രതാ നിര്‍ദേശം നല്‍കി. ഹണിപ്രീത് സിംഗ്, ദേര നടത്തിപ്പു ചുമതലയിലുള്ള ആദിത്യ ഇന്‍സാന്‍, പവന്‍ ഇന്‍സാന്‍ എന്നിവര്‍ക്കെതിരേയാണ് ഇന്റര്‍നാഷണല്‍ അലര്‍ട്ട് പുറപ്പെടുവിച്ചതെന്നു പോലീസ് വ്യക്തമാക്കി.
ഗുര്‍മീതിനു കോടതി 20 വര്‍ഷം തടവുശിക്ഷയാണ് വിധിച്ചത്. കഴിഞ്ഞ മാസം 25നായിരുന്നു വിവാദ ആള്‍ദൈവത്തിനു കോടതി ശിക്ഷ വിധിച്ചത്. രണ്ടു സ്ത്രീകളെ ബലാത്സംഗം ചെയ്ത കേസിലാണ് ഗുര്‍മീതിനു എതിരെ വിധി വന്നത്.
Post Your Comments