ബെയ്ജിംഗ്: ഉത്തരകൊറിയയിൽ കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനം സ്വാഭാവിക ഭൂകമ്പം മാത്രമാണെന്നു റിപ്പോർട്ടുകൾ. ഭൂചലനം സ്വാഭാവികം മാത്രമാണെന്നും മനുഷ്യനിർമിത സ്ഫോടനങ്ങളുടെ ചെറുതരംഗങ്ങൾ രേഖപ്പെടുത്തില്ലെന്നും ദക്ഷിണ കൊറിയ പ്രതികരിച്ചു.
ഉത്തരകൊറിയ അണുപരീക്ഷണം നടത്തുന്ന സ്ഥലത്തിനു സമീപം 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായിയിരുന്നു. വടക്കൻ ഹാംയോംഗ് പ്രവിശ്യയിലെ കിൽജു കൗണ്ടിയിലാണ് ഭൂകമ്പം ഉണ്ടായത്. ഉത്തരകൊറിയയുടെ പംഗ്ഗിയേരി ആണവപരീക്ഷണ കേന്ദ്രം ഇവിടെയാണ്. മൂന്നിന് ഹൈഡ്രജൻ ബോംബ് പരീക്ഷിച്ചതും ഇവിടെയാണ്.
ഭൂകമ്പം സ്വാഭാവികമാണെന്നാണ് ചൈനയുടെയും അന്താരാഷ്ട്ര വിദഗ്ധരുടെയും വിശകലനങ്ങൾ സൂചിപ്പിക്കുന്നത്. ഭൂകമ്പം മറ്റൊരു അണുപരീക്ഷണത്തിന്റെ ഫലമാണോയെന്ന് വ്യക്തമല്ലെന്ന് യുഎസ് അധികൃതരും പറയുന്നു. അടുത്തിടെവരെ നിരവധി ആണവ പരീക്ഷണങ്ങൾ നടത്തിയ ഉത്തരകൊറിയ ഇതു സംബന്ധിച്ച് ഇതേവരെ പ്രതികരിച്ചിട്ടില്ല.
ആറു തവണ ഉത്തരകൊറിയ അണുപരീക്ഷണം നടത്തിയിട്ടുണ്ട്. എല്ലാ തവണയും ഉണ്ടായ ഭൂകമ്പങ്ങൾ 4.3 നു മുകളിലാണ് തീവ്രത രേഖപ്പെടുത്തിയത്. ഈ മാസം മൂന്നിലെ ഹൈഡ്രജൻ ബോംബ് പരീക്ഷണം 6.3 തീവ്രതയുള്ളതായിരുന്നു. ടംപുമായുള്ള വാക്പോരിൽ ഉത്തരകൊറിയ അവസാനം പറഞ്ഞത് പസഫിക് സമുദ്രത്തിൽ അണുപരീക്ഷണം നടത്തുമെന്നാണ്. മിസൈലിൽ ഘടിപ്പിച്ച ആണവ പോർമുനയായിരിക്കും പരീക്ഷിക്കുകയെന്ന് ആശങ്ക ഉയർന്നിട്ടുണ്ട്.
Post Your Comments